ബാറ്റിങ് വെടിക്കെട്ടുമായി ഹെറ്റ്മെയര്‍; 19 പന്തില്‍ മിന്നല്‍ അര്‍ദ്ധസെഞ്ച്വറി; റോവ്മന്‍ പവലിന്റെ പിന്തുണയും; ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോര്‍ ഉയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ്; സിംബാബ്വെക്ക് 255 റണ്‍സ് വിജയലക്ഷ്യം

Update: 2026-02-23 16:50 GMT

മുംബൈ: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ സിംബാബ്വെക്ക് മുന്നില്‍ ഹിമാലയന്‍ വിജയലക്ഷ്യം ഉയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഷിംറോണ്‍ ഹെറ്റ്മെയറുടെയും റോവ്മന്‍ പവലിന്റെയും വെടിക്കെട്ട് ഇന്നിങ്സാണ് വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

34 പന്തില്‍ 85 റണ്‍സെടുത്ത ഹെറ്റ്മെയറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 35 പന്തില്‍ 59 റണ്‍സെടുത്ത പവലും മികച്ച സംഭാവന നല്‍കി. സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാര്‍ഡ് നഗാരവ, ബ്ലെസിങ് മുസറബാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഏഴ് വീതം സിക്സറുകളും ഫോറുകളും അടങ്ങിയ ഇന്നിങ്സായിരുന്നു ഹെറ്റ്മയറുടേത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ സെഞ്ചുറി നേടിയ വെസ്റ്റ് ഇന്‍ഡീസ് താരം എന്ന റെക്കോര്‍ഡ് ഹെറ്റ്മെയര്‍ സ്വന്തം പേരില്‍ കുറിച്ചു. 19 പന്തില്‍ നിന്ന് ഒരു മിന്നല്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ഹെറ്റ്മെയര്‍ 34 പന്തില്‍നിന്ന് 85 റണ്‍സ് നേടി. 35 പന്തില്‍നിന്ന് 59 റണ്‍സടിച്ച് റോവ്മാന്‍ പവലും വെടിക്കെട്ടില്‍ പങ്കാളിയായി. 2026 ട്വന്റി20 ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോര്‍ ആണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്.

ഇന്നത്തെ മത്സരം ഇന്ത്യക്കും വളരെ പ്രധാനപ്പെട്ടതാണ്. സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഈ കളിയിലെ വിജയികളെ ഇന്ത്യ തോല്‍പ്പിക്കേണ്ടതുണ്ട്.

Similar News