ഇന്ത്യൻ സീനിയർ ടീം ലക്ഷ്യം; ചിക്കനും മട്ടനും പൂർണമായും ഒഴിവാക്കി; തടി കുറച്ച് ഫിറ്റാവാൻ കടുത്ത ഡയറ്റുമായി ഇന്ത്യൻ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശി

Update: 2026-02-21 10:40 GMT

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈഭവ് സൂര്യവംശി തന്റെ കരിയറിലെ വലിയ ലക്ഷ്യങ്ങൾക്കായി ജീവിതശൈലിയിലും ഭക്ഷണകാര്യത്തിലും മാറ്റങ്ങൾ വരുത്തുന്നു. 2028-ലെ ടി20 ലോകകപ്പിൽ ഇന്ത്യൻ സീനിയർ ടീമിൽ ഇടംനേടുക എന്ന ലക്ഷ്യത്തോടെ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങളാണ് ഈ 14-കാരൻ വരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി താരം മാംസാഹാരം പൂർണ്ണമായും ഉപേക്ഷിച്ചു.

നിലവിൽ ഐപിഎല്ലിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിനൊപ്പം പരിശീലനം നടത്തുന്ന 14 വയസ്സുകാരനായ വൈഭവ്, പത്താം ക്ലാസ് ബോർഡ് പരീക്ഷ ഉപേക്ഷിക്കുകയും മാംസാഹാരം പൂർണമായി വർജിക്കുകയും ചെയ്തിരിക്കുകയാണ്. കായികക്ഷമത വർധിപ്പിച്ച് ശരീരഭാരം കുറച്ച് 2028-ലെ ടി20 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കാനാണ് വൈഭവ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ചിക്കനും മട്ടനും അടക്കമുള്ള നോൺ-വെജ് വിഭവങ്ങൾ പൂർണ്ണമായും ഒഴിവാക്കി. പ്രോട്ടീനായി പയർ വർഗ്ഗങ്ങൾ, പനീർ, പച്ചക്കറികൾ എന്നിവയാണ് താരം തന്റെ പുതിയ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ വർഷം പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതേണ്ടിയിരുന്ന വൈഭവ്, രാജസ്ഥാൻ റോയൽസിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുക്കേണ്ടതിനാൽ പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ക്രിക്കറ്റിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ തീരുമാനമെന്ന് വൈഭവിന്റെ പിതാവ് സഞ്ജീവ് സൂര്യവംശി മിഡ് ഡേ പത്രത്തോട് വ്യക്തമാക്കി. അടുത്ത വർഷം പരീക്ഷ എഴുതാനാണ് നിലവിലെ തീരുമാനം.

കഴിഞ്ഞ മാസം സിംബാബ്‌വെയിലും നമീബിയയിലുമായി നടന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ വൈഭവ് നിർണായക പങ്ക് വഹിച്ചിരുന്നു. ഐപിഎൽ അവസാനിക്കുന്നതോടെ വൈഭവിന് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നതിനുള്ള ഐസിസിയുടെ കുറഞ്ഞ പ്രായപരിധിയായ 15 വയസ്സ് തികയും. അതിനുശേഷം വൈഭവ് ഇന്ത്യൻ സീനിയർ ടീമിലേക്ക് എത്തുമെന്ന് കോച്ച് മനീഷ് ഓജ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    

Similar News