ബാബര്‍ അസമിനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ; ഇമാം ഉള്‍ ഹഖിനെ റണ്‍ഔട്ടാക്കി അക്ഷര്‍ പട്ടേല്‍; ഇന്ത്യക്ക് മുന്നില്‍ പാകിസ്ഥാന്‍ പതറുന്നു; മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ ഗതിനിര്‍ണയിക്കും; ചാമ്പ്യന്‍സ് ട്രോഫിയിലെ 'അയല്‍പ്പോര്' ആവേശത്തില്‍
ചാമ്പ്യന്‍സ് ട്രോഫിയിലെ 'അയല്‍പ്പോര്' ആവേശത്തില്‍
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ പതറുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ പതിനാല് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എന്ന നിലയിലാണ്. 26 പന്തില്‍ 23 റണ്‍സെടുത്ത ഓപ്പണര്‍ ബാബര്‍ അസമാണു പുറത്തായത്. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ ഒന്‍പതാം ഓവറില്‍ എഡ്ജായ ബാബറിനെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെ ഇമാം ഉള്‍ ഹഖിന്റെ (26 പന്തില്‍ 10) വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. അക്ഷര്‍ പട്ടേല്‍ ഇമാം ഉള്‍ ഹഖിനെ റണ്ണൗട്ടാക്കുകയായിരുന്നു. സൗദ് ഷക്കീലും നായകന്‍ മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍.
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. വേഗം കുറഞ്ഞ വിക്കറ്റില്‍ സ്പിന്‍ ബൗളര്‍മാര്‍ ഇന്ത്യ-പാക് കളിയുടെ ഗതി നിശ്ചയിക്കും എന്നാണ് കരുതപ്പെടുന്നത്. മധ്യ ഓവറുകളിലെ ബാറ്റിംഗും ബൗളിംഗും നിര്‍ണായകമാവും. പാകിസ്ഥാനെതിരെ അവസാനം കളിച്ച പതിനൊന്ന് ഏകദിനത്തില്‍ ഒന്‍പതിലും ജയം ടീം ഇന്ത്യക്കായിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ നേര്‍ക്കുനേര്‍ കണക്കില്‍ നേരിയ മുന്‍തൂക്കം പാകിസ്ഥാനുണ്ട്. അഞ്ച് കളിയില്‍ 2017ലെ ഫൈനല്‍ ഉള്‍പ്പടെ പാകിസ്ഥാന്‍ മൂന്ന് വട്ടം ജയിച്ചു.
ടോസ് നേടിയ പാക്ക് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏകദിനത്തില്‍ ഇന്ത്യയ്ക്കു തുടര്‍ച്ചയായ 12ാം മത്സരത്തിലാണ് ടോസ് നഷ്ടമാകുന്നത്. 2023 ലോകകപ്പ് ഫൈനല്‍ മുതല്‍ ഇന്ത്യയ്ക്ക് ടോസ് ലഭിച്ചിട്ടില്ല. ബംഗ്ലദേശിനെ നേരിട്ട അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. അതേസമയം പാക്കിസ്ഥാന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. പരുക്കേറ്റ ഫഖര്‍ സമാനു പകരം, ഇമാം ഉള്‍ ഹഖ് പ്ലേയിങ് ഇലവനിലെത്തി.
ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എയില്‍ ആദ്യ മത്സരം ജയിച്ച ഇന്ത്യ രണ്ടാം സ്ഥാനത്താണെങ്കില്‍ ഉദ്ഘാടന മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോല്‍വി വഴങ്ങിയ പാക്കിസ്ഥാന്‍ അവസാന സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമിഫൈനല്‍ ബെര്‍ത്ത് ഏറക്കുറെ ഉറപ്പാക്കാം. മറുവശത്ത് ഇന്ന് തോറ്റാല്‍ പാക്കിസ്ഥാന് ടൂര്‍ണമെന്റിനു പുറത്തേക്കുള്ള വഴി തെളിയും.
ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.
പാകിസ്താന്‍: ഇമാമുല്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), സല്‍മാന്‍ ആഗ, തയ്യിബ് താഹിര്‍, ഖുഷ്ദില്‍ഷാ, ഷഹീന്‍ അഫ്രീദി, നസീംഷാ, ഹാരിസ് റൗഫ്, അബ്‌റാര്‍ അഹ്‌മദ്.