നോക്കൗട്ട് മത്സരങ്ങളിൽ സ്പെഷ്യലിസ്റ്റ്; വാംഖഡെയിൽ മികച്ച റെക്കോർഡ്; ഫോമിലല്ലെന്ന് കരുതി ആശ്വസിക്കണ്ട; ഇംഗ്ലണ്ടിന്റെ 'ജോസേട്ട'നെ പേടിക്കണം; ആ കണക്കുകൾ അറിയാം

Update: 2026-03-05 09:53 GMT

മുംബൈ: ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്ന ഇംഗ്ലണ്ടിന്റെ വെറ്ററൻ താരം ജോസ് ബട്‌ലർ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ വാംഖഡെ സ്റ്റേഡിയത്തിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളും നിർണായക മത്സരങ്ങളിലെ മികവും ഇന്ത്യക്ക് മുന്നറിയിപ്പാണ്. വ്യാഴാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരം.

ഈ ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 8.85 ശരാശരിയിൽ വെറും 62 റൺസ് മാത്രമാണ് ബട്‌ലർ നേടിയത്. കഴിഞ്ഞ അഞ്ച് ഇന്നിംഗ്‌സുകളിലും രണ്ടക്കം കാണാതെ പുറത്തായ താരം, തന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നിരുന്നാലും, വലിയ ടൂർണമെന്റുകളിൽ ശക്തമായി തിരിച്ചുവരാനുള്ള പ്രാവീണ്യം ബട്‌ലർക്കുണ്ട്.

വാംഖഡെ സ്റ്റേഡിയം ബട്‌ലറെ സംബന്ധിച്ച് പ്രിയപ്പെട്ട കളിക്കളമാണ്. ഐപിഎല്ലിലും മറ്റ് മത്സരങ്ങളിലുമായി ഇവിടെ കളിച്ച 31 മത്സരങ്ങളിൽ നിന്ന് 32.46 ശരാശരിയിൽ 143.82 സ്‌ട്രൈക്ക് റേറ്റിൽ 909 റൺസ് അദ്ദേഹം നേടി. 2022ൽ രാജസ്ഥാൻ റോയൽസിനായി ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ 116 റൺസ് വാംഖഡെ കണ്ട മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നാണ്. രോഹിത് ശർമയുടെ റെക്കോർഡുകൾക്ക് ഒപ്പമെത്തുന്ന പ്രകടനമാണ് ബട്‌ലർ വാംഖഡെയിൽ കാഴ്ചവെച്ചിട്ടുള്ളത്.

നിർണായക മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ചരിത്രവും ബട്‌ലർക്കുണ്ട്. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ 56.50 ശരാശരിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്. ഓരോ നോക്കൗട്ട് മത്സരത്തിലും 20 റൺസിന് മുകളിൽ സ്‌കോർ ചെയ്യാനും സാധിച്ചു. 2022 സെമി ഫൈനലിൽ അഡ്ലെയ്ഡിൽ വെച്ച് ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചപ്പോൾ, ബട്‌ലർ പുറത്താകാതെ നേടിയ 80 റൺസ് ഇന്ത്യൻ ആരാധകർക്ക് ഇപ്പോഴും ഓർമ്മയുണ്ട്.

മോശം ഫോമിലായിരുന്നിട്ടും ഇംഗ്ലീഷ് ക്യാമ്പിൽ ബട്‌ലറുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടാത്തതാണെന്ന് നായകൻ ഹാരി ബ്രൂക്ക് വ്യക്തമാക്കി. "അദ്ദേഹത്തോട് അധികമൊന്നും സംസാരിക്കേണ്ടി വരാറില്ല. പലപ്പോഴും അദ്ദേഹത്തെ സ്വസ്ഥമായി വിടുന്നതാണ് നല്ലത്. വർഷങ്ങളായി ലോകോത്തര ക്രിക്കറ്ററാണ് അദ്ദേഹം," ബ്രൂക്ക് പറഞ്ഞു. 

Tags:    

Similar News