ഐപിഎല്‍ ലേലത്തില്‍ 'അണ്‍സോള്‍ഡ്' ആയി; പിന്നാലെ 28 പന്തില്‍ മിന്നും സെഞ്ചുറി; ഋഷഭ് പന്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഉര്‍വില്‍ പട്ടേല്‍; ഇന്‍ഡോറില്‍ കുറിച്ചത് ലോക ക്രിക്കറ്റിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി
ഋഷഭ് പന്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഉര്‍വില്‍ പട്ടേല്‍
ന്യൂഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ച്വറി കുറിച്ച് തന്നെ 'അവഗണിച്ച' ഐപിഎല്‍ ടീമുകള്‍ക്ക് മറുപടിയുമായി ഗുജറാത്തിന്റെ യുവതാരം ഉര്‍വില്‍ പട്ടേല്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗുജറാത്തിന്റെ താരമായ ഉര്‍വില്‍ പട്ടേല്‍ ത്രിപുരക്കെതിരെ 28 പന്തിലാണ് സെഞ്ച്വറി നേടിയത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെ റെക്കോഡാണ് താരം മറികടന്നത്.
മെഗാ താരലേലത്തില്‍ ഐപിഎല്‍ ടീമുകള്‍ പരിഗണിക്കാതെ വന്നതോടെ യുവതാരം അണ്‍സോള്‍ഡ് ആയിരുന്നു. ഇതിന് പിന്നാലെയാണ് ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചറി നേടി ഉര്‍വില്‍ പട്ടേല്‍ ബാറ്റുകൊണ്ട് മറുപടി നല്‍കിയത്.
സൗദിയിലെ ജിദ്ദയില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ 'അണ്‍സോള്‍ഡ്' ആയ പട്ടേല്‍, രണ്ടു ദിവസങ്ങള്‍ക്കിപ്പുറം ട്വന്റി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ചറിയുമായി റെക്കോര്‍ഡിട്ടു. അതും, ഇതേ താരലേലത്തില്‍ 27 കോടി രൂപയുമായി ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വിലകൂടിയ താരമായി മാറിയ ഋഷഭ് പന്തിന്റെ പേരിലുള്ള റെക്കോര്‍ഡ് തകര്‍ത്ത്!
2018ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 32 പന്തില്‍ സെഞ്ചറി നേടിയാണ് പന്ത് റെക്കോര്‍ഡിട്ടത്. ഡല്‍ഹിക്കായി ഹിമാചല്‍ പ്രദേശിനെതിരെയായിരുന്നു പന്തിന്റെ റെക്കോര്‍ഡ് പ്രകടനം. അതിവേഗ സെഞ്ചറിയില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനായെങ്കിലും, പട്ടേലിനേക്കാള്‍ ഒരു പന്തു മുന്‍പേ സെഞ്ചറി നേടിയൊരു താരം പുറത്തുണ്ട്. ഈ വര്‍ഷം തന്നെ സൈപ്രസിനെതിരെ എസ്‌തോണിയയ്ക്കായി 27 പന്തില്‍ സെഞ്ചറി നേടിയ സഹില്‍ ചൗഹാന്‍. ആര്‍സിബിക്കായി പുണെ വാരിയേഴ്‌സിനെതിരെ 30 പന്തില്‍ സെഞ്ചറി നേടിയ ക്രിസ് ഗെയ്ലിനെ പട്ടേല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.
ലോക ക്രിക്കറ്റില്‍ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി കൂടിയാണ് ഉര്‍വില്‍ ഇന്‍ഡോറിലെ എമറാള്‍ഡ് ഹൈറ്റ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നേടിയത്. മത്സരത്തില്‍ 35 പന്തില്‍ ഏഴു ഫോറും 12 സിക്‌സുമടക്കം 113 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയും ഉര്‍വിലിന്റെ പേരിലാണ്. 2023 നവംബറില്‍ അരുണാചല്‍ പ്രദേശിനെതിരെ 41 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്. 2010ല്‍ മഹാരാഷ്ട്രക്കെതിരെ 40 പന്തില്‍ യൂസുഫ് പത്താന്‍ നേടിയ സെഞ്ച്വറിയാണ് ഒന്നാമത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ത്രിപുര 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് ഉര്‍വിലിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തില്‍ 10.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ബറോഡയിലെ മെഹ്‌സന സ്വദേശിയായ ഉര്‍വില്‍ 2018ലാണ് മുംബൈക്കെതിരെ ബറോഡക്കായി ട്വന്റി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതേ വര്‍ഷം തന്നെ ലിസ്റ്റ് എ ക്രിക്കറ്റിലും കളിക്കാനിറങ്ങി.
എന്നാല്‍, രഞ്ജി ട്രോഫി അരങ്ങേറ്റത്തിനായി പിന്നെയും താരത്തിന് ആറു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2023 ഐ.പി.എല്ലില്‍ ഉര്‍വിലിനെ 20 ലക്ഷം രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെടുത്തെങ്കിലും ഒരു മത്സരം പോലും താരത്തിന് കളിക്കാനായില്ല. ഗുജറാത്ത് റിലീസ് ചെയ്ത താരത്തെ കഴിഞ്ഞദിവസം സൗദിയിലെ റിയാദില്‍ നടന്ന മെഗാ ലേലത്തില്‍ ഒരു ടീമും വിളിച്ചെടുത്തില്ല. 44 ട്വന്റി20 മത്സരങ്ങളില്‍നിന്നായി 988 റണ്‍സാണ് താരം നേടിയത്.