'വിദേശത്തു പോലും നമ്മള്‍ ജയിക്കാനായി കളിച്ചിരുന്ന സമയമുണ്ടായിരുന്നു; ഇപ്പോള്‍ ഇന്ത്യന്‍ ടീം നാട്ടില്‍ രക്ഷപെടാന്‍ ബുദ്ധിമുട്ടുന്നു; അനാവശ്യ മാറ്റങ്ങളുടെ ഫലം ഇങ്ങനെയാകും'; ഗംഭീറിനെ ഉന്നമിട്ട് കോലിയുടെ സഹോദരന്‍
വിദേശത്തു പോലും നമ്മള്‍ ജയിക്കാനായി കളിച്ചിരുന്ന സമയമുണ്ടായിരുന്നു
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യന്‍ ടീം പൊരുതുന്നതിനിടെ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെയും ടീം മാനേജ്‌മെന്റിനെയും വിമര്‍ശിച്ചു വിരാട് കോലിയുടെ സഹോദരന്‍ വികാസ് കോലി. അനാവശ്യമായി കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ മോശം അവസ്ഥയ്ക്കു കാരണമെന്ന് വികാസ് കോലി സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പേരെടുത്തു പറയാതെയാണ് വികാസ് കോലിയുടെ വിമര്‍ശനം. ''വിദേശത്തു പോലും നമ്മള്‍ ജയിക്കാനായി കളിച്ചിരുന്ന സമയമുണ്ടായിരുന്നു. ഇപ്പോള്‍ നമ്മള്‍ രക്ഷപെടാന്‍ വേണ്ടിയാണു ശ്രമിക്കുന്നത്. അതും ഇന്ത്യയില്‍. അനാവശ്യമായി ഒരു സംവിധാനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങനെയാണു സംഭവിക്കുക.'' വികാസ് കോലി ത്രെഡ്‌സില്‍ കുറിച്ചു.
ഗൗതം ഗംഭീര്‍ ഹെഡ് കോച്ചായി ചുമതലയേറ്റെടുത്തതിനു ശേഷം ടെസ്റ്റില്‍ ഹോം ഗ്രൗണ്ടുകളിലടക്കം ഇന്ത്യന്‍ ടീം പതറുകയാണ്. സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ച ശേഷമാണു കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയോട് 31ന് തോറ്റ ഇന്ത്യ നാട്ടില്‍ ന്യൂസീലന്‍ഡിനോട് 30നും തോറ്റു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിനു യോഗ്യത നേടാനും ഇന്ത്യയ്ക്കു സാധിച്ചിരുന്നില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ, രണ്ടാം മത്സരത്തിലും തോല്‍വിയുടെ അരികിലാണ്. ട്വന്റി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച വിരാട് കോലി ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇന്ത്യയ്ക്കായി കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കോലി കളിക്കുന്നുണ്ട്.