'ശ്രദ്ധ താരിക്കിൽ മാത്രമല്ല, പദ്ധതിയൊരുക്കുന്നത് പാക് പടയെ ഒന്നടങ്കം നേരിടാൻ'; സ്പിൻ കെണികളെ അതിജീവിച്ച് സെമി ഉറപ്പിക്കാൻ ഇംഗ്ലണ്ട് തയ്യാറെന്ന് ലിയാം ഡോസൺ
പല്ലെക്കലെ: ടി20 ലോകകപ്പിലെ നിർണായകമായ സൂപ്പർ 8 പോരാട്ടത്തിൽ പാകിസ്ഥാനെ നേരിടാൻ ഇംഗ്ലണ്ട് സജ്ജരാണെന്ന് ഓൾറൗണ്ടർ ലിയാം ഡോസൺ. പാകിസ്ഥാന്റെ മിസ്റ്ററി സ്പിന്നർ ഉസ്മാൻ താരിക്കിനെക്കുറിച്ചുള്ള അമിത ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഒരു താരത്തെ മാത്രമല്ല, പാക് ടീമിനെ ഒന്നടങ്കം നേരിടാനുള്ള തന്ത്രങ്ങളാണ് ഇംഗ്ലണ്ട് മെനയുന്നതെന്നും ഡോസൺ വ്യക്തമാക്കി.
തന്റെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷൻ കൊണ്ട് സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞ താരമാണ് താരിഖ്. എന്നാൽ ഷദാബ് ഖാൻ, അബ്രാർ അഹമ്മദ് ഉൾപ്പെടെയുള്ള കരുത്തുറ്റ സ്പിൻ നിരയാണ് പാകിസ്ഥാനുള്ളതെന്ന് ഇംഗ്ലണ്ട് തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലീഷ് മുൻനിര സ്പിന്നിന് മുന്നിൽ പതറിയത് ടീമിന് മുന്നിൽ ചെറിയ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ആത്മവിശ്വാസത്തിന് കുറവില്ല.
"ശ്രദ്ധ താരിക്കിൽ മാത്രമാകില്ല. അപകടകാരികളായ താരങ്ങളുള്ള മികച്ച ടീമാണ് പാകിസ്ഥാൻ. താരിഖ് ഒരു നല്ല ബൗളറാണ്, പക്ഷേ ഞങ്ങൾ മുഴുവൻ ടീമിനെയും നേരിടാനാണ് പദ്ധതിയൊരുക്കുന്നത്," ഡോസൺ പറഞ്ഞു. താരിക്കിന്റെ ആക്ഷനെച്ചൊല്ലി നേരത്തെ വിവാദങ്ങൾ ഉയർന്നിരുന്നു. ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് നെറ്റ്‌സിൽ താരിക്കിന്റെ ആക്ഷൻ അനുകരിച്ച് പരിശീലനം നടത്തിയത് വലിയ ചർച്ചയായിരുന്നു.
ശ്രീലങ്കയെ 51 റൺസിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടുന്നത്. ഡോസൺ, വിൽ ജാക്സ്, ആദിൽ റഷീദ് എന്നിവരടങ്ങിയ സ്പിൻ നിര കഴിഞ്ഞ മത്സരത്തിൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. പല്ലെക്കലെയിലെ പിച്ചിൽ ഈ വൈവിധ്യം തങ്ങൾക്ക് തുണയാകുമെന്നാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ചൊവ്വാഴ്ചത്തെ മത്സരത്തിൽ ജയിക്കാനായാൽ ഇംഗ്ലണ്ടിന് സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാം. പരിക്കേറ്റ ജേക്കബ് ബെഥേലിന്റെ കാര്യത്തിൽ ഇംഗ്ലണ്ട് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.