49 പന്തിൽ സെഞ്ചുറിയടിച്ച് ജഗദീശൻ; വെടിക്കെട്ട് ഫിനിഷിംഗ് ടച്ചുമായി ക്യാപ്റ്റൻ ആയുഷ് ബദോനി; മടങ്ങിവരവില്‍ ഭേദപ്പെട്ട പ്രകടനവുമായി തിലക് വര്‍മ; അമേരിക്കയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് കൂറ്റന്‍ സ്‌കോർ
മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ അമേരിക്കക്കെതിരെ ഇന്ത്യ എ ടീമിന് കൂറ്റൻ സ്കോർ. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് അടിച്ചുകൂട്ടി. ഓപ്പണർ എൻ. ജഗദീശന്റെ തകർപ്പൻ സെഞ്ചുറിയും ക്യാപ്റ്റൻ ആയുഷ് ബദോനിയുടെ വെടിക്കെട്ട് അർധസെഞ്ചുറിയുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ടി20 ലോകകപ്പിന് മുമ്പ് താളം കണ്ടെത്തുന്നിന് മുന്നോടിയായാണ് തിലകിനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയത്.
വെറും 55 പന്തിൽ നിന്ന് 104 റൺസ് നേടിയാണ് ജഗദീശൻ പുറത്തായത്. 49 പന്തിലാണ് താരം സെഞ്ചുറി തികച്ചത്. ഇന്ത്യ എ ടീം ക്യാപ്റ്റൻ ആയുഷ് ബദോനി 26 പന്തിൽ പുറത്താവാതെ 60 റൺസ് നേടി. വെറും 21 പന്തിലാണ് താരം ഫിഫ്റ്റി പിന്നിട്ടത്. പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ തിലക് വർമ്മ 24 പന്തിൽ 38 റൺസ് നേടി മികച്ച പിന്തുണ നൽകി. അമേരിക്കൻ ബൗളർമാരെ കണക്കറ്റ് പ്രഹരിച്ച ഇന്ത്യ എ ടീം, ഓരോ ഓവറിലും ശരാശരി 11.9 റൺസ് എന്ന നിരക്കിലാണ് സ്കോർ ചെയ്തത്.
നേരത്തെ, ടോസ് നേടിയ യുഎസ് ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 43 റണ്‍സ് ചേര്‍ത്ത ശേഷം പ്രിയാന്‍ഷ് ആര്യ (28) ആദ്യം മടങ്ങി. തുടര്‍ന്ന് തിലക് - ജഗദീഷന്‍ സഖ്യം 113 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ തിലക് 14-ാം ഓവറില്‍ മടങ്ങി. 24 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. ആയുഷ് ബദോനിയാണ് ഇന്ത്യയെ നയിക്കുന്നത്. ഇരു ടീമുകളുടേയും സ്‌ക്വാഡ് അറിയാം.
ഇന്ത്യ എ: എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, തിലക് വര്‍മ, നമന്‍ ധിര്‍, ആയുഷ് ബദോനി (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഉര്‍വില്‍ പട്ടേല്‍, അശുതോഷ് ശര്‍മ, രവി ബിഷ്ണോയ്, ഖലീല്‍ അഹമ്മദ്, മായങ്ക് യാദവ്, അശോക് ശര്‍മ, വിപ്രരാജ് നിഗം, വിപ്രരാജ് നിഗം.
അമേരിക്ക: ആന്‍ഡ്രീസ് ഗൗസ്, സായ്‌തേജ മുക്കമല്ല, മൊനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഷെഹാന്‍ ജയസൂര്യ, ശുഭം രഞ്ജനെ, സഞ്ജയ് കൃഷ്ണമൂര്‍ത്തി, ഷയാന്‍ ജഹാംഗീര്‍, ഹര്‍മീത് സിംഗ്, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക്, അലി ഖാന്‍, സൗരഭ് നേത്രവല്‍കര്‍, മിലിന്ദ് കുമാര്‍, മുഹമ്മദ് മുഹ്‌സിന്‍, നൊസ്തുഷ് കെഞ്ചിഗെ, ജസ്ദീപ് സിംഗ്.
