മൂന്ന് വിക്കറ്റുമായി യഷ് ദയാല്‍; കെ എല്‍ രാഹുലിന്റെ ചെറുത്തുനില്‍പ്പ് പാഴായി; ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയ്ക്ക് തോല്‍വി; ഇന്ത്യ ബിയുടെ ജയം 76 റണ്‍സിന്

ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയ്ക്ക് തോല്‍വി

Update: 2024-09-08 13:10 GMT

ബെംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ എയ്‌ക്കെതിരെ ഇന്ത്യ ബി ടീമിന് 76 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ 198ന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ 181 റണ്‍സെടുത്ത ഇന്ത്യ ബി താരം മുഷീര്‍ ഖാനാണ് കളിയിലെ താരം. രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചറി നേടിയ കെ.എല്‍. രാഹുലും (121 പന്തില്‍ 57), 42 പന്തില്‍ 43 റണ്‍സെടുത്ത ആകാശ് ദീപും തിളങ്ങിയെങ്കിലും ഇന്ത്യ എയ്ക്ക് 200 കടക്കാന്‍ പോലും സാധിച്ചില്ല. വാലറ്റത്ത് ആകാശ്ദീപ് മാത്രമാണ് ശുഭ്മന്‍ ഗില്‍ നയിച്ച ടീമില്‍ കുറച്ചെങ്കിലും പ്രതിരോധിച്ചുനിന്നത്. മൂന്ന് വിക്കറ്റ് നേടിയ യഷ് ദയാലാണ് ഇന്ത്യ എയെ തകര്‍ത്തത്. സ്‌കോര്‍: ഇന്ത്യ ബി 321, 184 & ഇന്ത്യ എ 231, 198.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ എയ്ക്ക് മോശം തുടക്കമായിരുന്നു. തുടക്കത്തില്‍ തന്നെ മായങ്ക് അഗര്‍വാളിന്റെ (3) വിക്കറ്റ് ഇന്ത്യ എയ്ക്ക് നഷ്ടമായി. പിന്നാലെ പിന്നാലെ ശുഭ്മാന്‍ ഗില്‍ (21) റിയാന്‍ പരാഗ് (31) സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പരാഗിനെ പുറത്താക്കി ദയാല്‍ ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ ഗില്ലും മടങ്ങി. നവ്ദീപ് സൈനിക്കായിരുന്നു വിക്കറ്റ്. പകരമെത്തിയ ധ്രുവ് ജുറല്‍ (0) നേരിട്ട ആദ്യ പന്തില്‍ പുറത്തായി. തനുഷ് കൊടിയന്‍ (0), ശിവം ദുബെ (14), കുല്‍ദീപ് യാദവ് (14), ആകാശ് ദീപ് (43) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഖലീല്‍ അഹമ്മദ് (4) പുറത്താവാതെ നിന്നു.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ബി 90 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 42 ഓവറില്‍ 184 റണ്‍സെടുത്തു പുറത്തായെങ്കിലും ഇന്ത്യ എയെ ബോളര്‍മാര്‍ എറിഞ്ഞു പിടിക്കുകയായിരുന്നു. അവസാന ദിനം കളി സമനിലയിലാക്കാനായിരുന്നു ഇന്ത്യ എ ബാറ്റര്‍മാരുടെ ശ്രമം. എന്നാല്‍ യാഷ് ദയാല്‍ മൂന്നു വിക്കറ്റുകളും മുകേഷ് കുമാര്‍, നവ്ദീപ് സെയ്‌നി എന്നിവര്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തിയതോടെ ഇന്ത്യ എ കളി കൈവിട്ടു.

അവസാന ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 15 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ എ. അര്‍ധ സെഞ്ചറി നേടിയ രാഹുലിനെ മുകേഷ് കുമാറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്താണു പുറത്താക്കിയത്. ധ്രുവ് ജുറേല്‍, തനുഷ് കൊട്യന്‍ എന്നിവര്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങിയതും ഇന്ത്യ എയ്ക്കു തിരിച്ചടിയായി.

ശിവം ദുബെയും കുല്‍ദീപ് യാദവും 14 റണ്‍സ് വീതം നേടി പുറത്തായി. നാല് സിക്‌സും മൂന്നു ഫോറുകളും നേടിയ ആകാശ് ദീപായിരുന്നു ഇന്ത്യ എയുടെ അവസാന പ്രതീക്ഷ. പക്ഷേ 43 റണ്‍സെടുത്തുനില്‍ക്കെ ആകാശ്ദീപിനെ മുഷീര്‍ ഖാന്‍ റണ്‍ഔട്ടാക്കി.

Tags:    

Similar News