രോഹിത്തിന്റെ പിന്‍ഗാമിയാകാന്‍ ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചത് ബുമ്രയെയോ പന്തിനെയോ അല്ല; യുവതാരമായ യശസ്വി ജയ്‌സ്വാളിനെ; ബുമ്രയെ അവഗണിച്ചത് പരിക്കിന്റെ പേരില്‍; ഇന്ത്യന്‍ പരിശീലകന്‍ ശ്രമിച്ചത് സീനിയര്‍ താരങ്ങളെ അവഗണിച്ച് ടീം കൈപ്പിടിയിലൊതുക്കാന്‍; വഴങ്ങാതെ ബിസിസിഐ

രോഹിത്തിന്റെ പിന്‍ഗാമിയായി ഗംഭീര്‍ നിര്‍ദേശിച്ചത് ജയ്‌സ്വാളിനെ

Update: 2025-01-13 10:01 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്നും രോഹിത് ശര്‍മ പടിയിറങ്ങാന്‍ ഒരുങ്ങുന്നതിനിടെ പിന്‍ഗാമി ആരെന്ന ചര്‍ച്ച സജീവമാണ്. കഴിഞ്ഞ ദിവസം ബിസിസിഐ മുംബൈയില്‍ വിളിച്ചു ചേര്‍ത്ത നിര്‍ണായക അവലോകന യോഗത്തില്‍ ഏറ്റവും ചൂടേറിയ ചര്‍ച്ചയും രോഹിതിന്റെ പിന്‍ഗാമി ആരാകണമെന്നതായിരുന്നു. ശനിയാഴ്ച നടന്ന യോഗത്തില്‍ ബിസിസിഐ ഭാരവാഹികള്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ രോഹിത് വിട്ടുനിന്ന രണ്ട് ടെസ്റ്റുകളിലും ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുമ്രയുടെ പേരായിരുന്നു ഏറ്റവും സജീവമായി ഉയര്‍ന്നുകേട്ടത്. എന്നാല്‍ സിലക്ടര്‍മാരെയടക്കം അമ്പരപ്പിക്കുന്ന പേരായിരുന്നു മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ നിര്‍ദ്ദേശിച്ചത്. ഒരു ഐപിഎല്‍ ടീമിന്റെ പോലും നായകനായിട്ടില്ലാത്ത യുവതാരമായ യശ്വസി ജയ്‌സ്വാളിന്റേത്.

ബുമ്ര രോഹിത്തിന്റെ സ്വാഭാവിക പകരക്കാരനാവേണ്ടതാണെങ്കിലും തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാവുന്നത് കരിയറില്‍ തിരിച്ചടിയാണ്. ഇത് പരിഗണിച്ച സിലക്ടര്‍മാരുടെ മനസിലുള്ളത് ഋഷഭ് പന്തിന്റെ പേരായിരുന്നു. എന്നാല്‍ രോഹിത്തിന്റെ പിന്‍ഗാമി സ്ഥാനത്തേക്ക് കോച്ച് ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചത് ഋഷഭ് പന്തിനെയോ ശുഭ്മാന്‍ ഗില്ലിനെയോ ഒന്നുമല്ലെന്നും യുവതാരം യശസ്വി ജയ്‌സ്വാളിനെയാണെന്നും ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യോഗത്തില്‍ പങ്കെടുത്ത എല്ലാവരെയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു ഗംഭീറിന്റെ നിര്‍ദേശം.

ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച 2003 ഏകദിന ലോകകപ്പില്‍ ദയനീയ പ്രകടനത്തിന് പിന്നാലെ ഷോണ്‍ പൊള്ളോക്കിന്റെ പിന്‍ഗാമിയായി ടീമിലെ യുവതാരമായിരുന്ന ഗ്രെയിം സ്മിത്തിനെ നായകനായി അവരോധിച്ചത് മനസിലുള്ളതുകൊണ്ടാകാം ഗംഭീറിന്റെ അവശ്വസനീയമായ നീക്കം. എന്നാല്‍ ഗംഭീര്‍ മുന്നോട്ടുവച്ച യശ്വസിക്ക് നായക സ്ഥാനം നല്‍കിയാല്‍ തന്റെ ചൊല്‍പ്പടിക്ക് മാത്രം നില്‍ക്കുന്ന ഒരു ടീമിനെ ഒരുക്കാമെന്ന ബുദ്ധിയായിരുന്നു ഗംഭീറിന്റെ നീക്കത്തിന് പിന്നില്‍. രോഹിത് ശര്‍മയും വിരാട് കോലിയും കഴിഞ്ഞാല്‍ ടീമിലെ സീനിയര്‍ താരങ്ങളായ ജസ്പ്രീത് ബുമ്ര, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നീ താരങ്ങളെ അവഗണിച്ചുകൊണ്ടായിരുന്നു ഗംഭീറിന്റെ നീക്കം.

