കെസിഎ പാലക്കാട് സ്‌പോര്‍ട്‌സ് ഹബ് നിര്‍മാണോദ്ഘാടനം ഫെബ്രുവരി 27-ന് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും
കെസിഎ പാലക്കാട് സ്‌പോര്‍ട്‌സ് ഹബ് നിര്‍മാണോദ്ഘാടനം ഫെബ്രുവരി 27-ന് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും
പാലക്കാട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ അത്യാധുനിക നിലവാരത്തിലുള്ള പാലക്കാട് സ്‌പോര്‍ട്‌സ് ഹബ്ബിന്റെ നിര്‍മാണോദ്ഘാടനം ഫെബ്രുവരി 27-ന് നടക്കും. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള അകത്തേത്തറ ശ്രീ ചാത്തന്‍കുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കര്‍ ഭൂമിയിലാണ് പാലക്കാടിന്റെ കായികമുഖച്ഛായ മാറ്റുന്ന സ്‌പോര്‍ട്‌സ് ഹബ് ഒരുങ്ങുന്നത്. അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിങ് കോളജിന് പിന്നിലുള്ള നിര്‍ദ്ദിഷ്ട സ്‌പോര്‍ട്‌സ് ഹബ് ഏരിയയില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി വി.എന്‍. വാസവന്‍ മുഖ്യാതിഥിയാകും. കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി, എ. പ്രഭാകരന്‍ എം.എല്‍.എ, പാലക്കാട് നഗരസഭാ അധ്യക്ഷന്‍ പി. സ്മിതേഷ്, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു, വുമണ്‍സ് പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ ജയേഷ് ജോര്‍ജ്, കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബൃഹദ് കായിക പദ്ധതിയില്‍ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്‌ലഡ് ലൈറ്റ് സൗകര്യം, ക്ലബ് ഹൗസ്, നീന്തല്‍ക്കുളം, ബാസ്‌കറ്റ് ബോള്‍ - ഫുട്ബോള്‍ മൈതാനങ്ങള്‍ എന്നിവയുള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ലീസ് എഗ്രിമെന്റ് അടിസ്ഥാനത്തില്‍ 33 വര്‍ഷത്തേക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭൂമി ഏറ്റെടുക്കുന്നത്. ഇതുവഴി ക്ഷേത്രത്തിന് വാര്‍ഷിക വരുമാനമായി 21,35,000 രൂപ ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നല്‍കും. സ്‌പോര്‍ട്‌സ് ഹബ്ബ് യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശവാസികള്‍ക്ക് തൊഴില്‍ മേഖലയില്‍ മുന്‍ഗണന നല്‍കാനും വ്യവസ്ഥയുണ്ട്. ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്‌പോര്‍ട്‌സ് ഹബ് നിര്‍മിക്കുക.
2018-ല്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ കോവിഡിനെ തുടര്‍ന്ന് വൈകുകയായിരുന്നു. മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ട് 1951 പ്രകാരമുള്ള നിയമനടപടികള്‍ മലബാര്‍ ദേവസ്വവും അമ്പലം ട്രസ്റ്റും നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഗ്രൗണ്ട്, പവലിയന്‍, സ്പ്രിംഗ്ളര്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടുന്ന ആദ്യഘട്ട നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായര്‍ പറഞ്ഞു. രണ്ടാം ഘട്ടം 2027 ഏപ്രിലോടെ പൂര്‍ത്തിയാക്കും. ജില്ലയിലെ കായിക മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടം നല്‍കുന്ന പദ്ധതി എല്ലാ കായിക ഇനങ്ങളെയും ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിലൂടെ പാലക്കാടിന്റെ കായിക ഭൂപടത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സ്‌പോര്‍ട്‌സ് ഹബ് കേരളത്തിന്റെ കായിക പശ്ചാത്തല സൗകര്യ വികസനത്തില്‍ നാഴികക്കല്ലാകുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാര്‍ പറഞ്ഞു. ജില്ലയിലെ ഗ്രാമീണ മേഖലയിലുള്ള പ്രതിഭകള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വരും തലമുറയിലെ മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുവാനും ഈ സംരംഭം വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ പാലക്കാട് ഡിസിഎയുടെ മുന്‍ ഭാരവാഹികളെയും ക്ഷേത്ര ഭാരവാഹികളെയും കെസിഎ ഭാരവാഹികള്‍ ആദരിക്കും. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ബിന്ദു, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി. ബിജു, മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ ദണ്ഡമാണി മാസ്റ്റര്‍,മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റഡ് കമ്മീഷണര്‍ വേണു?ഗോപാലന്‍.ആര്‍,പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി. ശോഭന, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം മലര്‍കൊടി രാജന്‍, അകത്തേത്തറ ഗ്രാമപഞ്ചായത്ത് അംഗം കെ. കോമള ദാസന്‍, കെസിഎ ട്രഷറര്‍ ടി. അജിത്കുമാര്‍, പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. രാധാകൃഷ്ണന്‍, കെസിഎ മെമ്പര്‍ എ. സിയാബുദ്ദീന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം.ആര്‍. മുരളി, ശ്രീ ചാത്തന്‍കുളങ്ങര ക്ഷേത്രം ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ പി. നന്ദകുമാര്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മണികണ്ഠന്‍ എം എന്നിവര്‍ പങ്കെടുക്കും.
