കേരള ക്രിക്കറ്റ് ലീഗ്; ആവേശപ്പോരിൽ കന്നി കിരീടം കൊല്ലം ഏരീസ് സെയ്‌ലേഴ്‌സിന്; വെടിക്കെട്ട് സെഞ്ചുറിയുമായി സച്ചിൻ ബേബി

Update: 2024-09-19 07:31 GMT

തിരുവനന്തപുരം: കേരളം ക്രിക്കറ്റ് ലീഗിന്റെ കന്നി സീസണിൽ ജേതാക്കളായി സച്ചിൻ ബേബി നയിച്ച കൊല്ലം ഏരീസ് സെയ്‌ലേഴ്‌സ്. ഇരു ടീമുകളും 200 റൺസിലേറെ സ്കോർ ചെയ്ത മത്സരത്തിൽ അവസാന ഓവർ ആവേശം നീണ്ടു നിന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിൽ 213 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം ഏരീസ് സെയ്‌ലേഴ്‌സ് 5 പന്തുകളും 6 വിക്കറ്റുകളും ബാക്കിയിരിക്കേ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ സച്ചിന്‍ ബേബിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഏരീസ് കൊല്ലത്തിനു വിജയം സമ്മാനിച്ചത്.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സെഞ്ചുറി മികവോടെ മുന്നില്‍നിന്ന് നയിച്ചതാണ് കൊല്ലം സെയ്‌ലേഴ്‌സിന് കാര്യങ്ങള്‍ വിജയം നേടി കൊടുത്തത്. ഏഴ് സിക്‌സും എട്ട് ഫോറും ഉൾപ്പെടെ പുറത്താവാതെ സച്ചിന്‍ നേടിയത് 54 പന്തില്‍ 105 റണ്‍സാണ്. ഓപ്പണര്‍മാരായ അഭിഷേക് നായരും (25) അരുണ്‍ പൗലോസും (13) പുറത്തായശേഷം ക്രീസിലൊന്നിച്ച വത്സല്‍ ഗോവിന്ദും സച്ചിന്‍ ബേബിയും ചേർന്ന് കാലിക്കറ്റിന്റെ വിജയ പ്രതീക്ഷകളെ തകർത്തു. മൂന്നാംവിക്കറ്റില്‍ ചേര്‍ന്ന് 114 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വത്സല്‍ ഗോവിന്ദ് 27 പന്തില്‍ 45 റണ്‍സ് നേടി. ശറഫുദ്ദീന്‍ എന്‍.എം. (2), രാഹുല്‍ ശര്‍മ (15*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. കാലിക്കറ്റിനായി അഖില്‍ ദേവ് രണ്ടും നിഖില്‍ എം, അഖില്‍ സ്‌കറിയ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍, വിക്കറ്റ് കീപ്പര്‍ എം. അജിനാസ്, അഖില്‍ സ്‌കറിയ എന്നിവരുടെ അര്‍ധസെഞ്ചുറിപ്രകടനത്തിന്റെ ബലത്തിലാണ് കാലിക്കറ്റ് കൂറ്റൻ സ്‌കോര്‍ നേടിയത്.

56 റണ്‍സ് നേടിയ അജിനാസാണ് ഗ്ലാബ്‌സ്റ്റാര്‍സിന്റെ ടോപ് സ്‌കോറര്‍. 24 പന്തില്‍ നാല് സിക്‌സും അഞ്ച് ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു അജിനാസിന്റെ ഇന്നിംഗ്സ്. 26 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും സഹിതം രോഹന്‍ കുന്നുമ്മല്‍ 51 റണ്‍സ് നേടിയപ്പോള്‍, 30 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് അഖില്‍ സ്‌കറിയ നേടിയത്.

കൊല്ലം സെയ്‌ലേഴ്‌സിനായി അമല്‍ എ.ജി, സുധേഷന്‍ മിഥുന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പവന്‍ രാജ്, ബാസില്‍ എന്‍.പി. എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബാസില്‍ മൂന്നോവറില്‍ 48 റണ്‍സാണ് വഴങ്ങിയത്. ആദ്യ പത്തോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് നേടിയ കാലിക്കറ്റ്, ശേഷിച്ച പത്തോവറില്‍ 121 റണ്‍സാണ് നേടിയത്.

18-ാം ഓവറിലെ അവസാന പന്തില്‍ സിക്‌സ് അടിച്ചായിരുന്നു സച്ചിന്‍ ബേബിയുടെ സെഞ്ചുറി നേട്ടം. 12 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറിയും നാല് അർധസെഞ്ചുറിയും ഉൾപ്പെടെ 528 റൺസ് നേടിയ സച്ചിൻ ബേബി കേരള ക്രിക്കറ്റ് ലീഗിൻ്റെ ആദ്യ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പും കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ അഖിൽ സ്കറിയ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതിനുള്ള പർപ്പിൾ ക്യാപ്പും സ്വന്തമാക്കി. തൃശൂർ ടൈറ്റൻസിന്റെ ഇമാൻ അഹമ്മദ് എമെർജിങ്‌ പ്ലയെർ അവാർഡ് നേടിയപ്പോൾ 19 വിക്കറ്റെടുത്ത കൊല്ലത്തിന്റെ ഷെറഫുദ്ദീന്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു.

Tags:    

Similar News