'അവന്റെ കാര്യത്തിൽ സെലക്ടർമാർ ക്ഷമ കാണിക്കണം'; പന്തെറിയാനും ബാറ്റ് ചെയ്യാനും കഴിവുള്ള താരങ്ങൾ കുറവ്; ആ താരത്തിന് കൂടുതൽ അവസരം നൽകണമെന്നും മുൻ താരം

Update: 2026-01-10 07:44 GMT

വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇതുവരെ ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും, റെഡ്ഡിക്ക് ടീമിൽ തുടർച്ചയായി അവസരങ്ങൾ നൽകണമെന്ന് പത്താൻ ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്‌വാദിന് പകരം റെഡ്ഡിയെ സെലക്ടർമാർ ടീമിലെടുത്ത പശ്ചാത്തലത്തിലാണ് പത്താന്റെ ഈ പ്രതികരണം.

ഇന്ത്യക്ക് 130 കിലോമീറ്റർ വേഗതയിൽ പന്തെറിയാനും ബാറ്റ് ചെയ്യാനും കഴിവുള്ള ഓൾറൗണ്ടർമാർ കുറവാണെന്ന് പത്താൻ ചൂണ്ടിക്കാട്ടി. നിലവിൽ ഇന്ത്യൻ ടീമിലെ പ്രധാന ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യക്ക് കരിയറിന്റെ തുടക്കത്തിൽ രണ്ടോ മൂന്നോ വർഷം തുടർച്ചയായി അവസരങ്ങൾ ലഭിച്ചത് കൊണ്ടാണ് അദ്ദേഹം ഈ നിലയിൽ എത്തിയതെന്നും പത്താൻ ഓർമ്മിപ്പിച്ചു. അതിനാൽ, നിതീഷ് കുമാർ റെഡ്ഡിയുടെ കാര്യത്തിലും സെലക്ടർമാരും ആരാധകരും കൂടുതൽ ക്ഷമ കാണിക്കണമെന്നും അദ്ദേഹം തന്റെ യൂട്യൂബ് വീഡിയോയിൽ ആവശ്യപ്പെട്ടു.

ക്ഷമ കാണിച്ചില്ലെങ്കിൽ റെഡ്ഡിയുടെ യഥാർത്ഥ പ്രതിഭ പുറത്തുകൊണ്ടുവരാനുള്ള അവസരമാണ് നഷ്ടമാകുന്നതെന്ന് പത്താൻ മുന്നറിയിപ്പ് നൽകി. മെൽബണിൽ നേടിയ ഒരു ടെസ്റ്റ് സെഞ്ചുറി മാത്രമാണ് റെഡ്ഡിയുടെ മികച്ച ഇന്നിംഗ്സായി വിലയിരുത്തപ്പെടുന്നത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ലഭിച്ച അവസരങ്ങളിൽ തിളങ്ങാൻ റെഡ്ഡിക്ക് കഴിഞ്ഞിട്ടില്ലെന്നത് യാഥാർത്ഥ്യമാണെങ്കിലും, സമാനമായ കഴിവുകളുള്ള കളിക്കാർ കുറവായതിനാൽ താരത്തോട് കൂടുതൽ ക്ഷമ കാണിക്കാൻ എല്ലാവരും തയ്യാറാകണമെന്നും പത്താൻ അഭ്യർത്ഥിച്ചു.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര ഋഷഭ് പന്തിനും നിർണായകമാണെന്ന് ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു. ഏകദിന ടീമിൽ സ്ഥാനം നിലനിർത്തിയെങ്കിലും, കെ എൽ രാഹുൽ വിക്കറ്റ് കീപ്പറായി സ്ഥാനം ഉറപ്പിച്ചതിനാൽ പ്ലേയിംഗ് ഇലവനിൽ പന്തിന് ഇടം കണ്ടെത്തുന്നത് പ്രയാസകരമാകും. അവസരങ്ങൾ നൽകാതെ ഒരു താരത്തിന് എങ്ങനെ മികവ് തെളിയിക്കാനാകുമെന്ന് പത്താൻ ചോദ്യം ചെയ്തു. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിയെ അഞ്ച് വർഷത്തിന് ശേഷം ക്വാർട്ടർ ഫൈനലിൽ എത്തിച്ചതിന് പിന്നിൽ പന്തിന്റെ മികച്ച നേതൃത്വമായിരുന്നു.

Tags:    

Similar News