വൈഷ്ണയുടെ ഒറ്റയാൾ പോരാട്ടം പാഴായി; ഗുജറാത്തിന് മുന്നിൽ കേരളം തകർന്നു; അണ്ടർ 23 ഏകദിന ടൂർണമെന്റിൽ കേരളത്തിന് രണ്ടാം തോൽവി; 52 റൺസിന് പരാജയപ്പെട്ട് പെൺപട

Update: 2026-03-05 13:27 GMT

പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഗുജറാത്തിനെതിരെ കേരളത്തിന് 52 റൺസിന്റെ തോൽവി. ടൂർണമെന്റിൽ കേരളത്തിന്റെ രണ്ടാം പരാജയമാണിത്. 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 44.5 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 64 റൺസെടുത്ത വൈഷ്ണ എം.പി.യുടെ ഒറ്റയാൾ പോരാട്ടം പാഴായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. ഓപ്പണർ വൻഷിക തുടക്കത്തിൽ പുറത്തായെങ്കിലും, ചാർളി സോളങ്കിയും സിയ പട്ടേലും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും അടുത്തടുത്ത ഓവറുകളിൽ മടങ്ങിയതോടെ 44 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. എന്നാൽ തുടർന്നെത്തിയ ക്യാപ്റ്റൻ നിധിബെൻ ദേശായ് (50*), സ്തുതി ജനി (48), ജിയ ജെയിൻ (45) എന്നിവരുടെ മികച്ച ഇന്നിങ്സുകളാണ് ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. കേരളത്തിനായി നിയ നസ്നീൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഓപ്പണർമാരായ ദിയ ഗിരീഷും വൈഷ്ണ എം.പി.യും ചേർന്ന് 77 റൺസിന്റെ മികച്ച കൂട്ടുകെട്ട് നൽകി മികച്ച തുടക്കമിട്ടു. 37 റൺസെടുത്ത ദിയ പുറത്തായത് തിരിച്ചടിയായി. പിന്നീട് വന്ന ശ്രദ്ധ സുമേഷും ശ്രേയ പി. സിജുവും റണ്ണൊന്നുമെടുക്കാതെ മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന വൈഷ്ണ, അനന്യ കെ. പ്രദീപിനും (10) നജ്‌ല സി.എം.സി.ക്കും (16) ഒപ്പം ചെറുത്തുനിന്നെങ്കിലും 64 റൺസെടുത്ത് വൈഷ്ണ പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് തകർന്നടിഞ്ഞു. വെറും 19 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച അഞ്ച് വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടതോടെ കേരളം 160 റൺസിന് ഓൾ ഔട്ടായി. ഗുജറാത്തിനായി പുഷ്ടി നഡ്കർണി മൂന്ന് വിക്കറ്റും, ഗൗരി ഗോയൽ, ശിവാനി ഗുപ്ത, നിധിബെൻ ദേശായ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    

Similar News