ഫില്‍ സാള്‍ട്ടിന്റെ അനായാസ ക്യാച്ച് കൈവിട്ടപ്പോള്‍ അപമാനിതനായി; തിരിച്ചടിക്കണമെന്ന് ഉറപ്പിച്ചിരുന്നു; ബെംഗളൂരുവിനെതിരായ തകര്‍പ്പന്‍ ഇന്നിംഗ്‌സിനെ കുറിച്ച് ജോസ് ബട്‌ലര്‍

Update: 2025-04-03 11:46 GMT

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിലെ വിജയശില്‍പിയായി മാറിയത് ജോസ് ബട്ട്‌ലറായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ അനായാസ ക്യാച്ച് കൈവിട്ടപ്പോള്‍ താന്‍ അപമാനിതനായതുപോലെ തോന്നിയെന്ന് ഗുജറാത്ത് ടൈറ്റന്‍സ് താരം പറഞ്ഞു. ബാറ്റിംഗിനിറങ്ങുമ്പോള്‍ അതിന് തിരിച്ചടി നല്‍കണമെന്ന് അപ്പോഴേ തീരുമാനിച്ചിരുന്നുവെന്നും ബട്‌ലര്‍ മത്സരശേഷം പറഞ്ഞു. ആര്‍സിബിക്കെതിരെ 39 പന്തില്‍ 73 റണ്‍സടിച്ച ബട്‌ലറായിരുന്നു ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

ഫില്‍ സാള്‍ട്ട് അപകടകാരിയായ ബാറ്ററാണ്. അതുകൊണ്ട് തന്നെ മുഹമ്മദ് സിറാജിന്റെ ആദ്യ ഓവറില്‍ അത്രയ്ക്കും അനാസായമായ ആ ക്യാച്ച് നിലത്തിട്ടപ്പോള്‍ ഞാന്‍ സ്വയം അപമാനിതനായി തോന്നി. സാള്‍ട്ടിന്റെ് ക്യാച്ച് എന്റെ ഗ്ലൗസില്‍ തട്ടി നേരെ നെഞ്ചിലാണ് കൊണ്ടത്. ആ സമയം ഹെര്‍ഷെല്‍ ഗിബ്സ് സ്റ്റീവ് വോയുടെ ക്യാച്ച് പൂര്‍ത്തിയാക്കും മുമ്പ് ആഘോഷിച്ചതുപോലെ ആഘോഷിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. പക്ഷേ അതെനിക്ക് കൈയിലൊതുക്കാനായില്ല. അതിന് ഞാന്‍ സിറാജിനോട് ക്ഷമ ചോദിച്ചിരുന്നു. ആ ക്യാച്ച് കൈവിട്ടപ്പോഴെ ബാറ്റിംഗിനിറങ്ങുമ്പോള്‍ അതിന് തിരിച്ചടി നല്‍കകണമെന്ന് മനസിലുറപ്പിച്ചിരുന്നു.കഴിഞ്ഞ കുറച്ചുകാലമായി മോശം ഫോമിലൂടെയാണ് ഞാന്‍ കടന്നുപോയിരുന്നത്. അതുകൊണ്ട് തന്നെ വീണ്ടും ഫോമിലായത് ആസ്വിദിക്കുന്നുവെന്നും ജോസ് ബട്‌ലര്‍ പറഞ്ഞു.

നേരത്തെ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ ആര്‍സിബിക്ക് മുന്നില്‍ ഗുജറാത്ത് പേസര്‍മാര്‍ മികച്ച ബോളിങ് കാഴ്ച വെച്ചപ്പോള്‍ ബെംഗളൂരുവിന്റെ ആദ്യ ബാറ്റിങ് സ്‌കോര്‍ 169 ലൊതുങ്ങി. ആര്‍സിബിക്ക് വേണ്ടി ലിയാം ലിവിങ്സ്റ്റണ്‍ അര്‍ധ സെഞ്ച്വറി നേടി. താരം അഞ്ചുസിക്സറുകളും ഒരു ഫോറും അടക്കം 54 റണ്‍സെടുത്തു. ജിതേഷ് ശര്‍മ 33 റണ്‍സും ടിം ഡേവിഡ് 31 റണ്‍സും നേടി. ഈ മൂന്ന് ഇന്നിങ്‌സാണ് ആര്‍സിബിക്ക് തുണയായത്.

ഗുജറാത്തിന് വേണ്ടി മുഹമ്മദ് സിറാജ് മിന്നും പ്രകടനം നടത്തി. നാലോവര്‍ എറിഞ്ഞ താരം 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. സ്പിന്നര്‍ സായ് കിഷോര്‍ രണ്ടും അര്‍ഷാദ് ഖാന്‍, ഇഷാന്ത് ശര്‍മ, പ്രസീദ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Tags:    

Similar News