പാകിസ്ഥാനില്‍ 'ജനഗണമന' മുഴങ്ങി; സംഭവിച്ചത് ഭീമാബന്ധം; സംഭവം ഇംഗ്ലണ്ട്- ഓസീസ് മത്സരത്തില്‍; വീഡിയോ

Update: 2025-02-22 14:46 GMT

ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സംഘാടകര്‍ക്ക് സംഭവിച്ചത് വമ്പന്‍ അബദ്ധം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ദേശീയ ഗാനത്തിനായി ഓസീസ്, ഇംഗ്ലണ്ട് താരങ്ങള്‍ ഗ്രൗണ്ടില്‍ അണിനിരന്നപ്പോള്‍ സ്റ്റേഡിയത്തില്‍ മുഴങ്ങിയത് ഇന്ത്യന്‍ ദേശീയ ഗാനമായ 'ജനഗണമന'!

ഇംഗ്ലണ്ടിന്റെ ദേശീയ ഗാനം ആലപിച്ചശേഷം ഓസ്‌ട്രേലിയയുടെ ദേശീയ ഗാനം തുടങ്ങുമ്പോഴാണ് ഇന്ത്യന്‍ ദേശീയ ഗാനത്തിലെ 'ഭാരത ഭാഗ്യവിധാതാ... എന്ന ഭാഗം സ്റ്റേഡിയത്തില്‍ മുഴങ്ങിയത്. ഇതോടെ കാണികള്‍ ആരവം മുഴക്കി. പിന്നാലെ അബദ്ധം തിരിച്ചറിഞ്ഞ സംഘാടകര്‍ പെട്ടെന്ന് തന്നെ ഓസ്‌ട്രേലിയയുടെ ദേശീയ ഗാനം പ്ലേ ചെയ്തു.

ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട് സംഘാടനത്തില്‍ നിരവധി പരാതികളും വിവാദങ്ങളും ഇതിനോടകം തന്നെ ഉയര്‍ന്നിരുന്നു. നേരത്തെ കറാച്ചി സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എട്ടില്‍ ഏഴ് രാജ്യങ്ങളുടേയും പതാക ഉയര്‍ന്നപ്പോള്‍ ഇന്ത്യന്‍ പതാക മാത്രം സ്ഥാപിച്ചിരുന്നില്ല. വിവാദമായതിനു പിന്നാലെയാണ് ഇന്ത്യന്‍ പതാകയും അധികൃതര്‍ ഉയര്‍ത്തിയത്.

പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യന്‍ നിലപാടിനെത്തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നിഷ്പക്ഷ വേദിയായ ദുബായിലാണ് നടക്കുന്നത്. ആതിഥേയ രാജ്യമായ പാകിസ്ഥാന്റെ പേര് പ്രിന്റ് ചെയ്ത ജേഴ്‌സികള്‍ ഇന്ത്യ ധരിക്കില്ലെന്ന റിപ്പോര്‍ട്ടുകളും വിവാദമായിരുന്നു.


Tags:    

Similar News