സച്ചിന്‍ ബേബി നിറഞ്ഞാടി; കിടിലന്‍ സെഞ്ച്വറിയുടെ മികവില്‍ പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയ്‌ലേഴ്‌സിന്; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ കൊല്ലം തോല്‍പ്പിച്ചത് ആറ് വിക്കറ്റിന്

കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ കിരീടം കൊല്ലം സെയ്‌ലേഴ്‌സിന്

Update: 2024-09-18 18:08 GMT

തിരുവനന്തപുരം: കപ്പ് കൊല്ലംകാര്‍ കൊണ്ടുപോയി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ കിരീടം കൊല്ലം സെയ്ലേഴ്സ് സ്വന്തമാക്കി. നായകന്‍ സച്ചിന്‍ ബേബിയുടെ കിടിലന്‍ സെഞ്ച്വറിയുടെ മികവിലാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറ് വിക്കറ്റിന് കൊല്ലം തോല്‍പ്പിച്ചത്

കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് കുറിച്ച 214 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ കൊല്ലം ജയിച്ചുകയറി. 54 പന്തുകള്‍ നേരിട്ട സച്ചിന്‍ ബേബി 105 റണ്‍സുമായി പുറത്താകാതെ നിന്നു. സച്ചിന്‍ ബേബിയാണ് കളിയിലെ താരം.

സ്‌കോര്‍: കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് 213-6 (20), കൊല്ലം സെയ്ലേഴ്സ് 214-4 (19.1)

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ക്യാപ്റ്റന്‍ റോഹന്‍ കുന്നുമല്‍ 51(26), അഖില്‍ സ്‌കറിയ 50(30), വിക്കറ്റ് കീപ്പര്‍ അജ്നാസ് 56(24) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സല്‍മാന്‍ നിസാര്‍ 24(17), അന്‍ഫല്‍ 13*(7) എന്നിവരും റണ്‍സ് ഉയര്‍ത്തി. കൊല്ലത്തിന് വേണ്ടി എസ്. മിഥുന്‍, അമല്‍ എ.ജി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.




മറുപടി ബാറ്റിങ് ആരംഭിച്ച കൊല്ലം സ്‌കോര്‍ 29 ല്‍ നില്‍ക്കെ അരുണ്‍ പൗലോസിനെ അഖില്‍ ദേവ് പുറത്താക്കി. ഓപ്പണര്‍ അഭിഷേക് നായര്‍ 16 പന്തില്‍ 25 റണ്‍സെടുത്തു മടങ്ങി. വത്സല്‍ ഗോവിന്ദിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നടത്തിയ രക്ഷാപ്രവര്‍ത്തനം കൊല്ലം സ്‌കോര്‍ ഉയര്‍ത്തി. 27 പന്തില്‍ 45 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദിനെ അഖില്‍ സ്‌കറിയയുടെ പന്തില്‍ രോഹന്‍ കുന്നുമ്മല്‍ ക്യാച്ചെടുത്തു പുറത്താക്കി.

പിന്നാലെയെത്തിയ ഷറഫുദ്ദീനും (രണ്ട് റണ്‍സ്) അതിവേഗം മടങ്ങിയത് കാലിക്കറ്റിനു പ്രതീക്ഷ നല്‍കിയെങ്കിലും സച്ചിന്‍ ബേബിയുടെ വെടിക്കെട്ട് ബാറ്റിങ് കൊല്ലത്തിനു രക്ഷയായി. അവസാന 12 പന്തില്‍ 15 റണ്‍സായിരുന്നു കൊല്ലത്തിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ആറു പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു കൊല്ലത്തിന് ആവശ്യം. 20ാം ഓവറിലെ ആദ്യ പന്ത് വൈഡ് പോയപ്പോള്‍, അടുത്ത പന്ത് ബൗണ്ടറി കടത്തിയ സച്ചിന്‍ ബേബി കൊല്ലത്തിനായി വിജയക്കൊടി ഉയര്‍ത്തി.


Tags:    

Similar News