ഇന്ത്യക്ക് ടോസ് നഷ്ടം; വാങ്കഡെയിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു ബ്രൂക്ക്; ഇംഗ്ലണ്ടിനെ പൂട്ടാൻ സൂര്യയും സംഘവും; മാറ്റമില്ലാതെ നീലപ്പട; തുടർച്ചയായ മൂന്നാം സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ
മുംബൈ: ടി20 ലോകകപ്പിലെ നിർണ്ണായകമായ സെമിഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് ഭാഗ്യം ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനൊപ്പമായിരുന്നു. ഇന്ത്യ മാറ്റങ്ങളൊന്നുമില്ലാതെയാണ് കളത്തിലിറങ്ങുന്നത്. ടോസ് നഷ്ടപ്പെട്ടെങ്കിലും തങ്ങൾ ആദ്യം ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി. തുടർച്ചയായ മൂന്നാം ടി20 ലോകകപ്പിലാണ് ഇരുടീമുകളും സെമിഫൈനലിൽ ഏറ്റുമുട്ടുന്നത്. മുൻപത്തെ രണ്ട് എഡിഷനുകളിലും ഈ പോരാട്ടത്തിൽ വിജയിച്ചവരാണ് കിരീടം ചൂടിയത്.
സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ഇന്ന് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു സാംസൺ പുറത്തെടുത്ത 97 റൺസിന്റെ പോരാട്ടവീര്യമാണ് ഇന്ത്യയെ സെമിയിൽ എത്തിച്ചത്. മറുഭാഗത്ത്, അവസാന അഞ്ച് മത്സരങ്ങളിലും വിജയിച്ചെത്തുന്ന ഹാരി ബ്രൂക്കിന്റെ ഇംഗ്ലണ്ട് പടയും മികച്ച ഫോമിലാണ്. ഓൾറൗണ്ടർ വിൽ ജാക്സിന്റെ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ പ്രധാന കരുത്ത്.
ഇന്ന് വിജയിക്കുന്നവർ ഞായറാഴ്ച നടക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ നേരിടും. താരതമ്യേന നല്ല വിക്കറ്റാണെന്നും പന്തിൽ മികച്ച തുടക്കം ലഭിക്കുമെന്നും ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്ക് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യൻ ടീമിന് കൂടുതൽ അനുഭവസമ്പത്തുണ്ടെന്ന് സമ്മതിച്ച അദ്ദേഹം, സാഹചര്യങ്ങൾ വിലയിരുത്തി മികച്ച കളി പുറത്തെടുക്കുമെന്ന് വ്യക്തമാക്കി.
ടീം വിവരങ്ങൾ:
ഇന്ത്യ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (WK), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (C), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട്: ഫിൽ സാൾട്ട്, ജോസ് ബട്ട്ലർ (WK), ഹാരി ബ്രൂക്ക് (C), ജേക്കബ് ബെഥൽ, ടോം ബാന്റൺ, സാം കുറാൻ, വിൽ ജാക്സ്, ലിയാം ഡോസൺ, ജാമി ഓവർട്ടൺ (റെഹാൻ അഹമ്മദിന് പകരം), ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.