'ഇന്ത്യയുടേത് ശരാശരി പ്രകടനം മാത്രം, മികച്ച കളി വരാനിരിക്കുന്നതേയുള്ളൂ'; പ്ലെയിങ് ഇലവനിൽ എല്ലാവർക്കും അവസരം ലഭിച്ചതും പോസിറ്റീവ്; ടീമിൻ്റെ പോരായ്മകളും പ്രതീക്ഷകളും പങ്കുവെച്ച് സഞ്ജയ് ബാംഗർ
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ തുടർച്ചയായ നാല് വിജയങ്ങളുമായി സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് തയ്യറെടുക്കുന്ന ഇന്ത്യൻ ടീമിൻ്റെ പ്രകടനത്തിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി മുൻ പരിശീലകൻ സഞ്ജയ് ബാംഗർ. ഇന്ത്യയുടേത് ഒരു സ്ഥിരതയുള്ള തുടക്കമാണെങ്കിലും ഇതുവരെയുള്ള പ്രകടനം പ്രതീക്ഷിച്ച നിലവാരത്തേക്കാൾ അല്പം താഴെയാണെന്ന് ബാംഗർ അഭിപ്രായപ്പെട്ടു. ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ടീമിൻ്റെ പോരായ്മകളും പ്രതീക്ഷകളും പങ്കുവെച്ചത്.
"പ്രതീക്ഷകൾ വാനോളമായിരുന്നതുകൊണ്ട് നമ്മൾ വിചാരിച്ച പോലെയല്ല ഈ തുടക്കം. എതിരാളികളെ അനായാസം തകർത്തുവിടുന്ന പ്രകടനം ഇന്ത്യ കാഴ്ചവെക്കാത്തതിനാൽ ടീമിൻ്റെ പ്രകടനം പ്രതീക്ഷിച്ചതിലും താഴെയാണെന്ന് തോന്നിച്ചേക്കാം. എങ്കിലും, ഇന്ത്യയുടെ ഏറ്റവും മികച്ച കളി വരാനിരിക്കുന്നതേയുള്ളൂ എന്നത് വലിയൊരു പോസിറ്റീവ് കാര്യമാണ്," ബാംഗർ പറഞ്ഞു. ടൂർണമെന്റിലെ എല്ലാ താരങ്ങൾക്കും പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചത് ഇന്ത്യയ്ക്ക് ഗുണകരമാണെന്നും, പരിക്കുകൾ പോലുള്ള വെല്ലുവിളികൾ ഉണ്ടായാൽ പോലും പകരക്കാർ പൂർണ്ണ സജ്ജരാണെന്ന് ഇത് ഉറപ്പാക്കുന്നുവെന്നും സഞ്ജയ് ബാംഗർ ചൂണ്ടിക്കാട്ടി.
ടൂർണമെന്റിൽ ഉടനീളം ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ പലവിധ വെല്ലുവിളികൾ നേരിട്ടിരുന്നു. യുഎസ്എക്കെതിരായ മത്സരത്തിൽ മുൻനിര തകർന്നെങ്കിലും സൂര്യകുമാർ യാദവിൻ്റെ പോരാട്ടവീര്യമാണ് ഇന്ത്യയെ രക്ഷിച്ചത്. നമീബിയക്കെതിരെ വലിയ സ്കോറിലേക്ക് നീങ്ങവെ പെട്ടെന്ന് വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായപ്പോൾ, പാകിസ്ഥാനെതിരെ ഇഷാൻ കിഷൻ നൽകിയ മിന്നും തുടക്കവും ബൗളർമാരുടെ ഉജ്ജ്വല പ്രകടനവുമാണ് 61 റൺസിൻ്റെ വിജയം ഉറപ്പാക്കിയത്. അതുപോലെ തന്നെ നെതർലൻഡ്‌സിനെതിരായ നിർണ്ണായക മത്സരത്തിൽ തകർച്ച നേരിട്ട ഘട്ടത്തിൽ അഞ്ചാം നമ്പറിൽ ഇറങ്ങി ശിവം ദുബെ നേടിയ തകർപ്പൻ അർദ്ധ സെഞ്ച്വറിയാണ് ടീമിനെ കരകയറ്റിയത്.
ആശങ്കയായി ഫീൽഡിംഗ്
ബാറ്റിംഗിലും ബൗളിംഗിലും താരങ്ങൾ കൃത്യസമയത്ത് ഉണർന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും ക്യാച്ചിംഗ് ഇന്ത്യയ്ക്ക് വീണ്ടും തലവേദനയാകുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച ഫീൽഡിംഗ് പുറത്തെടുത്ത ടീം, അവസാന രണ്ട് മത്സരങ്ങളിലായി ആറ് ക്യാച്ചുകളാണ് കൈവിട്ടത്. സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ഈ പിഴവുകൾ തിരുത്തേണ്ടത് അനിവാര്യമാണെന്ന് വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
