ഐസിസി ടെസ്റ്റ് റാങ്കിംഗ്: വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മക്കും തിരിച്ചടി; നേട്ടമുണ്ടാക്കി യശസ്വി ജയ്സ്വാള്‍; ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം മാത്രം; ഓള്‍ റൗണ്ടര്‍മാരിൽ ജഡേജ മുന്നിൽ
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മ്മക്കും കനത്ത തിരിച്ചടി. വിരാട് കോഹ്ലി ആദ്യ 20ൽ നിന്നും പുറത്തായി. ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റനിപ്പോൾ 24ാം സ്ഥാനത്താണ്. രോഹിത് ശര്‍മ അഞ്ച് സ്ഥാനം നഷ്ടപ്പെടുത്തി നാല്‍പതാം സ്ഥാനത്തേക്ക് വീണു. മെല്‍ബണ്‍ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. മെല്‍ബണിലെ മോശം പ്രകടനത്തെ തുടർന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങിയ റിഷഭ് പന്ത് ഒരു സ്ഥാനം നഷ്ടമാക്കി പന്ത്രണ്ടാം സ്ഥാനത്തായി. യശസ്വി ജയ്സ്വാള്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം. ശുഭ്മാന്‍ ഗില്ലാണ് ആദ്യ ഇരുപതിലുള്ള മറ്റൊരു ഇന്ത്യൻ താരം. മെല്‍ബണില്‍ കളിക്കാതിരുന്ന താരം ഇരുപതാം സ്ഥാനത്താണ്.
ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റീവ് സ്മിത്തിനും റാങ്കിംഗില്‍ നേട്ടമുണ്ടാക്കാനായി. മെല്‍ബണില്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് മൂന്ന് സ്ഥാനം ഉയര്‍ന്ന് ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ മാര്‍നസ് ലാബുഷെയ്ന്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി പതിനൊന്നം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ തിളങ്ങിയ പാകിസ്ഥാന്‍റെ സൗദ് ഷക്കീല്‍ മൂന്ന് സ്ഥാനം ഉയര്‍ന്ന് ആറാം സ്ഥാനത്തെത്തിയതാണ് ആദ്യ പത്തിലെ മറ്റൊരു മാറ്റം.
ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ തന്നെ യുവ താരം ഹാരി ബ്രൂക്ക് രണ്ടാമതും ന്യൂസീലൻഡ് താരം കെയ്ന്‍ വില്യംസണ്‍ മൂന്നാമതുമാണ്. മെല്‍ബണ്‍ ടെസ്റ്റില്‍ മോശം പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ഒരു സ്ഥാനം നഷ്ടമായി അഞ്ചാം സ്ഥാനത്തായി. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ തിളങ്ങിയ സിംബാബാവെയുടെ ഷോണ്‍ വില്യംസ് പത്ത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്തൊമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ നിന്ന് അശ്വിന്‍ പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജയാണ് ഒന്നാമത്. ബംഗ്ലാദേശിന്‍റെ മെഹ്ദി ഹസന്‍ രണ്ടാമതും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് മൂന്നാമതുമുണ്ട്.