താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് കൈവിട്ടു; ഹോം ഗ്രൗണ്ടില്‍ ഇഷാന്‍ കിഷന്റെ 'പ്രതികാരം'; 23 പന്തില്‍ അഞ്ച് ഫോറും ഒമ്പത് സിക്‌സുമായി 77 റണ്‍സ്; ജാര്‍ഖണ്ഡിന് അതിവേഗ ജയം

മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ ഇഷാന്റെ ബാറ്റിംഗ് വെടിക്കെട്ട്

Update: 2024-11-30 11:08 GMT

മുംബൈ: ഐപിഎല്‍ താരലേലത്തില്‍ 'കൈവിട്ട' മുംബൈ ഇന്ത്യന്‍സിന്റെ തട്ടകത്തിലെത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്റെ 'പ്രതികാരം'. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ അരുണാചല്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ട ഇഷാന്‍ 23 പന്തില്‍ അഞ്ച് ഫോറും ഒമ്പത് സിക്‌സും പറത്തിയാണ് ജാര്‍ഖണ്ഡിനെ ജയത്തിലെത്തിച്ചത്.

ജാര്‍ഖണ്ഡ് താരമായ ഇഷാന്‍ കിഷന്‍ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് റെക്കോര്‍ഡ് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. ഐപിഎല്‍ താരലേലത്തില്‍ ഇഷാനെ വാങ്ങാന്‍ മുംബൈ ഇന്ത്യന്‍സ് തയാറായിരുന്നില്ല. ഇഷാനുവേണ്ടി 3.40 കോടി വരെ വിളിച്ച ശേഷം മുംബൈ പിന്‍വാങ്ങുകയായിരുന്നു. 11.25 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഇഷാന്‍ കിഷനെ സ്വന്തമാക്കിയത്. താരത്തിനായി റൈറ്റ് ടു മാച്ച് സൗകര്യം മുംബൈയ്ക്ക് ഉപയോഗിക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും അതും ചെയ്തില്ല.

ഇതിന് പിന്നാലെയാണ് യുവതാരം മിന്നുന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെ 93 റണ്‍സിനു പുറത്താക്കിയ ജാര്‍ഖണ്ഡ്, 4.3 ഓവറിലാണു വിക്കറ്റു പോകാതെ വിജയലക്ഷ്യത്തിലെത്തിയത്. വിരാട് സിങ് നയിക്കുന്ന ജാര്‍ഖണ്ഡ് നാലു മത്സരങ്ങളില്‍ മൂന്നും വിജയിച്ചു. 23 പന്തില്‍ അഞ്ച് ഫോറും ഒമ്പത് സിക്‌സും പറത്തിയ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍ 334.78 സ്‌ട്രൈക്ക് റേറ്റില്‍ 77 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സഹ ഓപ്പണറായ ഉത്കര്‍ഷ് സിംഗ് ആറ് പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു.

ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച റണ്‍റേറ്റാണ് (20.88) ജാര്‍ഖണ്ഡ് അരുണാചലിനെതിരെ പടുത്തുയര്‍ത്തിയത്. 2021 ല്‍ സെര്‍ബിയയ്‌ക്കെതിരെ റുമാനിയ ഉയര്‍ത്തിയ 20.47 എന്ന റണ്‍റേറ്റിനെ ജാര്‍ഖണ്ഡ് മറികടന്നു. 4.3 ഓവറില്‍ 20.88 റണ്‍റേറ്റില്‍ വിജയലക്ഷ്യം അടിച്ചെടുത്തതോടെ ടി20 ക്രിക്കറ്റില്‍ കുറഞ്ഞത് ഒരോവറെങ്കിലും നടന്ന മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റാണിത്. 2021ല്‍ സെര്‍ബിയക്കെതിരെ റുമാനിയ 20.47 റണ്‍റേറ്റില്‍ വിജയം നേടിയതിന്റെ റെക്കോര്‍ഡാണ് ജാര്‍ഖണ്ഡ് ഇന്നലെ മറികടന്നത്. അന്ന് റുമാനിയ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം സെര്‍ബിയ 5.4 ഓവറിലാണ് മറികടന്നത്.

23 പന്തുകള്‍ മാത്രം നേരിട്ട ഇഷാന്‍ കിഷന്‍ 77 റണ്‍സാണ് അരുണാചലിനെതിരെ അടിച്ചെടുത്തത്. ഒന്‍പതു സിക്‌സുകളും അഞ്ച് ഫോറുകളും ഇഷാന്‍ മുംബൈയില്‍ അടിച്ചുപറത്തി. അരുണാചലിനെതിരെ 334.78 സ്‌ട്രൈക്ക്‌റേറ്റിലായിരുന്നു ഇഷാന്റെ ബാറ്റിങ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 20 പന്തുകളില്‍ കൂടുതല്‍ ബാറ്റു ചെയ്തവരില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റാണിത്.

അന്‍മോല്‍പ്രീത് സിങ്ങിന്റെ റെക്കോര്‍ഡാണ് (334.61) ഇഷാന്‍ പഴങ്കഥയാക്കിയത്. സ്‌ട്രൈക്ക് റേറ്റില്‍ ട്വന്റി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച രണ്ടാമത്തെ പ്രകടനമാണിത്. 2014 ഐപിഎല്‍ ക്വാളിഫയറില്‍ സുരേഷ് റെയ്‌ന 348 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി സുരേഷ് റെയ്‌ന 25 പന്തില്‍ 87 റണ്‍സടിച്ചതാണ്(348 സ്‌ട്രൈക്ക് റേറ്റ്) ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ്.

Tags:    

Similar News