'പുഞ്ചിരികളിൽ നിന്ന് പങ്കിട്ട സ്വപ്നങ്ങളിലേക്ക്'; കല്യാണം നിശ്ചയിച്ചെന്ന് ശിഖർ ധവാൻ മുൻ ഇന്ത്യൻ ക്രിക്കറ്റർ ശിഖർ ധവാൻ; വധു അയർലൻഡുകാരി സോഫി ഷൈൻ

Update: 2026-01-13 08:39 GMT

മുംബൈ: മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ കാമുകി സോഫി ഷൈനുമായി വിവാഹനിശ്ചയം കഴിഞ്ഞു. ഫെബ്രുവരി മൂന്നാം വാരം വിവാഹം നടക്കുമെന്നാണ് സൂചനകൾ. ധവാൻ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വിവരം പുറത്തുവിട്ടത്. ബോളിവുഡ് മേഖലയിലെ പ്രമുഖരുൾപ്പെടെ പങ്കെടുക്കുന്ന ആഡംബര വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചതായാണ് വിവരം.

'പങ്കിട്ട പുഞ്ചിരികളിൽ നിന്ന് പങ്കിട്ട സ്വപ്നങ്ങളിലേക്ക്. എക്കാലവും ഒരുമിച്ചു ജീവിക്കാൻ ഞങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഞങ്ങളുടെ വിവാഹനിശ്ചയത്തിന് നൽകിയ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എല്ലാ ആശംസകൾക്കും നന്ദി' എന്ന കുറിപ്പോടെ, വിവാഹ മോതിരങ്ങളണിഞ്ഞ കൈകളുടെ ചിത്രം പങ്കുവെച്ചാണ് ധവാൻ സന്തോഷവാർത്ത അറിയിച്ചത്.

അയർലൻഡ് സ്വദേശിയായ സോഫി ഷൈൻ, അബുദാബി ആസ്ഥാനമായ നോർത്തേൺ ട്രസ്റ്റ് കോർപറേഷനിൽ സെക്കൻഡ് വൈസ് പ്രസിഡന്റാണ്. ലിമെറിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റിൽ ബിരുദം നേടിയിട്ടുള്ള സോഫി, 'ധാ വൺ സ്പോർട്സ്' എന്ന ശിഖർ ധവാൻ ഫൗണ്ടേഷന്റെ ജീവകാരുണ്യ വിഭാഗം മേധാവിയും കൂടിയാണ്. ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തോളം ഫോളോവേഴ്സ് സോഫി ഷൈനിനുണ്ട്.

ദുബൈയിലെ ഒരു റസ്റ്റോറന്റിൽ വെച്ച് കഴിഞ്ഞ വർഷം ആദ്യമാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ഐസിസി ചാമ്പ്യൻസ് ട്രോഫിയും ഐപിഎൽ മത്സരങ്ങളും കാണാൻ ഒരുമിച്ചെത്തിയിരുന്നു. 2023-ൽ ആദ്യ ഭാര്യ അയേഷ മുഖർജിയിൽ നിന്ന് ശിഖർ ധവാൻ വിവാഹമോചനം നേടിയിരുന്നു. 2012-ലായിരുന്നു ഇരുവരുടെയും വിവാഹം. മകൻ സോറാവർ അയേഷയ്‌ക്കൊപ്പം ഓസ്ട്രേലിയയിലാണ് താമസം. മകനെ കാണാൻ മുൻഭാര്യ അനുവദിക്കുന്നില്ലെന്ന് ധവാൻ പലതവണ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിച്ചിട്ടുണ്ട്. 2024-ലാണ് ധവാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 

Tags:    

Similar News