മുന്‍നിര തകര്‍ത്ത് പാണ്ഡ്യ; മധ്യനിരയെ കറക്കിവീഴ്ത്തി കുല്‍ദീപും സംഘവും; ചാമ്പ്യന്‍സ് ട്രോഫി 'അയല്‍പ്പോരില്‍' പാകിസ്ഥാന്‍ 241 റണ്‍സിന് പുറത്ത്; സൗദ് ഷക്കീലിന് അര്‍ധ സെഞ്ചുറി; ഇന്ത്യക്ക് 242 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യക്ക് 242 റണ്‍സ് വിജയലക്ഷ്യം

Update: 2025-02-23 13:07 GMT

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ 'അയല്‍പ്പോരില്‍' പാകിസ്ഥാനെതിരേ ഇന്ത്യയ്ക്ക് 242 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, ഖുഷ്ദില്‍ ഷാ എന്നിവരുടെ ഇന്നിങ്സുകളാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ 39 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ഖുല്‍ദില്‍ ഷായാണ് പാക് സ്‌കോര്‍ 241-ല്‍ എത്തിച്ചത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടും വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ശ്രദ്ധയോടെ ഇന്നിങ്സ് ആരംഭിച്ച പാകിസ്ഥാന് പക്ഷേ ആദ്യ 10 ഓവറിനിടെ തന്നെ ഓപ്പണര്‍മാരായ ബാബര്‍ അസം (26 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 23 റണ്‍സ്), ഇമാം ഉള്‍ ഹഖ് (26 പന്തില്‍ 10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 26 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 23 റണ്‍സെടുത്ത ബാബറിനെ വിക്കറ്റിന് പിന്നില്‍ രാഹുലിന്റെ കൈകളിലെത്തിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ പാകിസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ഇമാമിനെ അക്‌സര്‍ റണ്ണൗട്ടാക്കി. ഇതോടെ പാകിസ്ഥാന്‍ 47-2 എന്ന സ്‌കോറില്‍ പതറി.

ബംഗ്ലാദേശിനെതിരെയെന്ന പോലെ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ മൂന്നാം വിക്കറ്റില്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് പതുക്കെ പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 33 ഓവറില്‍151-2 എന്ന മികച്ച നിലയിലായിരുന്നു പാകിസ്ഥാന്‍. ഇതിനിടെ ഹാര്‍ദ്ദിക്കിന്റെ പന്തില്‍ റിസ്വാനും അക്‌സറിന്റെ പന്തില്‍ സൗദ് ഷക്കീലും നല്‍കിയ ക്യാച്ചുകള്‍ ഇന്ത്യ നഷ്ടമാക്കുകയും ചെയ്തതോടെ പാകിസ്ഥാന്‍ മികച്ച സ്‌കോര്‍ സ്വപ്നം കണ്ടു.

സൗദ് ഷക്കീല്‍ - മുഹമ്മദ് റിസ്വാന്‍ സഖ്യം 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് പാക് ഇന്നിങ്സ് 150 കടന്നത്. ഇതിനിടെ 34-ാം ഓവറില്‍ റിസ്വാന്റെ കുറ്റി പിഴുത് അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 77 പന്തില്‍ നിന്ന് മൂന്ന് ഫോറടക്കം 46 റണ്‍സായിരുന്നു റിസ്വാന്റെ സമ്പാദ്യം. പിന്നാലെ നിലയുറപ്പിച്ച സൗദ് ഷക്കീലിനെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ അവര്‍ പ്രതിസന്ധിയിലായി. 76 പന്തില്‍ നിന്ന് അഞ്ചു ഫോറടക്കം 62 റണ്‍സെടുത്തുനില്‍ക്കെയാണ് ഹാര്‍ദിക്, ഷക്കീലിനെ മടക്കിയത്. പിന്നാലെ തയ്യാബ് താഹിറിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ 151-2ല്‍ നിന്ന് പാകിസ്ഥാന്‍ 165-5ലേക്ക് തകര്‍ന്നടിഞ്ഞു. വെറും നാല് റണ്‍സ് മാത്രമാണ് താഹിറിന് നേടാനായത്.

ആറാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന സല്‍മാന്‍ ആഗയും കുഷ്ദീല്‍ ഷായും ചേര്‍ന്ന് പാകിസ്ഥാനെ 200 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും കുല്‍ദീപ് യാദവിന്റെ ഇരട്ടപ്രഹരം അവര്‍ക്ക് വീണ്ടും പ്രഹരമായി. 43-ാം ഓവറിലെ തുടര്‍ച്ചയായ പന്തുകളില്‍ സല്‍മാന്‍ ആഗയെയു(19) ഷഹീന്‍ അഫ്രീദിയെയും(0) മടക്കിയ കുല്‍ദീപ് പാകിസ്ഥാനെ വീണ്ടും പ്രതിസന്ധിയിലാക്കി. 47-ാം ഓവറില്‍ നസീം ഷായെ(14) വിരാട് കോലിയുടെ കൈകളിലെത്തിച്ച കുല്‍ദീപ് പാകിസ്ഥാന് കടുത്ത പ്രതിസന്ധിയിലാക്കിയെങ്കിലും കുഷ്ദില്‍ ഷായുടെ(39 പന്തില്‍ 38) പോരാട്ടം അവരെ 241 റണ്‍സിലെത്തിച്ചു.

നേരത്തേ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ബംഗ്ലാദേശിനെതിരെയുള്ള അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. പാക് ടീമില്‍ ഒരു മാറ്റമുണ്ട്. പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാമുള്‍ ഹഖ് ഓപ്പണറായി.

2023 ലോകകപ്പ് ഫൈനലുതൊട്ട് ടോസ് ഭാഗ്യം ഇന്ത്യയെ കനിഞ്ഞിട്ടില്ല. തുടര്‍ച്ചയായ 12-ാം മത്സരത്തിലാണ് ടോസ് ഇന്ത്യക്ക് എതിരാവുന്നത്. തുടര്‍ച്ചയായ 11 മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട നെതര്‍ലന്‍ഡ്സിനെ മറികടന്ന് ആവര്‍ത്തിച്ച് ഏറ്റവും കൂടുതല്‍ ടോസ് നഷ്ടപ്പെടുന്ന ടീമായി ഇന്ത്യ മാറി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെത്തുന്നതെങ്കില്‍, ന്യൂസീലന്‍ഡിനോട് തോറ്റാണ് പാകിസ്താന്റെ വരവ്. ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ആതിഥേയര്‍ക്ക് ഇന്ന് ഇന്ത്യക്കെതിരേ ജയം അനിവാര്യമാണ്.

Tags:    

Similar News