അവസാന ഓവറുകളിൽ അടിച്ചു കസറി ആശ ശോഭന; ലിച്ച്ഫീൽഡിന്റെ അർധസെഞ്ചുറിയും പാഴായി; വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്തിന് മിന്നും ജയം; യു.പിയെ പരാജയപ്പെടുത്തിയത് 10 റൺസിന്
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്‌സിനെ 10 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ജയന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്‌സ്, ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നറുടെ 65 റൺസിന്റെയും അവസാന ഓവറുകളിൽ ജോർജിയ വെയർഹാം നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും മികവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുപി വാരിയേഴ്‌സിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഗുജറാത്ത് ജയന്റ്‌സിനായി ജോർജിയ വെയർഹാം 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഓപ്പണർ കിരൺ നവഗിരി അഞ്ചാം പന്തിൽ പുറത്തായതോടെ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വാരിയേഴ്സിന്റെ തുടക്കം പാളി. എന്നാൽ, ക്യാപ്റ്റൻ മെഗ് ലാനിംഗും (27 പന്തിൽ 30) ഫോബ് ലിച്ച്ഫീൽഡും രണ്ടാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്ത് ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചു. അതിനുശേഷം വാരിയേഴ്സിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. ലാനിംഗ്, ഹർലീൻ ഡിയോൾ (0), ദീപ്തി ശർമ്മ (1) എന്നിവർ അഞ്ച് പന്തുകളുടെ ഇടവേളയിൽ ഒരു റൺ പോലും കൂട്ടിച്ചേർക്കാതെ പുറത്തായി. ഇതോടെ ഒൻപതാം ഓവറിൽ 73-ന് 1 എന്ന നിലയിൽ നിന്ന് പത്താം ഓവറിൽ 74-ന് 4 എന്ന നിലയിലേക്ക് വാരിയേഴ്സ് കൂപ്പുകുത്തി.
തുടർന്ന് ലിച്ച്ഫീൽഡും ശ്വേത സെഹ്‌രാവത്തും (25) തമ്മിൽ 69 റൺസിന്റെ കൂട്ടുകെട്ട് പിറന്നു. ലിച്ച്ഫീൽഡ് എട്ട് ഫോറുകളും അഞ്ച് സിക്സറുകളും പറത്തി വാരിയേഴ്സിനെ വിജയപ്രതീക്ഷയിൽ നിലനിർത്തിയെങ്കിലും, 16-ാം ഓവറിൽ താരം പുറത്തായത് വാരിയേഴ്സിന്റെ ചെറുത്തുനിൽപ്പിന് വിരാമമിട്ടു. അവസാന ഓവറുകളിൽ ആശ ശോഭന 10 പന്തിൽ പുറത്താകാതെ 27 റൺസ് നേടി പോരാടിയെങ്കിലും അത് ടീമിനെ വിജയത്തിലെത്തിച്ചില്ല.
നേരത്തെ ടോസ് നഷ്ടപ്പെട്ട ബാറ്റിങിനിറങ്ങിയ ഗുജറാത്ത് ജയന്റ്‌സിന് ക്യാപ്റ്റൻ ആഷ്ലി ഗാർഡ്‌നറുടെ തകർപ്പൻ പ്രകടനമാണ് മികച്ച സ്കോർ സമ്മാനിച്ചത്. 41 പന്തിൽ ആറ് ഫോറുകളും മൂന്ന് സിക്‌സറുകളും സഹിതം 65 റൺസാണ് ഗാർഡ്‌നർ നേടിയത്. സോഫി ഡിവൈൻ 20 പന്തിൽ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 38 റൺസ് നേടി മികച്ച പിന്തുണ നൽകി.
അനുഷ്‌ക ശർമ്മ 30 പന്തിൽ 44 റൺസെടുത്ത് തിളങ്ങി. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ജോർജിയ 10 പന്തിൽ ഒരു ഫോറും മൂന്ന് സിക്സറുമടക്കം 27 റൺസെടുത്ത് പുറത്താകാതെ നിന്നു. ഭാരതി ഫുൽമാലി 7 പന്തിൽ രണ്ട് സിക്സറുകളടക്കം 14 റൺസെടുത്ത് പുറത്താകാതെ നിന്ന് സ്കോർ 200 കടത്തി. യുപി വാരിയേഴ്സിനായി സോഫി എക്ലസ്റ്റോൺ രണ്ട് വിക്കറ്റ് വീഴ്ത്തി. ശിഖാ പാണ്ഡെയും ദിയേന്ദ്ര ഡോട്ടിനും ഓരോ വിക്കറ്റ് സ്വന്തമാക്കി.
