കേരളാ ക്രിക്കറ്റ് ലീഗില്‍ പുതിയ രാജാക്കന്‍മാര്‍! കിരീടത്തില്‍ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്; കിരീടം നിലനിര്‍ത്താമെന്ന കൊല്ലം സെയ്‌ലേഴ്‌സിന്റെ മോഹം പാളി; 75 റണ്‍സ് ജയവുമായി സാലി സാംസണും സംഘവും കപ്പുയര്‍ത്തി

കേരളാ ക്രിക്കറ്റ് ലീഗില്‍ പുതിയ രാജാക്കന്‍മാര്‍!

Update: 2025-09-07 17:01 GMT

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ പുതിയ രാജാക്കന്‍മാര്‍. കേരളാ ക്രിക്കറ്റ് ലീഗ് കിരീടമുുയര്‍ത്തി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കലാശപ്പോരില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് കൊല്ലം സെയ്ലേഴ്സിനെ തോല്‍പ്പിച്ചു. 75 റണ്‍സ് ജയവുമായി കൊച്ചി കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ കപ്പുയര്‍ത്തി. കഴിഞ്ഞ സീസണിലെ വിജയികളായിരുന്നു കൊല്ലം. ഫൈനലില്‍ കൊച്ചി ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം 106 റണ്‍സിന് പുറത്തായി.

കൊച്ചി ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്ലം തുടക്കത്തില്‍ തന്നെ പതറി. വിക്കറ്റുകള്‍ വീഴ്ത്തി കൊച്ചി ആദ്യ ഓവറുകളില്‍ തന്നെ മിന്നിച്ചു. ആദ്യം ഭരത് സൂര്യയുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ആറുറണ്‍സെടുത്ത താരത്തെ സാലി സാംസണ്‍ പുറത്താക്കി. പിന്നാലെ അഭിഷേക് നായര്‍(13)പുറത്തായി. വത്സല്‍ ഗോവിന്ദ്(10), സച്ചിന്‍ ബേബി(17) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. ഇരുവരും പുറത്തായതോടെ കൊല്ലം പ്രതിരോധത്തിലായി.

ഏഴോവറില്‍ 56-4 എന്ന നിലയിലായിരുന്നു കൊല്ലം. താരങ്ങളെ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്താന്‍ കൊച്ചി ബൗളര്‍മാര്‍ അനുവദിച്ചില്ല. വിഷ്ണു വിനോദ്(10) അഖില്‍ എം.എസ്. (2) എന്നിവരും നിരാശപ്പെടുത്തിയതോടെ കൊല്ലം 67-6 എന്ന നിലയിലേക്ക് വീണു. ആറു റണ്‍സ് മാത്രമെടുത്ത് ഷറഫുദ്ദീനും അഞ്ച് റണ്‍സെടുത്ത് രാഹുല്‍ ശര്‍മയും പുറത്തായതോടെ കൊല്ലം പരാജയം മണത്തു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ടീമിനായില്ല. ഒടുക്കം 106 റണ്‍സിന് കൊല്ലം പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണെടുത്തത്. സഞ്ജു സാംസന്‍ ഏഷ്യാകപ്പിനായി തോയതോടെ സഞ്ജുവില്ലാതെയാണ് കൊച്ചി കളത്തിലിറങ്ങിയത്. കൊച്ചിക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ വിപുല്‍ ശക്തിയെ നഷ്ടമായി. ഒരു റണ്ണെടുത്ത താരത്തെ പവന്‍ രാജ് പുറത്താക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വിനൂപ് മനോഹരനും നായകന്‍ സാലി സാംസണും സ്‌കോറുയര്‍ത്തി. വിനൂപ് തകര്‍ത്തടിച്ചതോടെ കൊച്ചി അതിവേഗം അമ്പതിലെത്തി. ഒരു വശത്ത് സാലി സാംസണെ നിര്‍ത്തി വിനൂപ് ഒറ്റയ്ക്കാണ് പോരാടിയത്. 20 പന്തില്‍ വിനൂപ് അര്‍ധസെഞ്ചുറിയും തികച്ചു. അഞ്ചോവര്‍ അവസാനിക്കുമ്പോള്‍ 60-1 എന്ന നിലയിലായിരുന്നു കൊച്ചി.

വിനൂപ് പിന്നെയും തകര്‍ത്തടിച്ചതോടെ കൊച്ചി ഏഴോവറില്‍ 82-ലെത്തി. ടീം കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചുകൊണ്ടിരിക്കേ വിക്കറ്റുകള്‍ വീഴ്ത്തി കൊല്ലം മത്സരത്തിലേക്ക് തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. എട്ടാം ഓവറില്‍ വിനൂപും ഒമ്പതാം ഓവറില്‍ സാലി സാംസണും പുറത്തായി. 30 പന്തില്‍ നിന്ന് 70 റണ്‍സെടുത്താണ് വിനൂപ് മടങ്ങിയത്. സാലിയുടെ സമ്പാദ്യം എട്ട് റണ്‍സ് മാത്രമാണ്.

മുഹമ്മദ് ഷാനു(10), അജീഷ് കെ.(0). നിഖില്‍ തോട്ടത്ത് എന്നിവരും പുറത്തായതോടെ കൊച്ചി പ്രതിരോധത്തിലായി. 15 ഓവര്‍ അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലായിരുന്നു കൊച്ചി. ജോബിന്‍ ജോബി 12 റണ്‍സെടുത്തു. അവസാനഓവറുകളില്‍ ആല്‍ഫി ഫ്രാന്‍സിസ് നടത്തിയ വെടിക്കെട്ടാണ് ടീമിനെ 150-കടത്തിയത്. ആല്‍ഫി 47 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. കൊല്ലത്തിനായി പവന്‍ രാജും ഷറഫുദ്ദീനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Tags:    

Similar News