ബംഗളുരുവില്‍ കനത്ത മഴ; ഇന്ത്യ ന്യൂസിലാന്റ് ഒന്നാം ടെസ്റ്റിന്റെ ആദ്യ സെഷന്‍ ഉപേക്ഷിച്ചു; രണ്ടാം സെഷനിലും വെല്ലുവിളിയായി മഴ തുടരുന്നു; ആദ്യ രണ്ട് ദിവസവും മത്സരം മുടങ്ങിയേക്കുമെന്ന് സൂചന
ഇന്ത്യ ന്യൂസിലാന്റ് ഒന്നാം ടെസ്റ്റിന്റെ ആദ്യ സെഷന്‍ ഉപേക്ഷിച്ചു;
ബംഗളുരു: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ - ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ സെഷന്‍ ഉപേക്ഷിച്ചു.രാവിലെ മുതല്‍ മഴ നിലയ്ക്കാത്തതിനാല്‍ ടോസ് ഇടാന്‍ പോലും കഴഞ്ഞില്ല.പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും കളി കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു.
ഇന്ത്യയെ സംബന്ധിച്ച് ഈ ടെസ്റ്റ് നിര്‍ണ്ണായകമാണ്.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കിവീസിനെതിരായ പരമ്പരയിലെ മൂന്നുമത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടാനുള്ള വ്യഗ്രതയിലാണ് ഇന്ത്യ. അങ്ങനെയെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍സ്ഥാനം ഏറക്കുറെ ഉറപ്പിക്കാം.പോയിന്റുപട്ടികയില്‍ മുന്നിലുള്ള ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരേ അഞ്ചുടെസ്റ്റ് മത്സരങ്ങളുണ്ട്.അടുത്ത ജൂണില്‍ ലണ്ടനിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
അതിനിടെയാണ് ബംഗളൂരുവില്‍ മഴ കനത്തത്. മത്സരം നടക്കേണ്ട ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി മഴപെയ്യുന്നു.ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിനല്‍കിയിട്ടുമുണ്ട്.ആദ്യ രണ്ടുദിവസം മഴ കളിമുടക്കാന്‍ സാധ്യതയേറെയാണ്.
സന്ദര്‍ശകരെ സംബന്ധിച്ച് ടിം സൗത്തി നായകസ്ഥാനത്തുനിന്നു മാറിയതിന്റെ ആശങ്കകളുണ്ട് കിവീസിന്.പകരം സ്ഥാനമേറ്റെടുത്ത ടോം ലാഥത്തിന് നായകസ്ഥാനത്ത് വലിയ പരിചയസമ്പത്തില്ല. അതിനിടെ, മുന്‍നായകന്‍ കെയ്ന്‍ വില്യംസണ് പരിക്കേറ്റതും തിരിച്ചടിയായി.വില്യംസണ്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല.ഈയിടെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റതും കിവീസിന്റെ ആത്മവിശ്വാസത്തെ ബാധിക്കും.
ബംഗ്ലാദേശിനെതിരേ മഴ വില്ലനായിട്ടും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രകടനം ന്യൂസീലന്‍ഡിനെതിരെ കാഴ്ചവെക്കാന്‍ ഇന്ത്യക്ക് എളുപ്പമാവില്ല.അതുകൊണ്ടുതന്നെ മഴ വില്ലനായാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാകും.ശക്തമായ താരനിരയോടെയാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടാന്‍ പോകുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നീ സീനിയര്‍ താരങ്ങള്‍ ബംഗ്ലാദേശിനെതിരേ നിരാശപ്പെടുത്തിയിരുന്നു.കെ എല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍, ഋഷഭ് പന്ത് എന്നിവരെല്ലാം മികച്ച ഫോമിലാണ് കളിക്കുന്നത്.