കാൺപൂർ ടെസ്റ്റിലെ ഇന്ത്യയുടെ ഐതിഹാസിക വിജയം; തന്ത്രങ്ങൾ മെനഞ്ഞ് രോഹിത്; ചർച്ചയായി ഗംഭീറിന് കീഴിലുള്ള ടീമിന്റെ ആക്രമണ ശൈലി

Update: 2024-10-01 11:47 GMT

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലവും ഓര്‍മിക്കപ്പെടുന്ന ഐതിഹാസിക ടെസ്റ്റ് ജയമാവും കാൺപൂരിലെ ബംഗ്ളാദേശിനെതിരെ കഴിഞ്ഞത്. ഒരു ടെസ്റ്റ് രണ്ട് ദിവസം പോലും പൂർണമായും എടുക്കാതെ ജയിച്ചു കയറുമ്പോൾ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സംഘവും അഭിനന്ദനം അർഹിക്കുന്നു. എന്നാൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പരിശീലകരിലൊരാളായ ദ്രാവിഡിന്റെ സ്ഥാനത്തേക്കെത്തിയ ഗൗതം ഗംഭീർ എത്ര പെട്ടെന്ന് ടീമിനെ സ്വാധീനിച്ച് തുടങ്ങി എന്നതിനുദാഹരണം കൂടിയായിരുന്നു ഈ മത്സരം. ഈ മത്സരം സമനില നേടിയാലും പരമ്പര ഇന്ത്യക്ക് സ്വന്തമാകുമായിരുന്നു. എന്നാൽ ബാക്കിയുണ്ടായിരുന്ന രണ്ട് ദിവസം കൊണ്ട് മത്സരം ജയിക്കാൻ കാണിച്ച ആക്രമണ ശൈലി പുതിയ പരിശീലകന് കീഴിൽ കിട്ടിയ ഊർജ്ജം കൊണ്ട് കൂടിയാണ്.

ബംഗ്ലാദേശ് സമനിലക്കായി കളിക്കുമെന്ന് ഉറപ്പായിരുന്നു രോഹിത്തും സംഘവും ചേർന്ന് ടെസ്റ്റിന്റെ ശൈലി മാറ്റിയതോടെ ഇന്ത്യ വിജയം കൈവരിച്ചു. മഴ പ്രവചിച്ചിരുന്നു മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തത് മുതൽ മത്സരത്തിനോടുള്ള ടീമിന്റെ സമീപനം വ്യക്തമായിരുന്നു. ഇന്ത്യ ബാറ്റിങ്ങായിരുന്നു തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ഒരുപക്ഷേ, ഈ മത്സരം സമനിലയില്‍ കലാശിക്കുമായിരുന്നു. അവിടെയാണ് മത്സരം ഏതു രീതിക്ക് കൈകാര്യം ചെയ്‌താൽ കിട്ടുന്ന ദിവസങ്ങൾ കൊണ്ട് വാശിയേറിയൊരു പോരാട്ടം കാഴ്ചവെക്കാനാവുമെന്നതിനെക്കുറിച്ച് ടീം ചിന്തിച്ചത്. ബൗളിങ് തിരഞ്ഞെടുത്തതിനാല്‍ ബംഗ്ലാദേശിനെ വേഗത്തില്‍ എറിഞ്ഞുതകര്‍ത്ത് അതിനനുസരിച്ചുള്ള കളിശൈലി സ്വീകരിക്കാനായി.

ഹോം ഗ്രൗണ്ട് ടെസ്റ്റില്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടോസ് വിജയിച്ച ശേഷം ഇന്ത്യ ബൗളിങ്‌ തിരഞ്ഞെടുത്തത്. 2015-ല്‍ വിരാട് കോലി ക്യാപ്റ്റനായിരിക്കേ, ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ടോസ് നേടിയശേഷം ഇന്ത്യ അവസാനമായി ഹോംഗ്രൗണ്ട് ടെസ്റ്റില്‍ ബൗളിങ് തിരഞ്ഞെടുത്തത്. അതിനാല്‍ത്തന്നെ ഇത്രയുംവര്‍ഷത്തെ ഇടവേള കഴിഞ്ഞ് രോഹിത് ബൗളിങ് തിരഞ്ഞെടുത്തതില്‍ പലരും അതിശയപ്പെട്ടു.

