'പത്താം വയസ്സിൽ ഒന്നാം നിലയിൽ നിന്ന് താഴെ വീണു, ഒപ്പമുണ്ടായിരുന്നവർ ഞാൻ മരിച്ചു പോയെന്ന് കരുതി'; മരണത്തെ മുഖാമുഖം കണ്ട അനുഭവം വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റർ ജെമിമ റോഡ്രിഗ്സ്
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗ്സ് പത്താം വയസ്സിൽ മരണത്തെ മുഖാമുഖം കണ്ട ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി. ഒരു ഓഡിറ്റോറിയത്തിന്റെ ഒന്നാം നിലയിൽ നിന്ന് താൻ താഴേക്ക് വീണെന്നും, ഭാഗ്യവശാൽ ഗുരുതരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നും താരം ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. പത്തുവയസ്സുള്ളപ്പോൾ പള്ളിയിലെ ഒരു പരിപാടിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം ഓഡിറ്റോറിയത്തിലെത്തിയ ജെമിമ, മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം.
കളിക്കുന്നതിനിടെ ഒരു പെട്ടിയിൽ ചവിട്ടിയതോടെ താരം ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. താഴെ ഭക്ഷണം കഴിക്കുകയായിരുന്ന ഒരാളുടെ തലയിലേക്കാണ് ജെമിമ വീണത്. കൂടെയുണ്ടായിരുന്ന കുട്ടികൾ താൻ മരിച്ചുപോയെന്ന് കരുതിയതായും ആ വീഴ്ച അത്ര ഭീകരമായിരുന്നെന്നും താരം ഓർത്തെടുത്തു. എന്നാൽ, തനിക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചില്ലെന്ന് ജെമിമ കൂട്ടിച്ചേർത്തു. വീട്ടുകാരെല്ലാം ഭയന്നുപോയെന്നും അവർ പറഞ്ഞു.
നിലവിൽ വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി കളിക്കുകയാണ് ജെമിമ. ഇക്കഴിഞ്ഞ വനിതാ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെമി ഫൈനലിൽ താരം ഐതിഹാസിക ഇന്നിങ്സ് കളിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. ജെമിമ നേടിയ 127 റൺസിന്റെ ബലത്തിലാണ് ഇന്ത്യ ഫൈനലുറപ്പിച്ചതും, ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കന്നി ഏകദിന ലോകകപ്പ് ഉയർത്തിയതും. 25 വയസ്സുകാരിയായ ജെമിമ ഇന്ത്യക്കായി 115 ട്വന്റി-20 മത്സരങ്ങളിലും 59 ഏകദിന മത്സരങ്ങളിലും മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.