ബുംമ്രയെ ഒരോവറിൽ തുടർച്ചയായ രണ്ട് സിക്സറുകൾക്ക് പറത്തി കരുൺ നായർ; അർധ സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിനിടെ കൂട്ടിയിടി; കരുണും ബുംമ്രയും തമ്മിൽ വാക്കുതർക്കം; വൈറലായി രോഹിത് ശർമയുടെ റിയാക്ഷൻ

Update: 2025-04-14 07:04 GMT

ഡൽഹി: ഐപിഎല്ലിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സ് 12 റൺസിനാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയത്. മത്സരം ഡൽഹി അനായാസം ജയിക്കുമെന്ന് തോന്നിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി മുംബൈ മത്സരം തിരിച്ച് പിടിക്കുകയായിരുന്നു. മത്സരത്തിനിടെ പേസര്‍ ജസ്പ്രീത് ബുമ്രയും ബാറ്റര്‍ കരുണ്‍ നായരും പരസ്പരം തർക്കിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മുംബൈ ഇന്ത്യൻസ് പേസ് ബൗളർ ജസ്പ്രീത് ബുംമ്രയെ ആറാം ഓവറിൽ കരുൺ നായർ രണ്ട് തവണ സിക്സറിന് പറത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്.

മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനമാണ് കരുൺ നായർ കാഴ്ചവെച്ചത്. അർധ സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിനിടെ ജസ്‌പ്രീത് ബുംമ്രയുമായി കരുണ്‍ നായര്‍ കൂട്ടിയിടിച്ചിരുന്നു. ഇവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കരുണുമായുള്ള കൂട്ടിയിടി ബുംറയെ ചോദിപ്പിക്കുകയായിരുന്നു. ഈ പിഴവിന് കരുണ്‍ ഉടന്‍ തന്നെ ബുംമ്രയോട് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ കരുണിന്‍റെ അര്‍ധസെഞ്ചുറി ആഘോഷത്തിനിടെ വാക്‌പോരുമായി ബുംമ്ര അരികിലെത്തി. ബുംമ്ര കരുണിനെതിരെ എന്തൊക്കെയോ പറഞ്ഞ് നടന്നകലുന്നത് വീഡിയോകളില്‍ കാണാം.

സംഭവത്തോടുള്ള ബുംറയുടെ പ്രതികരണം അതിരുകടന്നതാണെന്ന് സോഷ്യൽ മീഡിയയിലെ നിരവധി ആരാധകർ അഭിപ്രായപ്പെട്ടു. സംഭവം നടക്കുന്നതിന് മുമ്പ് ബുംറയെ കരുൺ തുടർച്ചയായി രണ്ട് സിക്സറുകൾക്ക് പറത്തിയിരുന്നു. കരുണിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ ബുംറ അസ്വസ്ഥനാണെന്ന് കമന്റേറ്റർമാർ പോലും അഭിപ്രായപ്പെട്ടു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഈ സമയത്ത് മുംബൈ താരം രോഹിത് ശര്‍മയുടെ റിയാക്ഷനും സമൂഹമാധ്യമങ്ങളിൽ തരം​ഗമായി.


മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി. 40 പന്തിൽ 89 റൺസ് നേടിയ കരുൺ നായരാണ് ഡൽഹി നിരയിൽ മികച്ച പോരാട്ടം നടത്തിയത്. സീസണിൽ തുടർച്ചയായി നാല് വിജയങ്ങൾ നേടി പരാജയം അറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിന്റെ ആ​ദ്യ തോൽവിയാണിത്.

Tags:    

Similar News