കാൺപുരില്‍ ആദ്യമേ മഴ പ്രവചിക്കപ്പെട്ടിരുന്നതിനാല്‍ എത്ര ദിവസം കിട്ടുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാൽ ടോസ് നേടി ബിഡലിംഗ്‌ തിരഞ്ഞെടുത്താൽ ബംഗ്ലാദേശിന്റെ കളിനീക്കങ്ങള്‍ക്കനുസരിച്ച് ശൈലി സ്വീകരിക്കാമെന്നായിരിക്കണം രോഹിത്തിന്റെയും ഗംഭീറിന്റെയും മനസ്സിലുണ്ടായിരുന്നത്. അത് നന്നായി സംഭവിച്ചു എന്ന തന്നെ പറയാം.

ആദ്യദിനം എറിയാന്‍ കഴിഞ്ഞത് 35 ഓവര്‍ മാത്രം. 107-ന് മൂന്ന് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. രണ്ടാംദിനം പൂര്‍ണമായ മഴയായതിനാല്‍ കളി നടന്നില്ല. മൂന്നാംദിനം മതിയായ വെയിലില്ലാതെ ഗ്രൗണ്ട് ഉണങ്ങാതായതോടെ അന്നും കളി ഉപേക്ഷിക്കേണ്ടി വന്നു.

എന്നാൽ കിട്ടിയ രണ്ട് ദിവസം ഇന്ത്യ ബംഗ്ലാദേശിനെ വെള്ളം കുടിപ്പിച്ചു. ഒരു സെഷനിൽ പോലും അവർക്ക് ഇന്ത്യയുടെ മേൽ ആധിപത്യം സൃഷ്ടിക്കാനായില്ല. നാലാംദിനം ബംഗ്ലാദേശിനെ 233-ന് തകര്‍ത്തത്തോടെയാണ് ഇന്ത്യ ശെരിക്കും അവരുടെ കളിയോടുള്ള സമീപനം പുറത്തു കാട്ടിയത്. ടി20യെ അനുസ്മരിപ്പിക്കുന്ന വിധം ബാറ്റുവീശിയ ടീം വിക്കറ്റ് നഷ്ട്ടപ്പെടുത്തതിൽ ഭയപ്പെടാതെ വേഗത്തില്‍ ലീഡ് നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അന്തംവിട്ട് പന്തെറിഞ്ഞ ബംഗ്ളാദേശ് ബൗളർമാർ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ വില്ലോയുടെ ചൂടറിഞ്ഞു.

രോഹിത്തിത്തും ജയ്‌സ്വാളും ചേർന്ന് വേഗത്തിലാണ് റണ്‍സുയര്‍ത്തിയത്. മൂന്നോവറില്‍ 50 റണ്‍സ്, 10.1 ഓവറില്‍ 100 റണ്‍സ്, 18.2 ഓവറില്‍ 150 റണ്‍സ്, 24.4 ഓവറില്‍ 200 റണ്‍സ്, മുപ്പതാം ഓവറില്‍ 250 റണ്‍സ് എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. ഇതുവഴി അഞ്ച് റെക്കോഡുകളും പിറന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 50, 100, 150, 200, 250 റണ്‍സ് താണ്ടുന്ന ടീമായി ഇന്ത്യ മാറി.

52 റണ്‍സിന്റെ ലീഡുമായി ഇന്ത്യ നാലാംദിനം ഒന്‍പത് വിക്കറ്റില്‍ നില്‍ക്കേ ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ച് രണ്ട് വിക്കറ്റുകളും നേടി. ബാക്കി വിക്കറ്റുകള്‍ അഞ്ചാംദിനം നേരത്തേ നേടുകയും ബംഗ്ലാദേശിനെ 146 റണ്‍സിന് ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്നുവീതം വിക്കറ്റുകള്‍ നേടിയ ബുംറ, അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യക്ക് വിജയം കൊണ്ടുവന്നത്. രണ്ട് ഇന്നിങ്സിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ജയ്‌സ്വാളായിരുന്നു കളിയിലെ താരം.

Tags:    

Similar News