ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ എറിഞ്ഞത് 151.2 ഓവറുകള്‍; മെല്‍ബണ്‍ ടെസ്റ്റില്‍ മാത്രം 53.2 ഓവറുകള്‍; ബുമ്ര ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുമോ? കരിമ്പിന്‍ ചണ്ടി പോലെ പിഴിഞ്ഞെടുത്തില്ലേയെന്ന് ഹര്‍ഭജന്‍; ടീം സിലക്ഷനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

ബുമ്രയെ കരിമ്പിന്‍ ചണ്ടി പോലെ പിഴിഞ്ഞെടുത്തില്ലേയെന്ന് ഹര്‍ഭജന്‍

Update: 2025-01-07 10:33 GMT

മുംബൈ: ഓസ്ട്രേലിയയ്‌ക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിനിടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനാകുമോ? ഇംഗ്ലണ്ടിനെതിരായ ഏകദിന ട്വന്റി 20 പരമ്പരകള്‍ ബുമ്രയ്ക്ക് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ചാമ്പ്യന്‍സ് ട്രോഫിയിലും താരം കളിക്കുന്ന കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടില്ല. ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പരിക്കിനെ സംബന്ധിച്ച് ആശങ്കയുണ്ട്. എന്‍സിഎ മെഡിക്കല്‍ അനുമതി നല്‍കിയാല്‍ മാത്രമെ ബുമ്രയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടംനേടാനാകു.

സിഡ്‌നി ടെസ്റ്റിനിടെ നടുവേദന അനുഭവപ്പെട്ടതോടെ വൈദ്യചികിത്സയ്ക്കായി രണ്ടാം ദിവസം ഫീല്‍ഡ് വിട്ടപ്പോള്‍ ഒരു ചെറിയ പരിക്കെന്നായിരുന്നു പ്രതികരണം. എന്നാല്‍ പരിക്ക് സാരമുള്ളതെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 19 മുതല്‍ ആരംഭിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷ.

ജസ്പ്രീത് ബുമ്രയുടെ പരിക്ക് നിര്‍ണായക ടൂര്‍ണമെന്റുകള്‍ നഷ്ടമായത് ഇന്ത്യ നേരത്തെ അനുഭവിച്ചിട്ടുണ്ട്, അത് വീണ്ടും സംഭവിക്കാന്‍ സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്നില്ല. പരിക്കില്‍ ചികിത്സ നേടുന്നുണ്ടെങ്കിലും ബുമ്ര ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ജസ്പ്രീത് ബുമ്രയ്ക്ക് നേരിടേണ്ടി വന്ന ജോലിഭാരമാണ് പരിക്കിന് ഇടയാക്കിയതെന്ന ആക്ഷേപം നിലനില്‍ക്കെ കടുത്ത വിമര്‍ശനവുമായി മുന്‍ താരങ്ങളടക്കം രംഗത്ത് വന്നുകഴിഞ്ഞു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ 151.2 ഓവറുകള്‍ ബൗള്‍ ചെയ്ത ബുമ്ര മെല്‍ബണ്‍ ടെസ്റ്റില്‍ മാത്രം 53.2 ഓവറുകള്‍ എറിയേണ്ടി വന്നിരുന്നു. ബുമ്രയ്ക്ക് അമിത ജോലിഭാരം നല്‍കി പരുക്കിനു വിട്ടുകൊടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച ഹര്‍ഭജന്‍ സിങ് ടെസ്റ്റിനുള്ള ടീം സിലക്ഷനില്‍ അപാകതയുണ്ടെന്ന് തുറന്നിടിച്ചു.

ബുമ്രയെക്കൊണ്ട് അമിതമായി പന്തെറിയിച്ച് അദ്ദേഹത്തെ കരിമ്പിന്‍ ചണ്ടി പോലെയാക്കിയെന്ന് ഹര്‍ഭജന്‍ വിമര്‍ശിച്ചു. ഓസീസ് ബാറ്റിങ് നിരയിലെ ഏതു പ്രധാനപ്പെട്ട താരം ബാറ്റിങ്ങിനു വന്നാലും ഉടന്‍ ബുമ്രയെക്കൊണ്ട് പന്തെറിയിക്കുന്നതായിരുന്നു രീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിഡ്‌നിയിലെ പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമാണെന്ന് വ്യക്തമായിട്ടും രണ്ടു സ്പിന്നര്‍മാരെ കളിപ്പിക്കാനെടുത്ത തീരുമാനത്തെയും ഹര്‍ഭജന്‍ വിമര്‍ശിച്ചു.

അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയിലാകെ 150 ലേറെ ഓവറുകളാണ് ബുമ്ര ബോള്‍ ചെയ്തത്. 32 വിക്കറ്റുമായി പരമ്പരയുട താരമാവുകയും ചെയ്തു. അമിതമായി ബോള്‍ ചെയ്തതോടെ സിഡ്‌നി ടെസ്റ്റിനിടെ താരത്തിന് പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നിരുന്നു. ടെസ്റ്റിന്റെ നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ബോള്‍ ചെയ്യാന്‍ കഴിഞ്ഞതുമില്ല.

''കഴിഞ്ഞ ദിവസം സമാപിച്ച ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍, ജസ്പ്രീത് ബുമ്രയെ കരിമ്പില്‍നിന്ന് നീര് ഊറ്റിയെടുത്ത് ബാക്കിയാകുന്ന ചണ്ടിയുടെ പരുവത്തിലാക്കിയില്ലേ? 'ട്രാവിസ് ഹെഡ് ബാറ്റു ചെയ്യാന്‍ വന്നിരിക്കുന്നു, പന്ത് ബുമ്രയ്ക്കു കൊടുക്കൂ; സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്, പന്ത് ബുമ്രയ്ക്കു കൊടുക്കൂ' എന്ന തരത്തിലാണ് അദ്ദേഹത്തെ ഉപയോഗിച്ചത്.''

''ബുമ്രയ്ക്ക് പരമാവധി എത്ര ഓവര്‍ ബോള്‍ ചെയ്യാന്‍ സാധിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? അദ്ദേഹത്തെക്കൊണ്ട് തുടര്‍ച്ചയായി എറിയിച്ചെറിയിച്ച്, ഒടുവില്‍ ബോള്‍ ചെയ്യാന്‍ സാധിക്കാത്ത പരുവത്തിലാക്കി. സിഡ്‌നി ടെസ്റ്റില്‍ ഓസീസ് ജയിച്ചാല്‍പ്പോലും ബുമ്ര കൂടി ഉണ്ടായിരുന്നെങ്കില്‍ എട്ടു വിക്കറ്റെങ്കിലും ഇന്ത്യ വീഴ്ത്തുമായിരുന്നു. അവര്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കാനും നമുക്കു കഴിയുമായിരുന്നു.''

''ബുമ്രയെ പുറംവേദനയ്ക്ക് വിട്ടുകൊടുത്തത് ടീം മാനേജ്‌മെന്റാണ്. അദ്ദേഹത്തെക്കൊണ്ട് പരമാവധി എത്ര ഓവര്‍ എറിയിക്കാമെന്ന് അവര്‍ മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടാകില്ലേ? അഞ്ചാം ടെസ്റ്റില്‍ ടീം സിലക്ഷന്‍ പോലും പാളിപ്പോയി എന്നു പറയേണ്ടി വരും. ഇത്രയധികം പച്ചപ്പു കണ്ടിട്ടും സിഡ്‌നിയില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചത് സമ്മതിച്ചുകൊടുത്തേ പറ്റൂ.

ഇത്രയധികം മത്സരങ്ങള്‍ കളിച്ചിട്ടും, ഇത്രയധികം മത്സരങ്ങള്‍ കണ്ടിട്ടും ഈ ചെറിയ കാര്യം പോലും നമുക്കു മനസ്സിലാക്കാനാകാതെ പോയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത്തരം പിച്ചുകളില്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലേ? പിച്ച് പരിശോധിക്കാന്‍ പോയി ആള്‍ അവിടെപ്പോയിരുന്ന് എന്തു ചെയ്യുകയായിരുന്നുവെന്നും മനസ്സിലാകുന്നില്ല.''

''ആ പിച്ചില്‍ രണ്ടു സ്പിന്നര്‍മാരെ കളിപ്പിച്ചിട്ട് എന്തു സംഭവിച്ചു? സ്പിന്നര്‍മാര്‍ വളരെ കുറച്ച് ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. ആകെ ഗുണം ബാറ്റിങ് ലൈനപ്പിന് നീളം കൂടുമെന്നതു മാത്രമാണ്. അത് ശരിയായ സമീപനമല്ല. ഇത് ട്വന്റി20 ക്രിക്കറ്റല്ല എന്നത് മറക്കരുത്' ഹര്‍ഭജന്‍ പറഞ്ഞു.

Tags:    

Similar News