ചാമ്പ്യന്‍സ് ട്രോഫി; ഗ്രൂപ്പ് എ ചാമ്പ്യന്‍മാരാകാന്‍ ഇന്ത്യയും ന്യൂസിലന്‍ഡും; ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത; വിരാട് കോഹ് ലിയുടെ 300 ഏകദിന മത്സരം എന്ന പ്രത്യേകതയും മത്സരത്തിന് മാറ്റ് കൂട്ടും

Update: 2025-03-02 08:00 GMT

ദുബായ്: സെമി ഫൈനല്‍ ഉറപ്പിച്ച രണ്ട് ടീമുകള്‍. ലക്ഷ്യം ഗ്രൂപ്പിലെ ഒന്നാം സ്ഥാനം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2.30നാണ് മത്സരം. ഇതുവരെ ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് ഇരു ടീമുകളും കളിക്കാന്‍ ഇറങ്ങുന്നത്. സൂപ്പര്‍ താരം വിരാട് കോഹ് ലിയുടെ 300 ഏകദിന മത്സരമാണിത് എന്ന പ്രത്യേകതയും ഉണ്ട്. ആറ് ഇന്ത്യന്‍ താരങ്ങളാണ് ഇതിന് മുന്‍പ് ഇത്രയും മത്സരങ്ങളില്‍ കളിച്ചിട്ടുള്ളത്.

എന്നാല്‍ ഇന്ത്യന്‍ ടീം ഇന്ന് മാറ്റങ്ങളോടെ ഇറങ്ങാനാണ് സാധ്യത്. ഷമിക്ക് വിശ്രമം നല്‍കി അര്‍ഷദീപ് സിങ് ടീമില്‍ എത്താന്‍ സാധ്യതയുണ്ട്. കുല്‍ദീപിന് പകരം വരുണിനും സാധ്യതയുണ്ട്. ഡാരില്‍ മിച്ചല്‍ പരിക്കില്‍ നിന്ന് മുക്തനായതോടെ ന്യൂസിലന്‍ഡ് നിരയിലും മാറ്റം ഉറപ്പ്. ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ടോം ലാഥം എന്നിവരുള്‍പ്പെട്ട കിവീസ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയാവും ഇന്ത്യന്‍ സ്പിന്നര്‍മാരുടെ വെല്ലുവിളി. ന്യൂസിലാന്‍ഡിനെതിരെ അവസാനം കളിച്ച അഞ്ച് ഏകദിനങ്ങളിലും ഇന്ത്യയ്ക്കായിരുന്നു വിജയം.

ഇന്ന് ഇന്ത്യ ജയിച്ചാല്‍ ഗ്രൂപ്പ് എ ചാമ്പ്യന്മാരാവും. അങ്ങനെ വന്നാല്‍ സെമി ഫൈനലില്‍ ഓസ്ട്രേലിയ ആയിരിക്കും ഇന്ത്യയുടെ എതിരാളി. ഇനി ന്യൂസിലന്‍ഡാണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യക്ക് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടേണ്ടി വരും. ഗ്രൂപ്പ് ചാമ്പ്യന്മാരാണ് ദക്ഷിണാഫ്രിക്ക.

Tags:    

Similar News