കേരള ക്രിക്കറ്റിന് അഭിമാനം! ദുലീപ് ട്രോഫി സെമിഫൈനലില്‍ ദക്ഷിണമേഖലയെ മലയാളി താരം നയിക്കും; തിലക് വര്‍മക്ക് പകരം മലയാളി താരം മുഹമ്മദ് അസ്ഹറുദീന്‍ ക്യാപ്റ്റനാകും; കേരളത്തില്‍ നിന്ന് ടീമീലേക്ക് അഞ്ചുപേര്‍

ദുലീപ് ട്രോഫി സെമിഫൈനലില്‍ ദക്ഷിണമേഖലയെ മലയാളി താരം നയിക്കും

Update: 2025-08-31 16:57 GMT

തിരുവനന്തപുരം:നോര്‍ത്ത് സോണിനെതിരായ ദുലീപ് ട്രോഫി സെമി ഫൈനലില്‍ ദക്ഷിണ മേഖലാ ടീമിനെ മലയാളി താരം മുഹമ്മദ് അസറുദ്ദീന്‍ നയിക്കും.ക്യാപ്റ്റനായി ആദ്യം തെരഞ്ഞെടുത്ത ഇന്ത്യന്‍ താരം തിലക് വര്‍മ ഏഷ്യാ കപ്പ് ടീമിലുള്ളതിനാല്‍ ദുലീപ് ട്രോഫിയില്‍ നിന്ന് പിന്‍മാറിയതോടെയാണ് കേരള ക്രിക്കറ്റ് ലീഗീല്‍ ആലപ്പി റിപ്പിള്‍സ് നായകനായ മുഹമ്മദ് അസറുദ്ദീനെ ദക്ഷിണമേഖല നായകനായി തെരഞ്ഞെടുത്തത്.വൈസ്‌ക്യാപ്റ്റനായിരുന്ന അസറുദ്ദീന്‍ ക്യാപ്റ്റനാകുന്നതോടെ തമിഴ്നാട് താരം എന്‍ ജഗദീശന്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തും.

സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെ യുഎഇയില്‍ ഏഷ്യാ കപ്പ് നടക്കുന്നതിനാല്‍ തിലക് ദുലീപ് ട്രോഫിയില്‍ പങ്കെടുക്കില്ല.ഇതോടെയാണ് മുഹമ്മദ് അസ്ഹറുദീന് അവസരം തെളിഞ്ഞത്.വിക്കറ്റ് കീപ്പറായും വെടിക്കെട്ട് ബാറ്ററായും പേരെടുത്ത താരമാണ് അസ്ഹര്‍. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ ക്യാപ്റ്റനാണ്. നേതൃഗുണവും പരിചയസമ്പത്തുമാണ് അസ്ഹറിന്റെ പ്രത്യേകത. രഞ്ജി ട്രോഫിയില്‍ ഫൈനലിലെത്തി കേരളം ചരിത്രം തീര്‍ത്ത കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ ടോപ് സ്‌കോററായിരുന്നു അസ്ഹര്‍, കെസിഎലിലും കഴിഞ്ഞ സീസണില്‍ ആലപ്പിയുടെ ടോപ് സ്‌കോററായിരുന്നു. കാസര്‍കോട് തളങ്കര സ്വദേശിയായ അസ്ഹര്‍, ബി.കെ. മൊയ്തുവിന്റെയും നഫീസയുടെയും എട്ടുമക്കളില്‍ ഇളയവനാണ്.

അസ്ഹറിന് പുറമേ, സല്‍മാന്‍ നിസാര്‍, എന്‍.പി. ബേസില്‍, എം.ഡി. നിധീഷ് എന്നിവരും ടീമിലുണ്ട്. സ്റ്റാന്‍ഡ് ബൈ താരമായി ഏദന്‍ ആപ്പിള്‍ ടോമിനെയും ഉള്‍പ്പെടുത്തി.ചെന്നൈയില്‍ നടക്കുന്ന ബുച്ചി ബാബു ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റില്‍നിന്ന് പുറത്താകാന്‍ കാരണമായ കൈയിലെ പരിക്കില്‍നിന്ന് മോചിതനായി വരുന്ന ഇടംകൈയന്‍ സ്പിന്നര്‍ ആര്‍. സായ് കിഷോറും ദക്ഷിണമേഖല ടീമിലുണ്ടാകില്ല.പകരമായി പുതുച്ചേരിയുടെ ഇടംകൈയന്‍ സ്പിന്നര്‍ അങ്കിത് ശര്‍മയെയും ആന്ധ്രയുടെ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ ഷെയ്ക് റഷീദിനെയും ടീമിലുള്‍പ്പെടുത്തി.

സെപ്റ്റംബര്‍ നാലിന് ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് (സിഇഒ) ഗ്രൗണ്ടിലാണ് സെമി ഫൈനല്‍ മത്സരം.

ദക്ഷിണമേഖല സ്‌ക്വാഡ്: മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍), തന്മയ് അഗര്‍വാള്‍, ദേവ്ദത്ത് പടിക്കല്‍, മോഹിത് കാലെ, സല്‍മാന്‍ നിസാര്‍, നാരായണ്‍ ജഗദീശന്‍, ത്രിപുരാന വിജയ്, തനയ് ത്യാഗരാജന്‍, വിജയകുമാര്‍ വൈശാഖ്, നിധീഷ് എം.ഡി., റിക്കി ഭുയി, ബേസില്‍ എന്‍.പി., ഗുര്‍ജപ്നീത് സിങ്, സ്‌നേഹല്‍ കൗതങ്കര്‍, അങ്കിത് ശര്‍മ്മ, ഷെയ്ക് റഷീദ്. സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: മോഹിത് റെഡ്കര്‍, ആര്‍. സ്മരന്‍, ഏദന്‍ ആപ്പിള്‍ ടോം, ആന്ദ്രേ സിദ്ധാര്‍ഥ്.

Tags:    

Similar News