ലങ്കയിൽ ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി; നിലവിളിച്ച് യുവതി; ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി; പാക് ക്രിക്കറ്റ് ടീമിനെ നാണം കെടുത്തി പുതിയ വിവാദം
കൊളംബോ: ലോകകപ്പിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ പാക് ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് പുതിയ വിവാദം. ശ്രീലങ്കയിലെ കാൻഡിയിൽ താമസിക്കുന്നതിനിടെ ഹോട്ടലിലെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ പാക് സൂപ്പർ താരം കുടുങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ താരം പിഴയൊടുക്കി തടിയൂരിയെങ്കിലും സംഗതി ഇപ്പോൾ പാക് ക്രിക്കറ്റ് ബോർഡിനും തലവേദനയായിരിക്കുകയാണ്.
കാൻഡിയിലെ ആഡംബര ഹോട്ടലായ 'ഗോൾഡൻ ക്രൗണിൽ' വെച്ചായിരുന്നു സംഭവം. സൂപ്പർ എട്ടിലെ നിർണ്ണായക പോരാട്ടത്തിന് തൊട്ടുമുമ്പാണ് പാക് ടീമിനെ നാണംകെടുത്തിയ ഈ സംഭവം അരങ്ങേറിയത്. ഹൗസ് കീപ്പിങ് വിഭാഗത്തിലെ ജീവനക്കാരി മുറി വൃത്തിയാക്കാൻ എത്തിയപ്പോൾ താരം മോശമായി പെരുമാറുകയായിരുന്നു. പിന്നാലെ യുവതി നിലവിളിക്കുകയും സഹപ്രവർത്തകരെ വിവരമറിയിക്കുകയുമായിരുന്നു.
സംഭവം വഷളായതോടെ ഹോട്ടൽ മാനേജ്‌മെന്റ് കർശന നിലപാടെടുത്തു. പോലീസിൽ പരാതി നൽകുമെന്ന ഭീഷണി ഉയർന്നതോടെ പാക് ടീം മാനേജർ നവീദ് ചീമ നേരിട്ടെത്തി മാപ്പ് പറയുകയായിരുന്നു. ഒടുവിൽ താരത്തിന് പിഴ ശിക്ഷ വിധിച്ചാണ് തൽക്കാലം കേസ് ഒതുക്കിത്തീർത്തത്. കുറ്റക്കാരനായ താരം ആരാണെന്ന വിവരം നിലവിൽ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. എങ്കിലും പാകിസ്ഥാനിൽ തിരിച്ചെത്തുന്നതോടെ ഇയാൾ പിസിബിയുടെ അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകേണ്ടി വരും.
ഇതാദ്യമായല്ല പാക് താരങ്ങൾ ഇത്തരത്തിൽ 'കളി'ക്ക് പുറത്തെ കളിയിൽ കുടുങ്ങുന്നത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ വെച്ച് ഹൈദർ അലി ലൈംഗികാരോപണത്തിൽ പെട്ട് മാഞ്ചസ്റ്റർ പോലീസിന്റെ കസ്റ്റഡിയിലായിരുന്നു.