'ഇന്ത്യയെ നിലത്തിട്ട് വലിച്ചിഴച്ചു, ഇത് കടുത്ത അപമാനം'; ലോകകപ്പിലെ തോൽവിക്ക് പിന്നാലെ പരിഹാസം; ടീം ഇന്ത്യയുടെ അഹങ്കാരം ദക്ഷിണാഫ്രിക്ക എറിഞ്ഞുടച്ചെന്നും മുൻ പാക് താരങ്ങൾ
കറാച്ചി: ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ ഏറ്റുവാങ്ങിയ ദയനീയ പരാജയത്തെ പരിഹസിച്ച് മുൻ പാകിസ്ഥാൻ താരങ്ങൾ. ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയെ അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്ക 'അപമാനിക്കുക'യായിരുന്നുവെന്ന് മുൻ സ്പിന്നർ സഖ്‌ലൈൻ മുഷ്താഖ് പറഞ്ഞു. പാകിസ്ഥാനിലെ ഒരു ടിവി ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ദക്ഷിണാഫ്രിക്കയുടെ എല്ലാ തന്ത്രങ്ങളും വിജയിച്ചു. അവർ ഇന്ത്യയെ അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്ന് നിലത്തിട്ട് വലിച്ചിഴച്ചു. സത്യം പറഞ്ഞാൽ ഇത് ശരിക്കുമൊരു അപമാനമാണ്. അടുത്ത കാലത്തായി ടീം ഇന്ത്യക്കുണ്ടായിരുന്ന എല്ലാ ഗർവും ദക്ഷിണാഫ്രിക്ക അഹമ്മദാബാദിൽ എറിഞ്ഞുടച്ചു"- സഖ്‌ലൈൻ മുഷ്താഖ് തുറന്നടിച്ചു. ദക്ഷിണാഫ്രിക്കയുടെ ഫീൽഡിംഗ് മികവിനെയും അദ്ദേഹം പ്രശംസിച്ചു.
സമ്മർദ്ദഘട്ടങ്ങളിൽ പതറുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ദൗർബല്യം ദക്ഷിണാഫ്രിക്ക തുറന്നുകാട്ടിയെന്ന് മുൻ പേസർ ഷൊയൈബ് അക്തർ നിരീക്ഷിച്ചു. ഹാർദിക് പാണ്ഡ്യക്കും ശിവം ദുബെക്കും സമ്മർദ്ദം അതിജീവിക്കാനായില്ല. ഹാർദിക് പാണ്ഡ്യ അവസാന ഓവർ എറിയാൻ അനുയോജ്യനായ ബൗളറല്ലെന്നും അക്തർ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ തിരഞ്ഞുപിടിച്ച് ആക്രമിച്ചത് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്ന് ഉമർ ഗുൽ പറഞ്ഞു. ഹാർദിക്കും ദുബെയും പന്തുകൊണ്ട് പരാജയപ്പെട്ടപ്പോൾ അഞ്ചാം ബൗളറുടെ കാര്യത്തിൽ ഇന്ത്യ ആശയക്കുഴപ്പത്തിലായതാണ് വലിയ സ്കോറിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റൺസടിസ്ഥാനത്തിൽ ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത് (76 റൺസ്). സെമി സാധ്യതകൾ സങ്കീർണ്ണമായ വേളയിൽ പാക് താരങ്ങളുടെ ഈ പരിഹാസം ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.