ചാമ്പ്യൻസ് ട്രോഫി: ഇന്ത്യൻ ടീമിന് തിരിച്ചടി; ജസ്പ്രീത് ബുമ്ര കളിക്കുന്ന കാര്യം സംശയത്തിൽ; ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നഷ്ടമായേക്കും; പകരം മുഹമ്മദ് സിറാജിനോ ഹര്‍ഷിത് റാണയ്‌ക്കോ അവസരം ലഭിക്കും
മുംബൈ: ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ തിരിച്ചടി. ഇന്ത്യൻ പേസ് ബൗളിംഗ് നിരയുടെ കുന്തമുനയായ ജസ്പ്രീത് ബുംറ പരിക്കിൽ നിന്നും പൂർണ മോചിതനായിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബുമ്രയുടെ കായികക്ഷമത പരിശോധിക്കാനായി ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ബുമ്ര കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.
ന്യൂസിലൻഡിലെ ഓർത്തോപെഡിക് സർജൻ ഡോ. റോവൻ ഷൗട്ടനാണ് ബുംറയെ പരിശോധിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഡോക്ടറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ചികിത്സക്കായി ബുമ്രയെ ന്യൂസിലന്‍ഡിലേക്ക് അയക്കാന്‍ ബിസിസിഐ ഒരുക്കമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചാമ്പ്യൻസ് ട്രോഫിയിൽ ബുംറ കളിക്കുമെന്നോയെന്ന കാര്യത്തിൽ ബിസിസിഐ തീരുമാനമെടുക്കുക. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച ബുംറയ്ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു.
ഫെബ്രുവരി 11 വരെ ചാമ്പ്യൻസ് ട്രോഫി ടീമിൽ മാറ്റങ്ങൾ വരുത്താൻ ടീമുകൾക്ക് അനുവാദമുണ്ട്. മുഹമ്മദ് സിറാജിനെയോ ഹര്‍ഷിത് റാണയെയോ ബാക്ക് അപ്പ് പേസറായി ചാമ്പ്യൻസ് ട്രോഫി ടീമിലുള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഹര്‍ഷിത് റാണ ടീമിൽ ഇടം നേടിയിരുന്നു. ചാമ്പ്യൻസ് ട്രോഫി ടീമിൽ മാറ്റങ്ങൾ വരുത്താനുള്ള അവസാന തീയതിക്ക് മുന്നേ നടക്കുന്ന രണ്ട് ഏകദിന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ ഹർഷിത്തിന് ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം നേടാൻ ഹര്‍ഷിത് റാണയ്ക്കാകും. ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് തുടങ്ങുന്നത്.