'ഞാനൊരിക്കലും പല തലമുറകളിലെ താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യില്ല; ഓരോ തലമുറയിലെ താരങ്ങളും വ്യത്യസ്തമായ സാഹചര്യങ്ങളിലാവും കളിച്ചിട്ടുള്ളത്'; സുനില്‍ ഗവാസ്‌കര്‍

Update: 2025-02-28 11:07 GMT

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ ഇതിഹാസങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോഹ്ലിയും. സച്ചിന്‍ നേടിയ നേട്ടങ്ങള്‍ മറികടക്കുന്ന ലക്ഷ്യത്തിലേക്കാണ് വിരാട് കോഹ്ലി ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് വിരാട് കോഹ്ലി ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തമാക്കിയിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ വിജയിച്ചത് വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തിലായിരുന്നു. നാളുകള്‍ ഏറെയായി സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും വിരാട് കൊഹ്‌ലിയെയും താരതമ്യം ചെയ്യ്തുള്ള കണക്കുകള്‍ പല മുന്‍ താരങ്ങളും ആരാധകരും നടത്തുന്നു. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവാസ്‌കര്‍.

സുനില്‍ ഗവാസ്‌കര്‍ പറയുന്നത് ഇങ്ങനെ:

'' ഞാനൊരിക്കലും പല തലമുറകളിലെ താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യില്ല. എന്തെന്നാല്‍ ഓരോ തലമുറയിലെ താരങ്ങളും വ്യത്യസ്തമായ സാഹചര്യങ്ങളിലാവും കളിച്ചിട്ടുള്ളത്. പിച്ചുകള്‍ വ്യത്യാസപ്പെട്ടിരിക്കും, കളിക്കുന്ന സാഹചര്യങ്ങള്‍ക്ക് വ്യത്യാസമുണ്ടാകും, എതിരാളികളും വ്യത്യാസമുണ്ടാകും. അതുകൊണ്ട് പല തലമുറകളിലെ താരങ്ങള്‍ തമ്മില്‍ താരതമ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ്'' സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനലിലേക്ക് ഇന്ത്യ രാജകീയമായി പ്രവേശിച്ചിരിക്കുകയാണ്. നിലവില്‍ കപ്പ് ജേതാക്കളാകാനുള്ള സാധ്യത ഇന്ത്യക്ക് തന്നെയാണ്. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കപ്പ് ജേതാക്കളായത് പാകിസ്താനായിരുന്നു. അതിനുള്ള മറുപടി കിരീടം ഉയര്‍ത്തി രോഹിതും സംഘവും കൊടുക്കും എന്ന വിശ്വാസത്തിലാണ് ആരാധകര്‍.

Tags:    

Similar News