നായകനായി അവസാന ഏകദിനത്തിലും ബട്‌ലര്‍ക്ക് നിരാശ; ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് പടയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; 179 റണ്‍സിന് പുറത്ത്; ജയിച്ചാല്‍ പ്രോട്ടീസ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക്

ഇംഗ്ലണ്ട് 179 റണ്‍സിന് പുറത്ത്; സെമി ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക

Update: 2025-03-01 12:23 GMT

കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബി-യിലെ രണ്ടാം സെമി ഫൈനലിസ്റ്റിനെ തീരുമാനിക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 179 റണ്‍സിന് എല്ലാവരും പുറത്തായി. ജോസ് ബട്‌ലര്‍ നായകത്വത്തിനു കീഴിലുള്ള അവസാന മത്സരത്തില്‍ 38.2 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് ബാറ്റുചെയ്യാനായത്. ജോ റൂട്ട് (37) ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍.

പവര്‍പ്ലേയില്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ ജാന്‍സന്‍ തുടക്കത്തില്‍ത്തന്നെ ഇംഗ്ലണ്ടിന്റെ ധൈര്യംകെടുത്തി. ജാന്‍സനും വിയാന്‍ മുള്‍ഡറിനും മൂന്നുവീതം വിക്കറ്റുകളുണ്ട്. കേശവ് മഹാരാജ് രണ്ടുവിക്കറ്റ് നേടി. ജോഫ്ര ആര്‍ച്ചര്‍ (25), ബെന്‍ ഡക്കറ്റ് (24), ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (21), ഹാരി ബ്രൂക്ക് (19), ജെമീ ഓവര്‍ട്ടണ്‍ (11) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍.

ഒരു ഘട്ടത്തില്‍ മൂന്നിന് 37 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഫിലിപ്പ് സാള്‍ട്ട് (8) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ തന്നെ ജാന്‍സന് വിക്കറ്റ് നല്‍കുകയായിരുന്നും താരം. തന്റെ രണ്ടാം ഓവറില്‍ ജാമി സ്മിത്തിനേയും ജാന്‍സന്‍ മടക്കി. ഏഴാം ഓവറിന്റെ ബെന്‍ ഡക്കിന്റെ വിക്കറ്റ് കൂടി സ്വന്തമാക്കി ടോപ് ഓര്‍ഡറിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കി.

പിന്നീട് ജോ റൂട്ട് (37) ഹാരി ബ്രൂക്ക് (19) സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ടീമിന്റെ രക്ഷകരാകുമെന്ന് കരുതിയിരിക്കെയാണ് ബ്രൂക്കിനെ, മഹാരാജ് പുറത്താക്കുന്നത്. സ്‌കോര്‍ 103ല്‍ നിന്ന് റൂട്ട് വിയാന്‍ മള്‍ഡറുടെ പന്തിലും മടങ്ങി. ലിയാം ലിവിംഗ്സ്റ്റണ്‍ (9), ജാമി ഓവര്‍ട്ടോണ്‍ (11) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല.

ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിക്കാം. 207 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചാല്‍ മാത്രമാണ് അഫ്ഗാനിസ്താന് സെമിയില്‍ കടക്കാന്‍ സാധിക്കുമായിരുന്നത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഓസീസ് നാല് പോയിന്റോടെ സെമി ഉറപ്പിച്ചു. ഇംഗ്ലണ്ടിനെതിരേ മാത്രമാണ് ജയം. മഴകാരണം ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താന്‍ ടീമുകളുമായുള്ള മത്സരം പൂര്‍ത്തിയാക്കാനായില്ല. ഓരോ പോയിന്റ് വീതം ടീമുകള്‍ പങ്കിട്ടു.

കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്താനോട് പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായതിനു പിന്നാലെ, ചാമ്പ്യന്‍സ് ട്രോഫിയോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2022-ല്‍ ഇംഗ്ലണ്ട് ടി20 ലോകകപ്പ് നേടുമ്പോള്‍ ബട്ലറായിരുന്നു ക്യാപ്റ്റന്‍.

Tags:    

Similar News