കാന്‍പുരില്‍ മഴക്കളി; രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം 35 ഓവര്‍ മാത്രം; ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം; രണ്ട് വിക്കറ്റുമായി ആകാശ്ദീപ്; ഇന്ത്യക്ക് ആശങ്കയായി അടുത്ത മൂന്ന് ദിവസം മഴ പെയ്‌തേക്കുമെന്ന പ്രവചനം
ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ബംഗ്ലാദേശ് മൂന്നിന് 107 എന്ന നിലയില്‍
കാണ്‍പൂര്‍: ഇന്ത്യ - ബംഗ്ലാദേശ് കാണ്‍പൂര്‍ ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം മുടക്കി മഴയുടെ കളി. കനത്ത മഴയെ തുടര്‍ന്ന് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ബംഗ്ലാദേശ് മൂന്നിന് 107 എന്ന നിലയിലാണ്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ബംഗ്ലാദേശ് കരകയറുകയായിരുന്നു. മൊമിനുല്‍ ഹഖ് (40), മുഷ്ഫിഖുര്‍ റഹീം (6) എന്നിവരാണ് ക്രീസില്‍. സാക്കിര്‍ ഹുസൈന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (28) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റുകളും. ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് വീഴ്ത്തി.
കാന്‍പുരില്‍ മഴ തുടരുന്ന സാഹചര്യത്തിലാണ് ഇന്നത്തെ കളി അവസാനിപ്പിച്ചത്. 35 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ് ബംഗ്ലദേശ്. നേരത്തെ, കാണ്‍പൂര്‍, ഗ്രീന്‍ പാര്‍ക്കില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. സാക്കിറിനെ റണ്‍സെടുക്കുന്നതിന് മുമ്പ് ആകാശ്, യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു.24 പന്തുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ പോയ സാക്കിര്‍ ഹസനെ ആകാശ്ദീപിന്റെ പന്തില്‍ യശസ്വി ജയ്‌സ്വാള്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. മികച്ച തുടക്കം ലഭിച്ച ഷദ്മന്‍ ഇസ്‌ലാമിനെ ആകാശ്ദീപ് എല്‍ബിയില്‍ കുരുക്കി. അംപയര്‍ എല്‍ബി അനുവദിച്ചില്ലെങ്കിലും ഡിആര്‍എസിലൂടെയാണ് ഇന്ത്യ വിക്കറ്റ് സ്വന്തമാക്കിയത്.
മൊമിനുല്‍ - നജ്മുള്‍ സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷാന്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ആര്‍ അശ്വിന്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മൊമിനുല്‍ ഹഖ് ഇതുവരെ ഏഴ് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.
നേരത്തെ, മഴമൂലം ഔട്ട്ഫീല്‍ഡ് ഉണങ്ങാന്‍ വൈകിയതിനാല്‍ ഒന്നര മണിക്കൂറിലേറെ വൈകി ആരംഭിച്ച രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍, ബംഗ്ലദേശിനെതിരെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് ബംഗ്ലദേശിനെതിരെ ഇന്ത്യയുടെ പടയൊരുക്കം.
മൂന്നു സീമര്‍മാര്‍ക്കു പകരം ഒരാളെ കുറച്ച് ഒരു സ്പിന്നറെക്കൂടി കളിപ്പിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും, ടീമില്‍ മാറ്റമില്ലെന്ന് രോഹിത് വ്യക്തമാക്കി. ബംഗ്ലദേശ് നിരയില്‍ രണ്ടു മാറ്റങ്ങളുണ്ട്. നഹീദ് റാണ, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ക്കു പകരം തൈജുല്‍ ഇസ്‌ലാം, ഖാലിദ് അഹമ്മദ് എന്നിവര്‍ ടീമിലെത്തി. കനത്ത മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡ് നനഞ്ഞതിനാല്‍ വൈകിയാണ് ടോസ് വീണത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ബംഗ്ലാദേശ്: ഷാദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മോമിനുള്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, തൈജുല്‍ ഇസ്ലാം, ഹസന്‍ മഹ്‌മൂദ്, ഖാലിദ് അഹമ്മദ്.