ഏഷ്യാ കപ്പ് വിവാദം; ഇന്ത്യ-പാക്ക് താരങ്ങൾക്കെതിരെ നടപടിയുമായി ഐസിസി; ഹാരിസ് റൗഫിന് സസ്‌പെൻഷൻ; സൂര്യകുമാർ യാദവിന് പിഴ; സാഹിബ്സാദ ഫർഹാനും ജസ്പ്രീത് ബുംറയ്ക്ക് ഡീമെറിറ്റ് പോയിന്റ്

Update: 2025-11-04 17:13 GMT

ദുബായ്: ഏഷ്യാ കപ്പ് ടൂർണമെന്റിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന മത്സരങ്ങളിലെ വിവാദ സംഭവങ്ങളിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി സ്വീകരിച്ചു. പാക്കിസ്ഥാൻ താരം ഹാരിസ് റൗഫിന് രണ്ട് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയായി ഈടാക്കാനും രണ്ട് ഡീമെറിറ്റ് പോയിന്റുകൾ നൽകാനും ഐസിസി വിധിച്ചു.

സെപ്റ്റംബർ 14, 21, 28 തീയതികളിൽ നടന്ന ഇന്ത്യ-പാക് മത്സരങ്ങൾക്കിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് ഐസിസി അന്വേഷണം നടത്തിയത്. ഇന്ത്യയ്ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ അർധ സെഞ്ചുറി നേടിയതിന് ശേഷം ബാറ്റുകൊണ്ട് വെടിയുതിർത്തത് പോലെ ആക്ഷൻ കാണിച്ച പാക്കിസ്ഥാൻ താരം സാഹിബ്സാദ ഫർഹാനും നടപടി നേരിട്ടു. താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റ് ലഭിക്കുകയും ഔദ്യോഗിക മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഒരു ഡീമെറിറ്റ് പോയിന്റ് ലഭിച്ചു.

ഹാരിസ് റൗഫിനെതിരെ നടപടിയെടുത്തത്, പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വിമാനത്തിന് നേരെ ആറ് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി 6-0 എന്ന് വിരലുകൾ കൊണ്ട് കാണിച്ചതിനായിരുന്നു. ഈ സംഭവം ഐസിസിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി വിലയിരുത്തപ്പെട്ടു. അതേസമയം, അർഷ്ദീപ് സിംഗിനെതിരെ യാതൊരു നടപടിയുമില്ലെന്ന് ഐസിസി അറിയിച്ചു.

Tags:    

Similar News