'എനിക്ക് വീട്ടില്‍ പോകണം' എന്ന് എക്‌സില്‍ ഡാരന്‍ സമി; ലോകകപ്പില്‍ നിന്നും പുറത്തായിട്ടും ഇന്ത്യയില്‍ നിന്നും മടങ്ങാനാകാതെ വിന്‍ഡീസ് താരങ്ങള്‍; സിംബാബ്വെ ടീമും ഇന്ത്യയില്‍; പശ്ചിമേഷ്യ യുദ്ധഭീതിയില്‍ വലഞ്ഞ് കായിക ലോകവും

Update: 2026-03-05 10:16 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കായിക ലോകത്തെയും ബാധിച്ചിരിക്കുകയാണ്. ലോകകപ്പ് പോരാട്ടങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാനിരുന്ന വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം അപ്രതീക്ഷിതമായി ഇന്ത്യയില്‍ കുടുങ്ങിയതാണ് ഒടുവിലത്തെ സംഭവം. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താറുമാറായതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്. ദിവസങ്ങളായിട്ടും യാത്രയ്ക്കുള്ള ക്ലിയറന്‍സ് ലഭിക്കാത്ത സാഹചര്യത്തില്‍ വിന്‍ഡീസ് പരിശീലകന്‍ ഡാരന്‍ സമി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ത്ഥന ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

വിന്‍ഡീസ് താരങ്ങള്‍ക്ക് എപ്പോഴാണ് നാട്ടിലേക്ക് മടങ്ങുക എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ദിവസങ്ങളോളം ഇന്ത്യയില്‍ കുടുങ്ങിയതോടെ അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് വിന്‍ഡീസ് കോച്ച് ഡാരന്‍ സമി. തനിക്ക് വീട്ടിലേക്ക് മടങ്ങണമെന്നഭ്യര്‍ഥിച്ച് സമി പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. എനിക്ക് വീട്ടില്‍ പോകണം - സമി എക്സില്‍ കുറിച്ചു.

വിഷയത്തില്‍ വിന്‍ഡീസ് ടീം ഐസിസിയുമായി ചേര്‍ന്ന് ഇടപെടലുകള്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ അധികൃതരുമായും ബന്ധപ്പെടുന്നുണ്ട്. വിന്‍ഡീസ് ടീം ഇന്ത്യയില്‍ തുടരുകയാണെന്നും എപ്പോഴാണ് മടങ്ങുക എന്നത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ലെന്നും ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഐസിസി സാഹചര്യം നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം പറയുന്നു. സൂപ്പര്‍ എട്ടിലെ അവസാനമത്സരത്തില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെയാണ് വിന്‍ഡീസ് ലോകകപ്പില്‍ നിന്ന് പുറത്തായത്. വിജയിച്ച ഇന്ത്യന്‍ ടീം സെമിയിലേക്ക് മുന്നേറുകയും ചെയ്തു. മലയാളി താരം സഞ്ജു സാംസണിന്റെ അര്‍ധസെഞ്ചുറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ്. സമിക്ക് പുറമെ സെമിയിലെത്താതെ പുറത്തായ സിംബാബ്വെ ടീമും സമാനമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ തുടരുകയാണ്.

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ താറുമാറായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുണ്ടായ നാശനഷ്ടങ്ങള്‍ പ്രതിസന്ധി രൂക്ഷമാക്കി. സുരക്ഷാ കാരണങ്ങളാല്‍ പല അന്താരാഷ്ട്ര വിമാനക്കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.

കളിക്കാരുടെ സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കാന്‍ ഐസിസിയുമായും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നുവെന്നും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ബോര്‍ഡ് വ്യക്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് ടീം നിലവില്‍ ഇന്ത്യയിലുണ്ട്. അവര്‍ എപ്പോള്‍ മടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഐസിസി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

നിലവില്‍ താരങ്ങള്‍ സുരക്ഷിതരാണെങ്കിലും, അനിശ്ചിതത്വം നീളുന്നത് ടീമിനെ മാനസികമായി തളര്‍ത്തുന്നുണ്ട്. വ്യോമപാതകള്‍ എന്നത്തേക്ക് സാധാരണ നിലയിലാകുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

Similar News