പരിശീലനത്തിനിടെ ഋഷഭ് പന്തിന് പരിക്ക്; ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പുറത്ത്; പകരക്കാരന്‍ ആര്? ഇഷാന്‍ കിഷനും ധ്രുവ് ജുറെലും പരിഗണനയില്‍
വഡോദര: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു കനത്ത തിരിച്ചടി. പരുക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ടീമില്‍നിന്നു പുറത്തായി. വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന ഓപ്ഷനല്‍ പരിശീലന സെഷനില്‍ നെറ്റ്‌സില്‍ ബാറ്റു ചെയ്യന്നതിനിടെയാണ് പന്തിനു പരുക്കേറ്റത്. ഏകദേശം ഒരു മണിക്കൂറോളം നന്നായി ബാറ്റു ചെയ്തു ശേഷം ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റിനെ നേരിടുന്നതിനിടെ അരയ്ക്കു മുകളില്‍ ബോള്‍ കൊള്ളുകയായിരുന്നു.
കഠിനമായ വേദന കാരണം ഉടന്‍ തന്നെ താരം മുട്ടുകുത്തി വീണു. സപ്പോര്‍ട്ട് സ്റ്റാഫ് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഉടന്‍ തന്നെ താരം ഗ്രൗണ്ട് വിട്ടു. സ്‌കാനിങ്ങില്‍ വാരിയെല്ലിന് പരുക്കേറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയില്‍നിന്നു ഋഷഭ് പന്തിനെ ഒഴിവാക്കിയതെന്ന് ബിസിസിഐ വൃത്തങ്ങള്‍ ഐഎഎന്‍എസിനോട് വ്യക്തമാക്കി. കുറച്ചുദിവസത്തെ വിശ്രമത്തിനു ശേഷം ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ (സിഒഇ) ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമേ ഇനി താരത്തിനു ടീമിലേക്കു തിരിച്ചെത്താനാകൂ.
വിജയ് ഹസാരെ ട്രോഫിയില്‍, ഡല്‍ഹി ടീമിനെ നോക്കൗട്ടിലേക്കു നയിച്ചശേഷമാണ് പന്ത് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഡല്‍ഹിക്കായി പന്ത് രണ്ട് അര്‍ധസെഞ്ചറി നേടിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യയുടെ ഏകദിന ടീമിന്റ ഭാഗമാണെങ്കില്‍ 2024 ഓഗസ്റ്റില്‍ ശ്രീലങ്കന്‍ പര്യടനത്തിലാണ് താരം ഏറ്റവുമൊടുവില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടത്. കെ.എല്‍.രാഹുലാണ് ഏകദിന ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പര്‍. ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കു മുന്‍പ് പന്തിനെ ടീമില്‍നിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും താരത്തെ നിലനിര്‍ത്തുകയായിരുന്നു.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പരുക്കേറ്റ് പുറത്തുപോകേണ്ടി വന്നിരിക്കുകയാണ്. 2022ല്‍ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശേഷം ടീമിലേക്കു മടങ്ങിയെത്തിയ പന്തിന് കഴിഞ്ഞവര്‍ഷം മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടയിലും കാലിനു പരുക്കറ്റിരുന്നു. ഇതിനു ശേഷം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
പന്ത് പുറത്തായതോടെ ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ പകരം താരത്തെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. വിക്കറ്റ് കീപ്പര്‍മാരായ ധ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ക്കാണ് സാധ്യത. വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ചറികളടക്കം നേടി മിന്നും ഫോമിലുള്ള ജുറേലിനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഇടംകയ്യന്‍ വിക്കറ്റ് കീപ്പറെ തന്നെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ഇഷാന്‍ കിഷനെത്തും. ട്വന്റി20യില്‍ ഒന്നാം വിക്കറ്റ് കീപ്പറായ സഞ്ജു സാംസണെ പരിഗണിച്ചേക്കില്ല.
പന്തിന്റെ പരിക്ക് എത്രമാത്രം ഗൗരവതരമാണെന്നതിനെക്കുറിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഋഷഭ് പന്തിന്റെ പകരക്കാരനെയും ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കെ എല്‍ രാഹുല്‍ ആണ് ഏകദിനങ്ങളിലെ പ്രധാന വിക്കറ്റ് കീപ്പര്‍ എന്നതിനാല്‍ ആദ്യ ഏകദിനത്തിന് മുമ്പ് പന്തിന്റെ പകരക്കാരനെ പ്രഖ്യാപിക്കാനിടയില്ലെന്നാണ് കരുതുന്നത്. 2022ലെ കാര്‍ അപകടത്തിനുശേഷം ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയ പന്തിന് ഒരേയൊരു ഏകദിനത്തില്‍ മാത്രമാണ് പ്ലേയിംഗ് ഇവനില്‍ ഇടം ലഭിച്ചത്.
ഇഷാന്‍ കിഷനും സഞ്ജു സാംസണും ടി20 ലോകകപ്പ് ടീമിന്റെ ഭാഗമായതിനാല്‍ ധ്രുവ് ജുറെലിനെ പകരക്കാരനായി ടീമിലെടുക്കാനാണ് സാധ്യത. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനായി ഏഴ് മത്സരങ്ങളില്‍ നിന്ന് നാലു അര്‍ധസെഞ്ചുറിയും രണ്ട് സെഞ്ചുറിയും ഉള്‍പ്പെടെ 590 റണ്‍സടിച്ച ധ്രുവ് ജുറെല്‍ മിന്നും ഫോമിലാണ്. സഞ്ജു സാംസണാകട്ടെ വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച രണ്ട് കളികളിലൊന്നില്‍ സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഇടം കൈയനായ പന്തിന് പകരം ഇടം കൈയന്‍ ബാറ്ററെ തന്നെ സെലക്ടര്‍മാര്‍ പരിഗണിച്ചാല്‍ ഇഷാന്‍ കിഷന്‍ ആകും പകരക്കാരനായി ടീമിലെത്തുക.
