ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയില്‍ പാക് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ സമ്പൂര്‍ണ ആധിപത്യം നേടാതെ ഇന്ത്യ; 20ാം ഓവറില്‍ 16 റണ്‍സടിച്ചത് നേട്ടമായി; കൊളംബോയില്‍ പാക്കിസ്ഥാന് 176 റണ്‍സ് വിജയലക്ഷ്യം; സ്പിന്നനെ തുണയ്ക്കുന്ന പിച്ചില്‍ പാക് ബാറ്റര്‍മാരെ എറിഞ്ഞു വീഴ്ത്താന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍

ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയില്‍ പാക് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ സമ്പൂര്‍ണ ആധിപത്യം നേടാതെ ഇന്ത്യ

Update: 2026-02-15 15:23 GMT

കൊളംബോ: ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. തുടക്കത്തിലെ വെടിക്കെട്ട് ബാറ്റിംഗില്‍ ഇന്ത്യ 200 റണ്‍സ് കടക്കുമെന്ന് കരുതിയെങ്കിലും പാക് സ്പിന്നര്‍മാര്‍ അതിന് അനുവദിച്ചില്ല. 20 ഓവറില്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 40 പന്തില്‍ 77 റണ്‍സടിച്ച ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ നട്ടെല്ല്. മൂന്ന് സിക്‌സുകളും പത്ത് ഫോറുകളും ബൗണ്ടറി കടത്തിയ ഇഷാന്റെ ഇന്നിങ്‌സാണ് ഇന്ത്യയുടെ നട്ടെല്ല്. സൂര്യകുമാര്‍ യാദവ് (29 പന്തില്‍ 32), തിലക് വര്‍മ (24 പന്തില്‍ 25), ശിവം ദുബെ (17 പന്തില്‍ 27) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ആറ് സ്പിന്നര്‍മാരെയാണ് പാക്കിസ്ഥാന്‍ കളിപ്പിച്ചത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. അഭിഷേക് ശര്‍മ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ ആദ്യ ഓവറിലെ പന്തില്‍ ഷഹീന്‍ അഫ്രീദി ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. പിന്നാലെ ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചു തുടങ്ങിയതോടെ ഇന്ത്യ പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍ നേടുകയായിരുന്നു.

പവര്‍പ്ലേയിലെ ആറോവറില്‍ അഞ്ചും എറിഞ്ഞത് സ്പിന്നര്‍മാരായിരുന്നു. കൊളംബോയിലെ സ്പിന്‍ പിച്ചിന്റെ ആനുകൂല്യം തുടക്കത്തില്‍ തന്നെ മുതലാക്കാനായിരുന്നു പാക്ക് ടീമിന്റെ ശ്രമം. എന്നാല്‍ അധികം പരുക്കില്ലാതെ ഇന്ത്യ പിടിച്ചുനിന്നു. 27 പന്തുകളില്‍ നിന്നാണ് ഇഷാന്‍ 50 തികച്ചത്. സ്‌കോര്‍ 88ല്‍ നില്‍ക്കെ സയിം അയൂബിന്റെ പന്തില്‍ ഇഷാന്‍ ബോള്‍ഡായി മടങ്ങി. തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍യാദവും നിലയുറപ്പിച്ചതോടെ 11.1 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. സ്‌കോര്‍ 126ല്‍ നില്‍ക്കെ തിലകിനെയും ഹാര്‍ദിക് പാണ്ഡ്യയെയും പുറത്താക്കിയ പാക്ക് സ്പിന്നര്‍ സയിം അയൂബ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. സ്പിന്നര്‍മാരെ ഉപയോഗിച്ച് മധ്യ ഓവറുകളില്‍ പാക്കിസ്ഥാന്‍ റണ്ണൊഴുക്കു നിയന്ത്രിച്ചു. അപ്പോഴും പുറത്താകാതെനിന്ന സൂര്യകുമാര്‍ യാദവിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 17 ഓവറുകള്‍ പിന്നിടുമ്പോള്‍ 140 ആയിരുന്നു ഇന്ത്യന്‍ സ്‌കോര്‍.

സ്‌കോര്‍ 159 ല്‍ നില്‍ക്കെ പാക്കിസ്ഥാന്റെ മിസ്റ്ററി സ്പിന്നര്‍ ഉസ്മാന്‍ താരിഖിനെ സിക്‌സടിക്കാന്‍ ശ്രമിച്ച സൂര്യയ്ക്കു പിഴച്ചു.സയിം അയൂബ് ക്യാച്ചെടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റനെ മടക്കിയത്. ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ 20ാം ഓവറില്‍ ശിവം ദുബെയും റിങ്കു സിങ്ങും ചേര്‍ന്ന് 16 റണ്‍സ് അടിച്ചതോടെ ഇന്ത്യ പൊരുതാവുന്ന സ്‌കോറിലേക്കെത്തി. ഈ ഓവറിലെ അവസാന രണ്ടു പന്തുകളില്‍ ശിവം ദുബെയും അക്ഷര്‍ പട്ടേലും പുറത്തായി. നാലു പന്തില്‍ 11 റണ്‍സുമായി റിങ്കു സിങ് പുറത്താകാതെ നിന്നു.

രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യയിറങ്ങുന്നത്. വയറുവേദനയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അഭിഷേക് ശര്‍മ, സഞ്ജു സാംസണിന് പകരം സ്‌ക്വാഡില്‍ തിരിച്ചെത്തി. സ്പിന്‍ കരുത്ത് വര്‍ധിപ്പിക്കുക ഉദ്ദേശിച്ച് കുല്‍ദീപ് യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തി. അര്‍ഷ്ദീപിന് പകരമാണ് കുല്‍ദീപെത്തിയത്. ജസ്പ്രീത് ബുംറയ്ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും പേസ് ബൗളിങ് ചുമതലകള്‍ വഹിക്കും.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാക് താരങ്ങള്‍ക്ക് കൈക്കൊടുക്കേണ്ടെന്ന നിലപാടുതന്നെ ഇന്ത്യ ഈ മത്സരത്തിലും കൈക്കൊണ്ടു. നായകരായ സൂര്യകുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും പരസ്പരം ഹസ്തദാനം നടത്തിയില്ല. കളിക്കളത്തില്‍ താരങ്ങള്‍ പുലര്‍ത്തുന്ന അതേ കര്‍ക്കശമായ നിലപാട് ഗാലറിയിലെ വിവിഐപി എന്‍ക്ലോസറുകളിലും പ്രകടമാണ്. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍, രാജീവ് ശുക്ല എന്നിവര്‍ സ്റ്റേഡിയത്തിലുണ്ടെങ്കിലും പാക് ക്രിക്കറ്റ് ബോര്‍ഡ് മേധാവി മുഹ്‌സിന്‍ നഖ്വിയും സല്‍മാന്‍ നസീറും ഇരിക്കുന്ന എന്‍ക്ലോസറില്‍നിന്ന് മാറി മറ്റൊരു വിവിഐപി ബോക്‌സിലാണ് ഇവര്‍ ഇരിക്കുന്നത്. നയതന്ത്രപരമായ ഈ അകലം ഗാലറിയിലും പ്രകടമായി.

Tags:    

Similar News