ശ്രദ്ധയോടെ തുടങ്ങി ജെയ്‌സ്വാള്‍; പതിവിന് വിപരീതമായി വേഗത്തില്‍ റണ്‍സ് കണ്ടെത്തി കെ എല്‍ രാഹുല്‍; വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം; ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയില്‍
ശ്രദ്ധയോടെ തുടങ്ങി ജെയ്‌സ്വാള്‍
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ 94 - 1 എന്ന നിലയിലാണ്.38 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 40 റണ്‍സോടെ ജെയ്‌സ്വാളും 16 റണ്‍സോടെ സായി സുദര്‍ശനുമാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് പതിവിന് വിപരീതമായി ജെയ്‌സ്വാള്‍ ശ്രദ്ധയോടെയാണ് തുടങ്ങിയത്. എന്നാല്‍ രാഹുലാകട്ടെ പതിവ് ശൈലി വിട്ട് വേഗത്തില്‍ റണ്‍സ് കണ്ടെത്തുകയായിരുന്നു.ആക്രമിച്ചു കളിച്ച രാഹുല്‍ 54 പന്തില്‍ ഒരു സിക്സും അഞ്ചുഫോറുകളും അടക്കമാണ് 38 റണ്‍സ് നേടിയത്. ഒടുവില്‍ ജോമലിന്റെ പന്തില്‍ കീപ്പര്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദില്‍ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ബ്രന്‍ഡന്‍ കിംഗ്, ജൊഹാന്‍ ലയ്നെ എന്നിവര്‍ പുറത്തായി. ആന്‍ഡേഴ്സണ്‍ ഫിലിപ്പ്, തെവിം ഇംലാച്ച് എന്നിവര്‍ ടീമിലെത്തി.
ഈ മത്സരത്തില്‍ വിജയിച്ചാല്‍ സമ്പൂര്‍ണ ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്.