അതേ സമയം തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമെന്ന് രോഹിത് ശര്‍മ വ്യക്തമാക്കിയതിനാല്‍ ഇനി തീരുമാനമെടുക്കേണ്ടത് സെലക്ടര്‍മാരാണ്. തന്റെ പിന്‍ഗാമിയായി എത്തുന്ന താരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് രോഹിത് ഉറപ്പ് നല്‍കിയിരുന്നുവെന്നും ഇതോടെയാണ് ചാമ്പ്യന്‍സ് ട്രോഫിയിലും രോഹിത്തിനെ നായകനായി ബിസിസിഐ നിലനിര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാകും രോഹിത്തിന്റെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി തരുമാനമെടുക്കുക.

'ഭാവി ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത് വരെ അടുത്ത കുറച്ച് മാസത്തേക്ക് ക്യാപ്റ്റനായി തുടരാം, ആരെ തിരഞ്ഞെടുത്താലും തന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കും' രോഹിത് ബിബിസിഐ ഭാരവാഹികളെ അറിയിച്ചതായി ദൈനിക് ജാഗ്രന്‍ റിപ്പോര്‍ട്ട് ചെയ്തു. ട്വന്റി-20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവാണ് നിലവില്‍ ഇന്ത്യയെ നയിക്കുന്നത്. ഏകദിന-ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ജസ്പ്രിത് ബുംറയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

എന്നാല്‍ ബിസിസിഐ അവലോകന ചര്‍ച്ചയില്‍ ബുംറയുടെ പേര് ഉയര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ ഫിറ്റ്നസ് സംബന്ധിച്ച് ചിലര്‍ സംശയം പ്രകടിപ്പിച്ചതായാണ് വിവരം. നടുവേദന അലട്ടുന്ന ബുംറയ്ക്ക് കൂടുതല്‍ മാച്ചുകള്‍ കളിക്കുന്നത് പലപ്പോഴും വെല്ലുവിളിയാകാറുണ്ടെന്നതാണ് ചൂണ്ടിക്കാണിക്കുന്നത്. ഓസ്ട്രേലിയന്‍ പര്യാടനത്തില്‍ രണ്ട് മത്സരങ്ങളില്‍ ബുമ്ര ടീമിനെ നയിച്ചെങ്കിലും അവസാന മത്സരത്തിലെ രണ്ടാം ഇന്നിങ്സില്‍ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് പന്തെറിയാന്‍ ആയിരുന്നില്ല.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുശേഷം നടത്തിയ വിശകലനയോഗത്തില്‍ ജസ്പ്രീത് ബുമ്രയെ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ടീം നായകനാക്കണമെന്ന നിര്‍ദേശമാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മുന്നോട്ടുവെച്ചത്. പരിക്കും ബുമ്രയുടെ ജോലിഭാരവും കണക്കിലെടുത്ത് ശക്തനായ ഒരു വൈസ് ക്യാപ്റ്റനെ കൂടി ടെസ്റ്റില്‍ നിയമിക്കേണ്ടതുണ്ടെന്നും അതൊരു ബാറ്ററാവുന്നതാണ് നല്ലതെന്നും സെലക്ടര്‍മാര്‍ നിര്‍ദേശിച്ചു.

ഈ സാഹചര്യത്തില്‍ ഋഷഭ് പന്തിന്റെ പേരാണ് സെലക്ടര്‍മാര്‍ മുന്നോട്ടുവെച്ചതെങ്കിലും യശസ്വി ജയ്‌സ്വാളിന്റെ പേരാണ് ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചതെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദനിത്തിലും ടെസ്റ്റിലും അടുത്ത ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതുവരെ ക്യാപ്റ്റനായി തുടരുമെന്ന് രോഹിത്തും യോഗത്തില്‍ വ്യക്തമാക്കി. ഐപിഎല്‍ ഡല്‍ഹി ടീമീനെ നയിച്ചിട്ടുള്ള ഋഷഭ് പന്ത് 2022ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ നായകനായിരുന്നു. ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവരെ തഴഞ്ഞാണ് ഗംഭീര്‍ ഐപിഎല്ലില്‍ പോലും ഇതുവരെ നായകനാവാത്ത 22കാരനായ യശസ്വിയുടെ പേര് മുന്നോട്ടുവെച്ചതെന്നാണ് ശ്രദ്ധേയം.

Tags:    

Similar News