പ്രഥമ ഗ്ലോബൽ സൂപ്പർ ലീഗ് നവംബർ 26 മുതൽ ഡിസംബർ 7; ലീഗിൽ അഞ്ച് ടീമുകൾ; ബാബർ അസമിനും, ഷഹീൻ ഷാ അഫ്രീദിക്കും മത്സരങ്ങൾ നഷ്ടമാകും
ഗയാന: ഗ്ലോബൽ സൂപ്പർ ലീഗിൻ്റെ ഉദ്ഘാടന പതിപ്പ് നവംബർ 26 മുതൽ ഡിസംബർ 7 വരെ നടക്കും. അഞ്ച് ടീമുകളാണ് ലീഗിൽ പങ്കെടുക്കുന്നത്. ഗയാന ആമസോൺ വാരിയേഴ്‌സ്, ലാഹോർ ഖലന്ദർസ്, ഹാംഷെയർ ഹോക്‌സ്, രംഗ്പൂർ റൈഡേഴ്‌സ്, വിക്ടോറിയ എന്നീ ടീമുകളാണ് കളത്തിലിറങ്ങുക. വെസ്റ്റ് ഇൻഡീസിലെ ഗയാനയിലാണ് മത്സരങ്ങൾ നടക്കുന്നത്.
ലീഗ് ഘട്ടത്തിൽ 10 മത്സരങ്ങൾ അരങ്ങേറും, തുടർന്ന് ഡിസംബർ 7 ന് ഫൈനൽ. ടൂർണമെൻ്റിലെ 11 മത്സരങ്ങളും ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിലാണ് നടക്കുക. ചാമ്പ്യൻഷിപ്പ് വിജയികൾക്ക് ഒരു മില്യൺ യുഎസ് ഡോളറാണ് സമ്മാനത്തുക. ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് (CWI) ഗ്ലോബൽ സൂപ്പർ ലീഗിന് അനുമതി നൽകിയിട്ടുണ്ട്.
ലീഗിലെ സൂപ്പർ താരങ്ങളായ ബാബർ അസമിനും, ഷഹീൻ ഷാ അഫ്രീദിക്കും മത്സരങ്ങൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. 2024 ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ബാബർ രംഗ്പൂർ റൈഡേഴ്സിന് വേണ്ടിയാണ് കളിച്ചത്. അതേസമയം, ഷഹീൻ ലാഹോർ ഖലന്ദർസിൻ്റെ ക്യാപ്റ്റനാണ്.