വിദേശ താരങ്ങളുടെ ക്വാട്ട പൂർത്തിയായത് രാജസ്ഥാന് വെല്ലുവിളി; സാം കറനെ ടീമിലെത്തിക്കണമെങ്കിൽ വിദേശ താരത്തെ ഒഴിവാക്കണം, ഉയർന്ന പ്രതിഫലവും തിരിച്ചടി; താരക്കൈമാറ്റം നീളും?
ജയ്പൂർ: ഐപിഎൽ താരക്കൈമാറ്റ ചർച്ചകളിൽ നിർണായക വഴിത്തിരിവ്. ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ സഞ്ജുവിനെ സ്വന്തമാക്കാൻ നീക്കം ശക്തമാക്കിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രവീന്ദ്ര ജഡേജയെയും സാം കറനെയും കൈമാറി സഞ്ജുവിനെ എത്തിക്കാനാണ് ചെന്നൈ ആലോചിക്കുന്നതെന്നാണ് സൂചന. ഇരു ടീമുകളും താരങ്ങളിൽ നിന്ന് സമ്മതപത്രം വാങ്ങിക്കഴിഞ്ഞു. ബിസിസിഐയുടെയും ഇസിബിയുടെയും അനുമതി ലഭിച്ചാൽ നടപടികൾ പൂർത്തിയാകും.
എന്നാൽ, ഈ നീക്കത്തിൽ രാജസ്ഥാന് മുന്നിൽ വലിയ വെല്ലുവിളി നിലനിൽക്കുന്നുണ്ട്. സാം കറനെ ടീമിലെത്തിക്കാൻ ഓവർസീസ് ക്വാട്ടയിലെ ഒഴിവ് ഒരു പ്രധാന പ്രശ്നമാണ്. നിലവിലെ വിദേശ താരങ്ങളിലൊരാളെ ഒഴിവാക്കാതെ ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറനെ ഉൾപ്പെടുത്താൻ രാജസ്ഥാന് കഴിയില്ല. ഇതിന് പുറമെ, സാം കറന്റെ ഉയർന്ന പ്രതിഫലവും (ചെന്നൈയിൽ 2.4 കോടി രൂപ) ഒരു തടസ്സമാണ്. ലേലത്തിൽ രാജസ്ഥാന് ആകെയുള്ളത് 30 ലക്ഷം രൂപ മാത്രമാണ്. വിലയേറിയ താരങ്ങളെ വിറ്റുമാത്രമേ സാം കറനെയും ജഡേജയെയും ടീമിലെത്തിക്കാൻ കഴിയൂ.
ഈ സാഹചര്യത്തിൽ, ശ്രീലങ്കൻ ഓൾറൗണ്ടർ വാനിന്ദു ഹസരങ്കയെ രാജസ്ഥാൻ ഒഴിവാക്കിയേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മഹീഷ് തീക്ഷണയെ ഒഴിവാക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും, ഹസരങ്കയെ കൂടി ഒഴിവാക്കിയാൽ മാത്രമേ സാം കറനെ എത്തിക്കാൻ രാജസ്ഥാന് സാധിക്കൂ എന്നാണ് വിലയിരുത്തൽ.
അതേസമയം, സഞ്ജുവിന് പിറന്നാൾ ആശംസകളുമായി ചെന്നൈ സൂപ്പർ കിംഗ്‌സ് പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റ് വൈറലായി. ഇത് സഞ്ജു ചെന്നൈയിലെത്തുമെന്ന സൂചനയായി ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. താരലേലത്തിന് മുമ്പ്, ഈ മാസം 15-ന് മുമ്പ് നിലനിർത്തുന്ന താരങ്ങളുടെ കാര്യത്തിൽ ടീമുകൾ തീരുമാനമെടുക്കേണ്ടതുണ്ട്.