ലോകകപ്പിൽ ടീമുകൾ 300ലധികം റൺസ് നേടിയാൽ അത്ഭുതപ്പെടേണ്ടതില്ല; ഇന്ത്യൻ പിച്ചുകൾ ബാറ്റർമാരുടെ പറുദീസ; ബൗളർമാരെ ധൈര്യപൂർവ്വം നേരിട്ടാൽ അത് സംഭവിക്കുമെന്നും ഹാരി ബ്രൂക്ക്
മുംബൈ: ഈ വർഷത്തെ ടി20 ലോകകപ്പിൽ 300-ൽ അധികം റൺസ് നേടുന്ന ടീമുകളുണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്. ടൂർണമെന്റിന് മുന്നോടിയായി നടന്ന ക്യാപ്റ്റൻമാരുടെ മുഖാമുഖത്തിലാണ് ബ്രൂക്ക് തന്റെ നിരീക്ഷണം പങ്കുവെച്ചത്. ഇന്ത്യയിലെ പിച്ചുകൾ ഇത്തരത്തിലുള്ള ഉയർന്ന സ്കോറുകൾക്ക് സഹായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ 300-നു മുകളിൽ സ്കോർ ചെയ്യാൻ കഴിയുന്ന നിരവധി ഗ്രൗണ്ടുകളുണ്ടെന്ന് ബ്രൂക്ക് വ്യക്തമാക്കി.
മനോഹരമായ വിക്കറ്റുകളും വേഗമുള്ള ഔട്ട്ഫീൽഡുകളും ചെറിയ ഗ്രൗണ്ടുകളും ബൗണ്ടറികൾ നേടാൻ ബാറ്റർമാരെ പ്രോത്സാഹിപ്പിക്കും. പുറത്താകുന്നതിനെക്കുറിച്ച് ചിന്തിക്കാതെ ബൗളർമാരെ ധൈര്യപൂർവ്വം നേരിടാൻ സാധിച്ചാൽ ഇത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ടി20യിൽ 300-ൽ അധികം സ്കോർ നേടിയ രണ്ട് ടീമുകളിൽ ഒന്നാണ് ഇംഗ്ലണ്ട്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവർ 304 റൺസ് നേടിയിരുന്നു.
ടി20 ക്രിക്കറ്റിലെ നിലവിലെ ഏറ്റവും ഉയർന്ന ടീം സ്കോർ സിംബാബ്‌വെയുടെ പേരിലാണ്. 2024-ൽ ഗാംബിയയ്‌ക്കെതിരെ അവർ 344 റൺസ് അടിച്ചുകൂട്ടി. ഗ്രൂപ്പ് സിയിൽ ഇറ്റലി, നേപ്പാൾ, സ്കോട്ട്ലൻഡ്, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കൊപ്പമാണ് ഇംഗ്ലണ്ട് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. നേപ്പാളുമായാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം, ഈ മാസം എട്ടാം തീയതിയാണ് ആ പോരാട്ടം.