കനത്ത മഴയെ തുടര്‍ന്ന് ഫീല്‍ഡ് നനഞ്ഞു കിടക്കുന്നു; ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് വൈകുന്നു; ആരാധകർക്ക് നിരാശ

Update: 2024-09-27 04:30 GMT

കാണ്‍പൂര്‍: കാണ്‍പൂരില്‍ നിന്നും ആരാധകർക്ക് നിരാശ വാർത്ത. ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് വൈകുന്നതായി റിപ്പോർട്ടുകൾ. ഇന്നലെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡ് നനഞ്ഞു കിടക്കുന്നത് കൊണ്ടാണ് മത്സരം വൈകാന്‍ കാരണം. എന്തായാലും ഗ്രൗണ്ടിലെ കവറുകള്‍ മാറ്റിയിട്ടുണ്ട്. ഉടനെ ടോസിടാനാവുമെന്നാണ് ആരാധകർ അർപ്പിക്കുന്ന പ്രതീക്ഷ.

രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ അവസാനത്തേതാണ് ഇന്ന് തുടങ്ങുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റായതിനാല്‍ ഇരുടീമിലും മാറ്റത്തിന് സാധ്യത ഉണ്ട്. കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരില്‍ ഒരാള്‍ പ്ലേയിംഗ് ഇലവനിൽ എത്തും.

മുഹമ്മദ് സിറാജിനായിരിക്കും സ്ഥാനം നഷ്ടമാവുക. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. കാണ്‍പൂരില്‍ സമനില നേടിയാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും.

പരമ്പര കൈവിടാതിരിക്കാന്‍ ബംഗ്ലാദേശിന് വിജയം അനിവാര്യമാണ്. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്.

Tags:    

Similar News