ഐസിസി വനിതാ ടി20 റാങ്കിംഗിൽ ദീപ്തി ശർമ്മയ്ക്ക് നേട്ടം; സ്മൃതി മന്ദാന മൂന്നാം സ്ഥാനത്ത്; 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഹർമൻപ്രീത് കൗർ

Update: 2025-08-12 15:22 GMT

മുംബൈ: ഐസിസി വനിതാ ടി20 റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മ. ബൗളർമാരുടെ റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി താരം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. പാകിസ്ഥാൻ താരം സാദിയ ഇഖ്ബാലിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്ന ദീപ്തി, ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ അന്നബെൽ സതർലൻഡിനേക്കാൾ നാല് റേറ്റിംഗ് പോയിന്റുകൾ പിന്നിലാണ്. അതേസമയം, ബാറ്റർമാരുടെ പട്ടികയിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 11-ാം റാങ്കിലെത്തി

736 പോയിന്റുമായി കരിയറിൽ ആദ്യമായാണ് സതർലൻഡ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. 732 പോയിന്റാണ് ദീപ്തിക്കും സാദിയ ഇഖ്ബാലിനുമുള്ളത്. അയർലൻഡിനെതിരായ പരമ്പരയിൽ പാകിസ്ഥാൻ 1-2ന് പരാജയപ്പെട്ടപ്പോൾ, മുൻ ഒന്നാം നമ്പർ താരമായിരുന്ന സാദിയക്ക് പോയിന്റുകൾ നഷ്ടപ്പെട്ടതാണ് റാങ്കിംഗിലെ പ്രധാന മാറ്റങ്ങൾക്ക് കാരണം. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബൗളറായ ദീപ്തിയുടെ സമീപകാലത്തെ മികച്ച പ്രകടനങ്ങളാണ് മുന്നേറ്റത്തിന് സഹായകമായത്. മറ്റ് ഇന്ത്യൻ ബൗളർമാരായ രേണുക സിംഗ് ഠാക്കൂർ 11-ാം സ്ഥാനത്തും രാധ യാദവ് 15-ാം സ്ഥാനത്തുമാണ്.

ബാറ്റർമാരുടെ റാങ്കിംഗിൽ ഓസ്‌ട്രേലിയയുടെ ബെത് മൂണിയാണ് ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ഇൻഡീസിന്റെ ഹെയ്‌ലി മാത്യൂസ് രണ്ടാമതും സ്മൃതി മന്ദാന മൂന്നാമതുമാണ്. ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം ഒമ്പതാം സ്ഥാനത്തുള്ള ഷെഫാലി വർമ്മയാണ്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 11-ാം റാങ്കിലെത്തി. പാകിസ്ഥാനെതിരായ ചരിത്ര പരമ്പര വിജയത്തിൽ നിർണായക പങ്ക് വഹിച്ച അയർലൻഡിന്റെ ഓർല പ്രെൻഡർഗാസ്റ്റ് കരിയറിലെ ഏറ്റവും മികച്ച റാങ്കായ 19-ാം സ്ഥാനത്തെത്തി.

ഓൾറൗണ്ടർമാരുടെ പട്ടികയിൽ ദീപ്തി ശർമ്മ മൂന്നാം സ്ഥാനം നിലനിർത്തി. വെസ്റ്റ് ഇൻഡീസിന്റെ ഹെയ്‌ലി മാത്യൂസ് ഒന്നാമതും ന്യൂസിലൻഡിന്റെ അമേലിയ കെർ രണ്ടാമതുമാണ്. ടീം റാങ്കിംഗിൽ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ട് രണ്ടാമതും തുടരുമ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

Tags:    

Similar News