പുലി പോലെ വന്നവന്‍ എലിപോലെ പേകുമോ? ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൂടി നഷ്ടമായാല്‍ ഗംഭീര്‍ ടെസ്റ്റ് കോച്ചിങ് സ്ഥാനത്ത് നിന്ന് പുറത്ത്; പകരം എത്തുക ലക്ഷമണ്‍?

Update: 2024-11-10 10:30 GMT

ഡല്‍ഹി: ഇന്ത്യയുടെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനു താക്കീതുമായി ബിസിസിഐ. ന്യൂസിലന്‍ഡിനെതിരായ പരമ്പര നഷ്ടം ഇന്ത്യക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും ഓസ്ട്രേലിയയില്‍ കൂടി തോല്‍വി ആവര്‍ത്തിച്ചാല്‍ ടെസ്റ്റ് പരിശീലക സ്ഥാനത്തു നിന്ന് നീക്കുമെന്നും ബിസിസിഐ മുന്നറിയിപ്പ് നല്‍കി. സ്വന്തം നാട്ടില്‍ വെച്ച് നടന്ന പരമ്പരയിലെ ഒരു മത്സരം പോലും ജയിക്കാന്‍ സാധിക്കാത്തത് ന്യായീകരണങ്ങള്‍ ഇല്ലാത്ത പരാജയമാണെന്ന് ബിസിസിഐ നേതൃത്വം വിമര്‍ശിച്ചു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും ബിസിസിഐ താക്കീത് നല്‍കിയിട്ടുണ്ട്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടി പരാജയപ്പെട്ടാല്‍ രോഹിത്തിനു നായകസ്ഥാനം നഷ്ടമാകുമെന്ന് ഇതോടെ ഉറപ്പായി.

ഓസ്ട്രേലിയയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. പരമ്പര നഷ്ടമായാല്‍ ഗംഭീറിനെ ടെസ്റ്റ് പരിശീലക സ്ഥാനത്തു നിന്ന് മാറ്റും. പകരം റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മറ്റൊരു പരിശീലകനെ കൊണ്ടുവരും. വൈറ്റ് ബോള്‍ ക്രിക്കറ്റ് പരിശീലക സ്ഥാനം മാത്രമായിരിക്കും പിന്നീട് ഗംഭീറിനുണ്ടാകുക. ഓസ്ട്രേലിയയിലേക്ക് തിരിക്കാന്‍ നില്‍ക്കുന്ന ഗംഭീറിനോടു ഇക്കാര്യങ്ങളെല്ലാം ബിസിസിഐ വിശദമാക്കിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ തോല്‍വി അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും ഗംഭീറിന്റെ പല തീരുമാനങ്ങളും തോല്‍വിയുടെ ആഘാതം കൂട്ടിയെന്നുമാണ് ബിസിസിഐ വിമര്‍ശനം.

ഓസീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം മോശമായാല്‍, ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) തലവനായ വി.വി.എസ്. ലക്ഷ്മണ്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്നാണ് വിവരം. നിലവില്‍, ഇന്ത്യന്‍ ട്വന്റി20 ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലാണ് ലക്ഷ്മണ്‍. ഗംഭീര്‍ ഓസീസ് പര്യടനത്തിനായി എത്തിയ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പമായതിനാലാണ്, ലക്ഷ്മണിന് ട്വന്റി20 ടീമിന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊന്നും ഇല്ലാതിരുന്ന സവിശേഷ അധികാരങ്ങള്‍ നല്‍കിയാണ് ഗംഭീറിനെ ബിസിസിഐ ഇന്ത്യയുടെ മുഖ്യ പരിശീലകനാക്കിയത്. സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ പോലും ഗംഭീറിനെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ തയ്യാറായി. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പര നഷ്ടത്തിനു പിന്നാലെ ഇത്തരം സവിശേഷ അധികാരങ്ങള്‍ ഗംഭീറിനു ഇനിയുണ്ടാകില്ലെന്ന് ബിസിസിഐ തീരുമാനമെടുത്തിട്ടുണ്ട്.

Tags:    

Similar News