ഇന്ത്യയുടെ തല വേദന; ഹെഡിനെ എളുപ്പത്തില്‍ പൂട്ടാം; അഞ്ച് താരങ്ങള്‍ മുന്നോട്ട് വച്ചത് ഓരേ വഴി; കണക്കുകള്‍ പറയുന്നത് ഇങ്ങനെ; ഇന്ത്യ ഇതുവരെ പരീക്ഷിക്കാത്തത്

Update: 2024-12-12 11:48 GMT

അഡ്‌ലെയ്ഡില്‍ ഇന്ത്യയ്ക്കെതിരായ ടെസ്റ്റില്‍ ട്രാവിസ് ഹെഡിന്റെ തകര്‍പ്പന്‍ 140 റണ്‍സാണ് ഓസീസിന് വിജയം കൈവരിക്കാന്‍ വഴി തുറന്നത്. 2023 ഏകദിന ലോകകപ്പ് ഫൈനലിലും മുന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയുടെ കിരീട സ്വപ്നങ്ങള്‍ തകര്‍ത്തതും ഈ ഇടംകയ്യന്റെ മിന്നുന്ന പ്രകടനമായിരുന്നു. ടി20, ഏകദിനം, ടെസ്റ്റ് തുടങ്ങി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഹെഡിന്റെ തനതായ ശൈലിയില്‍ ബാറ്റ് വീശുന്നത് തിരിച്ചറിയപ്പെടുന്നുണ്ട്. ഗാബയിലെ നിര്‍ണ്ണായക മൂന്നാം ടെസ്റ്റിന് മുന്നോടിയായി, ഇന്ത്യയെ ഏറ്റവും ഭയപ്പെടുത്തുന്നത് ഹെഡിന്റെ സ്ഫോടനാത്മക ബാറ്റിംഗ് തന്നെയായിരിക്കും.

പെര്‍ത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 11 റണ്‍സില്‍ പുറത്തായിരുന്ന ട്രാവിസ് ഹെഡ്, രണ്ടാം ഇന്നിംഗ്സില്‍ വീംല്‌ലൃ, 101 പന്തില്‍ 8 ഫോറുകള്‍ അടക്കം 89 റണ്‍സ് നേടി ശ്രദ്ധേയമാകുകയായിരുന്നു. അതിന് പിന്നാലെ അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ താരം ബാസ്ബോള്‍ ശൈലിയില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. 141 പന്തില്‍ 4 സിക്സുകളും 17 ഫോറുകളും ഉള്‍പ്പെടെ 140 റണ്‍സ് നേടിയത് ഓസീസിന്റെ തകര്‍പ്പന്‍ ജയത്തിന് വഴിയൊരുക്കി. അതേസമയം, രണ്ടാം ഇന്നിങ്സില്‍ ഹെഡ് ക്രീസിലേക്ക് എത്തുന്നതിനുമുമ്പ് തന്നെ ഓസീസ് വിജയിച്ചു.

ഇപ്പോഴിതാ ഹെഡിനെ എങ്ങനെ നേരിടണം എന്നതിനെ കുറിച്ച് തങ്ങളുടെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ചില മുന്‍ ലോക താരങ്ങള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രത്യേക പരിപാടിയിലായിരുന്നു അഭിപ്രായ പ്രകടനങ്ങള്‍. ഹെഡ് നേടുന്ന റണ്ണുകളില്‍ ഭൂരിഭാഗവും ഓഫ് സൈഡില്‍ നിന്ന് നേടിയതിനാല്‍ ഹെഡ്‌സിന്റെ ലെഗ് സൈഡ് ലക്ഷ്യമിട്ട് പന്തെറിയാനാണ് ചേതേശ്വര്‍ പൂജാര ഇന്ത്യയെ ഉപദേശിച്ചത്. അഡലെയ്ഡില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓഫ് സൈഡിലേക്ക് എറിഞ്ഞ് ഹെഡിന് കൂടുതല്‍ ആനുകൂല്യം നല്‍കുകയായിരുന്നുവെന്ന് പറഞ്ഞ പൂജാര ഗാബ വിക്കറ്റിന്റെ വേഗവും ബൗണ്‍സും മുതലെടുത്ത് ഷോര്‍ട്ട് പിച്ച് പന്തുകള്‍ എറിയാനും നിര്‍ദേശിച്ചു.

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡനും സമാന അഭിപ്രായം പങ്കുവെച്ചു 'തീര്‍ച്ചയായും ട്രാവിസ് ഹെഡ് സ്‌കോര്‍ ചെയ്യുന്ന ആദ്യ 30 റണ്‍സിനുള്ളില്‍ കുറച്ച് ഷോര്‍ട്ട് പിച്ച് ബൗളിങ് ഉണ്ടായിരിക്കണം. ഫീല്‍ഡിങ് സംവിധാനവും അതിന് വേണ്ടി ഫലപ്രദമായി വിന്യസിക്കണം, എങ്കില്‍ ക്യാച്ചിലൂടെ ഹെഡിനെ ഉടനെ പുറത്താക്കാം', ഹെയ്ഡന്‍ പറഞ്ഞു. ഓഫ് സ്റ്റമ്പിന് പുറത്ത് ബൗള്‍ ചെയ്യരുതെന്നും ലെഗ് സ്റ്റമ്പിലേക്കോ മിഡില്‍ സ്റ്റമ്പിലേക്കോ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് പറഞ്ഞു,

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ് ഗുപ്തയും അഡ്ലെയ്ഡില്‍ ഇന്ത്യ ഷോര്‍ട്ട് ബോള്‍ ഉപയോഗിച്ചില്ലെന്ന് പ്രതികരിച്ചു. ഗാബ വിക്കറ്റിന്റെ ലോംഗ് ബൗണ്ടറികളും എക്സ്ട്രാ ബൗണ്‍സും ഇന്ത്യന്‍ സീമര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താമെന്നും ബൗണ്‍സറുകള്‍ ഉപയോഗിച്ച് ഹെഡ് ട്രിപ്പ് ഒഴിവാക്കാമെന്നും പറഞ്ഞു. തന്റെ നെഞ്ചിന് നേരെയുള്ള ഷോര്‍ട്ട് പിച്ച് ബൗളുകളെ നേരിടാന്‍ ഹെഡിന് ദൗര്‍ബല്യം ഉണ്ടെന്നും അതുപയോഗിച്ച് നേരിടാന്‍ ശ്രമിക്കണമെന്നും ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ തന്നെയായ പിയൂഷ് ചൗളയും പറഞ്ഞു.

Tags:    

Similar News